മലയാള സിനിമയുടെ പിതാവിനെ മറന്ന സിഗ്നേച്ചര്‍ ഫിലിം ആവിഷ്കാരം
എസ് ആർ
തിരുവനന്തപുരം: 22 മത് അന്താരാഷ്ട രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രർശിപ്പിക്കുന്ന 90 വർഷത്തെ മലയാള സിനിമയുടെ ചരിത്രം പറയുന്ന സിഗ്നേച്ചര്‍ ഫിലിമിൽ മലയാള സിനിമയുടെ പിതാവെന്ന് വാഴ്ത്തപ്പെടുന്ന ജെസി ഡാനിയലിന്റെ വിഗതകുമാരന് സ്ഥാനമില്ല. ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത സെന്റിമെന്റല്‍ സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചര്‍ ഫിലിം ആരംഭിക്കുന്നത് ബാലൻ സിനിമയുടെ പോസ്റ്ററിൽ നിന്നാണ്. ബാലന് പത്തുവർഷം മുൻപ്തു 1928 ൽ പൂർത്തിയാക്കുകയും 1930 ൽ റിലീസ് ചെയ്യുകയും ചെയ്ത മലയാളത്തിലെ ആദ്യ നിശബ്ദ സിനിമയായ വിഗതകുമാരനിലൂടെയാകണം ആരംഭിക്കേണ്ടിയിരുന്നത്. 1938 ലെ ചിത്രമായ ബാലന്റെ ആദ്യ മലയാള ചിത്രമെന്ന് തലവാചകമുള്ള പോസ്റ്ററാണ് ഒട്ടിച്ചിരിക്കുന്നത്. ബാലൻ മലയാളത്തിലെ ആദ്യ ശബ്ദചിത്രമാണെങ്കിലും ആദ്യ മലയാള സിനിമ ആകുന്നില്ല. ആ ക്രെഡിറ്റ് വിഗതകുമാരനാണ്. മലയാള സിനിമാലോകം മറന്ന ജെസി ഡാനിയേലിന്റെ ജീവിത മുഹൂർത്തങ്ങൾ സിനിമയാക്കിയ കമൽ ചെയർമാനായിരിക്കുന്ന ചലച്ചിത്ര അക്കാദമിയുടെ ശ്രദ്ധക്കുറവാണോ ഇത് എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ലക്കങ്ങളിലെ അനിമേഷന് പകരമായി ഇക്കുറി സിഗ്നേച്ചര്‍ ഫിലിം കാഥാപാത്രങ്ങളെ വച്ച് 56 സെക്കന്‍ഡിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിലെ പാട്ടും എഴുത്തും മലയാളത്തിലായത് നവമാധ്യമങ്ങൾ ആഘോഷമാക്കിയിട്ടുണ്ട്. ഒരു അന്താരാഷ്ട മേളയ്ക്ക് യോജിച്ചതല്ലെന്നാണ് കുറിപ്പുകൾ.