മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ തന്മയ സോളിനെ നടൻ വഞ്ചിയൂർ പ്രവീൺകുമാർ അഭിനന്ദിക്കുന്നു
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ തന്മയ സോളിനെ ചലച്ചിത്ര - ടിവി നടൻ വഞ്ചിയൂർ പ്രവീൺകുമാർ തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിലെ വീട്ടിൽ എത്തി അഭിനന്ദിച്ചു. പൊന്നാട ചാർത്തിയും പൂച്ചെണ്ട് നൽകിയുമാണ് കൊച്ചു മിടുക്കിയെ അഭിനന്ദിച്ചത്.ഒരു ദേശീയ പുരസ്കാരം കൂടി കേരള മണ്ണിൽ എത്തിക്കാൻ ശ്രമിക്കണമെന്നും അഭിനയത്തെ കൂടുതൽ ഗൗരവമായി കാണണമെന്നും അതിനുവേണ്ടുന്ന പ്രയത്നം നടത്തണമന്നും അദ്ദേഹം തന്മയയോട് പറഞ്ഞു. തീർച്ചയായും ശ്രമിക്കാം എന്നായിരുന്നു ബാലതാരത്തിന്റെ മറുപടി. തന്മയയുടെ കുടുംബാംഗങ്ങളും പൊതുപ്രവർത്തകൻ ചന്തവിള
സുജിത്തും സംബന്ധിച്ചു.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയിൽ അരക്ഷിതവും സംഘർഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് തന്മയയ്ക്ക് അവാർഡ്. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.