ഡിജിപി ലോക്നാഥ് ബെഹ്‌റ സുരേഷ്കുമാറിന് പൊന്നാട ചാർത്തുന്നു. സമീപം ഡോക്ടർമാർ. മീറ്ററിൽ തെളിയുന്നതിനേക്കാളും കൂലിവാങ്ങുന്ന ഓട്ടോ ഡ്രൈവർമാർ. മീറ്റർ പ്രവർത്തിപ്പിക്കാതെ അമിതക്കൂലി ആവിശ്യപ്പെട്ട് ഒരു ദാക്ഷണ്യവുമില്ലാതെ യാത്രക്കാരുമായി തർക്കത്തിലേർപ്പെടുന്ന ഓട്ടോ ഡ്രൈവർമാർ ഇവരെല്ലാം നമ്മളെ സംബന്ധിച്ചിടത്തോളം വില്ലന്മാരാണ്. അവർ സ്വാർത്ഥ ചിന്താഗതിയുടെ അങ്ങനെ പ്രവർത്തിച്ചത് അല്ലെങ്കിൽ ഇപ്പോഴും ചെയ്യുന്നത് കൂടുതൽ പണം നേടുക എന്ന ഒരൊറ്റ ആവിശ്യം മുന്നിൽകണ്ട് മാത്രമായിരിക്കുമല്ലോ. അവിടെയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ദൈവമാമാണെന്ന് വിശേഷിപ്പിച്ച പേട്ട-പള്ളിമുക്ക് സ്റ്റാൻഡിലെ ജനമൈത്രി ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ ട്രസ്റ്റിലെ 24 ഓട്ടോ ഡ്രൈവർമാർ വ്യത്യസ്തരാകുന്നത്. നിസ്വാർത്ഥ സേവനത്തിലൂടെ കാരുണ്യത്തിന്റെയും സഹനത്തിന്റെയും സന്ദേശവാഹകരായ അവർക്ക് മറ്റെന്തു വിശേഷണമാണ് ബെഹ്‌റ സാറിനു നല്കാനാവുക. ഐ എം എയും ട്രിവാൻഡ്രം ഒൺകൊലെജി ക്ലബ്ബും സംയുക്തമായി മ്യുസിയത്തിൽ സംഘടിപ്പിച്ച ലോക ക്യാൻസർ ദിനാചരണച്ചടങ്ങിൽ ജനമൈത്രി ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ ട്രസ്റ്റിലെ അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കവെയാണ് ഡി ജി പിയുടെ വിശേഷണം.
രണ്ടു വർഷമായി നഗരത്തിലെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കിയാണ് അവർ പലരുടെയും ആദരവിനും നല്ല വാക്കുകൾക്കും പാത്രീഭൂതരാകുന്നത്. പ്രധാനമായും ആർസിസിയിലെ രോഗികളോട് കൂടുതൽ മനസ്സലിവ് കാട്ടുന്ന ഇവർ ഇന്ധനവില അടിക്കടി കൂടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസ്തുത ആശുപത്രിയിലേക്ക് നിരവധി സൗജന്യ യാത്രകൾ നടത്തുകയും അവിടുന്ന് ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ ദൂരെ വീട്ടിൽ കൊണ്ടാക്കുമ്പോൾ പോലും മീറ്റർ ചാർജിന്റെ പകുതി മാത്രം ഈടാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് 500 രൂപ മീറ്ററിൽ ആകുമ്പോൾ 250 രൂപ മാത്രം ഈടാക്കും. പെട്രോളിന് പോലും ആ തുക തികയാത്തതിനാൽ 100 രൂപ ട്രസ്റ്റിൽ നിന്ന് ആ അംഗത്തിന് കൊടുക്കും. രാവിലെ 5.30 മുതൽ രാത്രി 8.30 വരെ സ്റ്റാൻഡിൽ നിന്ന് സൗജന്യ ഓട്ടം നടത്തുന്ന അംഗങ്ങൾ രോഗിവിളിക്കുമ്പോൾ മറ്റ് ഓട്ടത്തിലാണെങ്കിൽ വേറെ ഓട്ടോ അറേഞ്ച് ചെയ്യുകയും ആ യാത്രയുടെ പണം ട്രസ്റ്റ് ഫണ്ടിൽ നിന്ന് പകരം ഓടിയ ഓട്ടോയ്ക്ക് കൊടുക്കുകയും ചെയ്യും. എന്തുവന്നാലും ഒരു രോഗിക്ക് സൗജന്യ യാത്ര ഇവർ പൂർണമായും ഉറപ്പാക്കുന്നു.
