നഗരവസന്തത്തിലെ കഫെ കുടുംബശ്രീ ഫുഡ്‌കോര്‍ട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.ബി. രാജേഷ് വിഭവങ്ങള്‍ രൂചിച്ചു നോക്കുന്നു
തിരുവനന്തപുരം: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേളയിലെ ഫുഡ്‌കോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ ഫുഡ്‌കോര്‍ട്ടിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം നിലവിളക്കുകൊളുത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യയിലെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണാവസരമാണ് ഫുഡ്‌കോര്‍ട്ടെന്നും എല്ലാവരും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഫുഡ് കോര്‍ട്ടിലെ വിഭവങ്ങള്‍ രുചിച്ചുനോക്കിയ മന്ത്രി കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം പാചകത്തിലും പങ്കുചേര്‍ന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വിവിധയിനം ഭക്ഷണങ്ങള്‍ക്കു പുറമേ ഇന്ത്യയിലെ 12 ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങളാണ് ഫുഡ്‌കോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ അതാതു സംസ്ഥാനങ്ങൡ നിന്നുള്ള വനിതകള്‍ നേരിട്ടെത്തിയാണ് രൂചി വൈവിധ്യം ഒരുക്കുന്നത്.