തിരുവനന്തപുരം : രാജാജി നഗറിലെ (ചെങ്കല്‍ചൂള കോളനി) തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കി ഡോ. രജിത് ഫൗണ്ടേഷന്‍ മാതൃകയായി. പലവ്യഞ്ജന കിറ്റ്, ഓണക്കോടി, പച്ചക്കറി കിറ്റ് എന്നിവ ഉള്‍പ്പെട്ടതായിരുന്നു ഓരോ കുടുംബത്തിനും നല്‍കിയത്. വ്യവസായ പ്രമുഖനായ ഡോ. എം. എ. യൂസഫലി ഡോ. രജിത്കുമാറിന് റംസാന്‍ നാളില്‍ സമ്മാനിച്ച 50,000 രൂപ സ്വന്തം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാതെ അര്‍ഹരായവര്‍ക്ക് ഓണ സമ്മാനമായി നല്‍കുകയായിരുന്നു. യൂസഫലി ഏഴു വര്‍ഷമായി രജിത്കുമാറിന് തുക സമ്മാനിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും വേണ്ടിയായിരുന്നു മുമ്പ് ലഭിച്ച തുക വിനിയോഗിച്ചത്.ഇപ്രാവശ്യം ഓണ സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
അക്ഷരദീപം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിച്ചു. നടനും കലാ,സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.രജിത്കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറിനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു . കലാപരിപാടികള്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം റ്റി. റ്റി. ഉഷ, ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ കവിതാ വിശ്വനാഥ്, രക്ഷാധികാരികളായ ഡോ. ജേക്കബ് മാത്യു ഒളശ്ശേല്‍, ഹരീഷ് കൊറ്റംപള്ളി, വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ജൂലിയാന്‍, ജോയിന്റ് സെക്രട്ടറി ശുഭ വയനാട്, ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് അനുജ അനില്‍ എന്നിവര്‍ സംസാരിച്ചു. ഓണ കലാപരിപാടികളും ഉണ്ടായിരുന്നു.