ഒരു സൗജന്യ യാത്ര പോലും വലിയ ഒച്ചയാകുമ്പോൾ ഒരു ദിവസം 22 സൗജന്യ യാത്രകൾ വരെ നടത്തിയിട്ടുള്ള ഈ ട്രസ്റ്റിന്റെ ഉദയത്തിനു പിന്നിൽ ക്യാൻസർ കവർന്നെടുത്ത സഹോദരിയുടെ സഹോദരനായ സുരേഷ് കുമാറാണ്. തന്റെ അനുജത്തി വര്ഷങ്ങളായി അനുഭവിച്ച ബ്ലഡ് ക്യാൻസറിന്റെ തീരാവേദനകൾ അടുത്തറിയുകയും നിരവധി പ്രാവിശ്യം ആർസിസിയിലേക്ക് സഹോദരിയുടെ ചികിത്സാർത്ഥം പോകേണ്ടിയും വന്ന തനിക്ക് ആ രോഗം പേറുന്നവരുടെ അവശത കൂടുതലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. 13 മതത്തെ വയസ്സിലാണ് എനിക്കാവളെ നഷ്ടമായത്. അങ്ങനെയാണ് പിൽകാലത്ത് ഓട്ടോ സ്വന്തമായപ്പോൾ ആർസിസിയിലെ രോഗികൾക്ക് എന്നാൽ കഴിയുന്ന സഹായം എന്ന രീതിയിലാണ് സൗജന്യയാത്രയ്ക്ക് തുടക്കമിട്ടത്. വണ്ടിയിൽ കയറുന്ന ഓരോ രോഗികളിലും അനുജത്തിയുടെ മുഖമാണ് തെളിയുന്നതെന്ന് ഓട്ടോ ഡ്രൈവറായ സുരേഷ്കുമാർ പറഞ്ഞു. പള്ളിമുക്ക് സ്റ്റാൻഡിൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് ആദ്യം തുടങ്ങിയത്. ഒരുവർഷം കഴിഞ്ഞപ്പോൾ പേട്ട ജനമൈത്രിസ്റ്റേഷനിലെ പിആർഒ സാറിന്റെ നിർദ്ദേശ പ്രകാരമാണ് ട്രസ്റ്റായിട്ടു രജിസ്റ്റർ ചെയ്ത്.
ആദ്യം പതിനഞ്ചുപേരിലെ കൂട്ടായ്മായിലാണ് സൗജന്യ യാത്ര ആരംഭിച്ചത്. തുടർന്ന് 40 പേർ വരെ അംഗങ്ങളായെങ്കിലും സൗജന്യയാത്ര തുടരാൻ വയ്യാത്തതിനാൽ കുറച്ചുപേർ പിന്മാറി. എങ്കിലും ഞങ്ങൾ തളർന്നില്ല. ഇപ്പോൾ ശക്തരായ 24 പേർ അംഗങ്ങളായ ജനമൈത്രി ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ സർക്കാർ ആശുപത്രികളിലേക്കും സൗജന്യ യാത്ര നടത്തുന്നതിനോടൊപ്പം രക്തദാനവും നിർവഹിക്കാറുണ്ട്. ദിവസവും അഞ്ച്-ആറ് സൗജന്യ യാത്രകൾ വരെ ഓരോ അംഗത്തിനും നടത്തേണ്ടി വരാറുണ്ട്. രക്തം ആവിശ്യമുള്ളവർ വിളിക്കുമ്പോൾ സന്നദ്ധരായ ദാദാക്കളെ പറഞ്ഞുവിട്ട് ആവിശ്യം നിറവേറ്റുന്നു. ഈ കാരുണ്യ പ്രവർത്തികൾ കണ്ടറിഞ്ഞ സ്റ്റാന്റിനടുത്തുള്ള ചില വീട്ടുകാർ ട്രസ്റ്റിന് മാസം സംഭാവനയായി നൽകുന്ന 2,൦൦൦ രൂപയും മറ്റ് ഓടിക്കിട്ടുന്ന പണവും വച്ചാണ് കുടുംബക്കാരായ ഞങ്ങൾ ജീവിതച്ചെലവ് കൂട്ടിമുട്ടിക്കുന്നത്.
നഗരത്തിൽ എല്ലായിടത്തും സൗജന്യ യാത്രകൾ വ്യാപിപ്പിക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും മറ്റ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ സൗജന്യയാത്രയ്ക്ക് തയ്യാറാകാത്തതാണ് തടസ്സം. മറ്റൊന്ന് ഞങ്ങൾക്ക് ഒരു ആംബുലൻസ് വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും ട്രസ്റ്റിന് ഫണ്ടില്ല. ആരുടെയെങ്കിലും സഹായത്താൽ അത് ലഭ്യമായാൽ ഇപ്പോൾ ചെയ്യുന്നതിനേക്കാളും കൂടുതൽ കാര്യങ്ങൾ ചെയ്യാൻപറ്റുമെന്നും സുരേഷ് കുമാർ പറഞ്ഞു.
ഡിജിപി ലോക്നാഥ് ബെഹ്റയോടൊപ്പം ജനമൈത്രി ട്രസ്റ്റംഗങ്ങൾബാലചന്ദ്രന്, സജു, അനില്‍കുമാര്‍(2), സജികുമാര്‍, സന്തോഷ് കുമാര്‍, ഹരിദാസ്,ഫെലിക്‌സ് ജോണ്‍, ഐ മോഹന്കുമാര്, രാജന്‍,സജു, ജോസഫ്,വിനോദ്, ബിജു,ശിവകുമാര്‍, എം മനോജ്, ശിവന്‍കുട്ടി, കൃഷ്ണകുമാര്‍,ഉദയകുമാര്‍, രാജേന്ദ്രന്‍(2), രവികുമാര്‍, സജീവ്കുമാര്‍ എന്നിവരാണ് ട്രസ്റ്റിലെ മറ്റംഗങ്ങൾ. ഐഎംഎയും ട്രിവാൻഡ്രം ഒൺകൊലെജി ക്ലബ്ബും സംയുക്തമായി മ്യുസിയത്തിൽ
സംഘടിപ്പിച്ച ലോക ക്യാൻസർ ദിനാചരണച്ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങാൻ
വന്നതായിരുന്നു ജനമൈത്രി ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ ട്രസ്റ്റ് അംഗങ്ങൾ.
തിരുവനന്തപുരം നഗരത്തിലെ സർക്കാർ ആശുപത്രികളിലേക്ക് സൗജന്യയാത്രാസേവനം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ 95 26 38 58 19 (സുരേഷ്കുമാർ).