ഷാന്‍സി സലാം
മലയാള സിനിമയിലെ ആദ്യ വനിതാ പ്രൊഡക്ഷന്‍ കണ്ട്രോളര് എന്ന സ്ഥാനം എറണാകുളം സ്വദേശിനി ഷാന്‍സി സലാമിന് സ്വന്തം. ചലച്ചിത്ര സീരിയല്‍ ഷോര്‍ട്ട് ഫിലിം അഭിനേത്രി, ഷോര്‍ട്ട് ഫിലിം സംവിധായിക, സാമൂഹ്യപ്രവര്‍ത്തക തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയാണ് ഷാന്‍സി. കെ ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്നസുന്ദരി എന്ന ചിത്രത്തിലൂടെയാണ് ഷാന്‍സി സലാം പ്രൊഡക്ഷന്‍ കണ്‍ട്രോളറായത്. അല്‍ഫോണ്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഷാജു സി. ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രണയവും സംഗീതവും ആക്ഷനും ചേര്‍ന്ന സിനിമയാണിത് .
രമ സജി സംവിധാനം ചെയ്യുന്ന ചിരാത് എന്ന സിനിമയില്‍ നായക കഥാപാത്രത്തിന്റെ അമ്മയായി ഷാന്‍സി അഭിനയിച്ചിരുന്നു . കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമയാണിത്. ഈ സിനിമയില്‍ അഭിനയിച്ച പ്പോഴായിരുന്നു സ്വന്തമായി ഒരു സിനിമ കണ്ട്രോള് ചെയ്യണമെന്ന ആഗ്രഹമുണ്ടായതെന്ന് ഷാന്‍സി സലാം പറഞ്ഞു. സുഹൃത്തായ ഷാജു സി. ജോര്‍ജ്ജിനെ ആഗ്രഹം അറിയിച്ചു. മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സംസ്ഥാന ചെയര്മാന് കെ. ജെ. ഫിലിപ്പും കണ്‍വീനര്‍ സി. ബി. സുമേഷും ട്രഷറര്‍ ഷാന്‍സി സലാമുമാണ്. ഇവരുടെ ചര്‍ച്ചയില്‍ നിന്നാണ് സ്വപ്ന സുന്ദരി എന്ന സിനിമ രൂപപ്പെടുന്നത്. ഛായാഗ്രാഹകന്‍ റോയിറ്റ പറഞ്ഞ കഥയില്‍ നിന്നാണ് സിനിമയുടെ രചന ഉണ്ടായത് . സുഹൃത്തുക്കളുടെ പിന്തുണയോടെ ഷാന്‍സി പ്രൊഡക്ഷന്‍ കണ്ട്രോളര് എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു. ചെറിയ ബഡ്ജറ്റില്‍ നി ര്‍മിക്കുന്ന സിനിമയാണിതെങ്കിലും നല്ലൊരു സിനിമയാക്കാനുള്ള പരിശ്രമമാണ് ഷാന്സിയും കൂട്ടരും നടത്തുന്നത്.
ഷാന്‍സി സലാം
നിരവധി പ്രത്യേകതകള്‍ ഈ ചിത്രത്തിനുണ്ടെന്ന് ഷാന്‍സി പറഞ്ഞു. ഡോ: രജിത് കുമാര്‍, ഡോ:ഷിനു ശ്യാമളന് തുടങ്ങിയവര്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്. .മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ നജിം അര്‍ഷാദ് ഈ സിനിമയില്‍ പാടിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്ഖാന് ഈ സിനിമയില്‍ പാടുന്നുണ്ട് . ശിവജി ഗുരുവായൂര്‍ , സാജന് പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി തുടങ്ങിയവരും ധാരാളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാന്‍സിയുടെ മകന് മുഹമ്മദ് സാജിദ് സലാം ഈ സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മോഡലും പുതുമുഖവുമായ ഷാരോണ്‍ സഹിം ആണ് മുഹമ്മദ് സാജിദിന്റെ നായികയായി അഭിനയിക്കുന്നത്.
കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്ത കണ്ടെയ്ന്മെന്റ് സോണ്‍ എന്ന ഷോര്‍ട്ട് ഫിലിമിലും ഷാന്‍സി പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ഈ ജോലി അല്പം പ്രയാസമുള്ളതാണെങ്കിലും അതിനെ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് വിജയിപ്പിക്കുകയാണെന്ന് ഷാന്‍സി പറഞ്ഞു. ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് ചെയ്യേണ്ടുന്ന എല്ലാ ജോലികളും ഷാന്‍സി ഭംഗിയായി നടത്തുന്നുണ്ട് . സിനിയുടെ പല വിഭാഗങ്ങളിലും സ്ത്രീകളുണ്ടെങ്കിലും കണ്‍ട്രോളറായി വനിതകള്‍ കടന്നു വരുന്നില്ലെന്നും മലയാളത്തിലെ ആദ്യത്തെ വനിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളറാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഷാന്‍സി പറഞ്ഞു. ഷാന്‍സി പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന അടുത്ത ചിത്രം പാഞ്ചാലി ആണ്.
ഗുരുശിഷ്യന് എന്ന സിനിമയിലാണ് ഷാന്‍സി ആദ്യമായി അഭിനയിച്ചത്. മാട്ടുപ്പെട്ടി മച്ചാന് , മന്ത്രി മാളികയില്‍ മനസ്സമ്മതം, ബോഡിഗാര്‍ഡ്, നിറം തുടങ്ങി25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടു ണ്ട്. മറാവാതെ കണ്മണി എന്ന തമിഴ് ചിത്രത്തില്‍ ഉപനായികയായിരുന്നു. പെറ്റമ്മ എന്ന ഷോര്‍ട്ട് ഫിലിം ഷാന്‍സി സംവിധാനം ചെയ്തിട്ടുണ്ട്. ആള് കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രത്തിന് സ്പെഷ്യല്‍ ജ്യൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സിനിമയോടൊപ്പം പൊതുപ്രവര്‍ത്തനത്തിലും ഷാന്‍സി സജീവമാണ്. സന്നദ്ധസംഘം എറണാകുളം ജില്ലാ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ നിരവധി സംഘടനകളുടെ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.