കിഴക്കേകോട്ടയിലെ കെ എസ് ആർ ടി സി ഗ്യാരേജ് മതിലിടം (രാത്രിക്കാഴ്ച )
തിരുവനന്തപുരം: നമ്മുടെ തലസ്ഥാന നഗരത്തിൽ പ്രതിമകൾ തിങ്ങിപാർക്കുകയാണ്. കവടിയാർ മുതൽ കിഴക്കേകോട്ട വരെ നിരവധി പ്രതിമകൾ കാണാം. ഇതിൽ വെള്ളയമ്പലം - മ്യുസിയം വരെയുള്ള പ്രദേശത്താണ് കൂടുതൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ രാഷ്ട്രീയക്കാരുടെ പ്രതിമകളാണ് അധികവും. നഗരത്തിന്റെ പ്രധാന സ്ഥലങ്ങൾ ഭരണ സ്വാധീന ശക്തിയിൽ തീർപ്പാക്കി സ്ഥാപിച്ചിരിക്കുന്ന പ്രതിമകളിൽ വർഷത്തിലൊരിക്കൽ കുറച്ചുപേർ ഒത്തുചേർന്ന് വിളക്ക് കത്തിയ്ക്കുകയും പൂമാലയിടുകയും ചെയ്യുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയിട്ട പൂമാലകൾ പ്രതിമയുടെ കഴുത്തിൽ നിന്നൂരണമെങ്കിൽ വീണ്ടും അടുത്ത സ്മരണ ദിനമെത്തണം. ആ ദിനത്തിനുവേണ്ടി കഴുത്തിൽ കരിഞ്ഞ പൂമാലയും ചാർത്തി നിൽക്കുന്ന നിരവധി മഹാത്മാക്കളുടെ പ്രതിമകൾ നഗരക്കാഴ്ചയിൽ കാണാം. ആ പ്രതിമകളുടെ താഴെയായി കുറച്ചു വ്യക്‌തികളുടെ പേരെഴുത്തുംകാണാം. എന്നും ഓര്മയായിരിക്കുന്ന ആ പേരെഴുത്താവണം പ്രതിമ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങാൻ ചിലരെ പ്രേരിപ്പിക്കുന്നത്. അവർ മുൻകൈ എടുത്ത് നിർമ്മിച്ച ചിലപ്രതിമൾക്ക് മുഖശ്രീ നഷ്ടപ്പെട്ടത് ഈ ഡിജിറ്റൽ യുഗത്തിലും അംഗീകരിക്കത്തക്കതല്ല.
വിവര സാങ്കേതിക വിദ്യകൾ ശക്തിപ്രാപിക്കുന്നതന് മുമ്പുള്ള കാലത്ത് ഒരോര്മപ്പെടുത്തലായി പ്രതിമകൾ സ്ഥാപിക്കപ്പെട്ടിരിക്കാം. പക്ഷെ, അത് ഇന്ന് നവമാധ്യമങ്ങളുടെ കാലത്ത് ഒഴിവാക്കപെടെണ്ടാതാണ്. കാരണം ഒരു വ്യക്തിയുടെ സംഭാവനകൾ എല്ലാം അദ്ദേഹത്തിന്റെ ഓർമകളാണ്. അത് സാമൂഹ്യ-സാംസ്കാരിക-കലാ-സാഹിത്യ-രാഷ്ട്രീയ തുടങ്ങിയ ഏതു രംഗങ്ങളിലും. അതുമാത്രമല്ല ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ആരുടെയും നേട്ടങ്ങൾ ഒരിക്കലും ആരും വിസ്മരിക്കില്ല. ഒന്നോർക്കാൻതോന്നുമ്പോൾ വിരൽത്തുമ്പിൽ ലഭ്യമാവുകയും ചെയ്യും. ഒരു ഡിജിറ്റൽ സംവിധാനത്തിനും പ്രതിരോധിക്കാൻ കഴിയാത്ത മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അപ്രായോജനമായി സ്ഥലം അപഹരിക്കുന്ന പ്രതിമകള്ക് പകരം മനുഷ്യന്റെ വളരെ പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്ന ഉപകാരപ്രദമായ ശൗചാലയങ്ങൾ സ്ഥാപിക്കുന്നതല്ലേ നല്ലത്. അങ്ങനെയാവുമ്പോൾ എവിടെയും സൗജന്യം മോഹിക്കുന്ന മലയാളികൾ ഇരുട്ടും മറയും നോക്കി പൊതു നിരത്തിൽ മൂത്രശങ്ക തീർക്കുന്നത് ഒഴിവാക്കാം.
തലസ്ഥാനത്തിന്റെ മാറിടമായ കിഴക്കേകോട്ട അതിനൊരു നല്ല ഉദാഹരണമാണ്. രാത്രിയായാൽ കിഴക്കേകോട്ടയിലെ കെ എസ് ആർ ടി സി ഗ്യാരേജ് മതിൽ അതിനു സാക്ഷിയാണ്. വെളിച്ചക്കുറവും നിർത്തിയിട്ടിരിക്കുന്ന ബസ്സുകളുടെ മറവും അതിനു നല്ല പ്രോത്സാഹകനമാണ് . സമീപത്ത് പൈസകൊടുത്ത് ഉപയോഗിക്കേണ്ടവ ഉണ്ടെങ്കിലും തരം കിട്ടിയാൽ സൗജന്യം ആഗ്രഹിക്കുന്ന ശീലം പെട്ടെന്ന് മാറില്ല. കിഴക്കേകോട്ടയിൽ ഇങ്ങനെയാണെങ്കിൽ മറ്റു സ്ഥലങ്ങളുടെകാര്യം പറയേണ്ടതില്ലല്ലോ. പ്രമേഹരോഗികൾ വർധിച്ചുവരുന്ന കാലത്ത് മൂത്രശങ്ക ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവര്ക്കും അനിയന്ത്രിതമാണ്. ഈ അവസ്ഥ പരിഹരിക്കാനും നഗരത്തെ ശുചിയായി സംരക്ഷിക്കാനും കൂടുതൽ സൗജന്യ ശൗചാലയങ്ങൾ സ്ഥാപിക്കുകയും നിയമം കർശനമാക്കുകയും വേണം. ഒപ്പം ഒരു പ്രവർത്തനവും നടക്കാത്ത കാടുപിടിച്ചുകിടക്കുന്ന സ്മാരകകെട്ടിടങ്ങളെ ഇതിനായി ഉപയോഗപ്പെടുത്താം. ..