തിരുവനന്തപുരം:1947 മുതലുള്ള പത്രവാര്ത്താ-ചിത്രങ്ങളുടെ പ്രദര്ശനമൊരുക്കി നമ്മെ വിസ്മയിപ്പിക്കുകയാണ് നെടുമങ്ങാട് സ്വദേശിയായ റഷീദ്. ഇന്ത്യ സ്വതന്ത്രമായ വാർത്തകൾ കറുപ്പിലും വെളുപ്പിലും നിരക്കുന്ന പത്രവാർത്തകൾ മുതൽ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടു നിറങ്ങളുടെ അച്ചടിമഷിപുരണ്ട മലയാളത്തിന്റെ വാർത്താ പത്രങ്ങളും ചിത്രങ്ങളും കോർത്തിണക്കിയ പ്രദര്ശനം ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പ്രസ് ക്ലബ് ഹാളിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.
പോളിയോ ബാധിച്ച് ഇടതുകൈക്ക് സ്വാധീനമില്ലാത്ത റഷീദ് നാല് പതിറ്റാണ്ടായി ശേഖരിച്ച വാർത്തകളുടെ പ്രദര്ശനം ചൊവ്വാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രദര്ശനം നാലിന് സമാപിക്കും. കുട്ടിക്കാലത്ത് വിശപ്പടക്കാനായി കുറച്ചു നാൾ പത്രവിതരണം നടത്തിയതാണ് ഇത്തരം ഒരു ശേഖരത്തിലേക്ക് റഷീദിനെ നയിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്ദ്ദേശ പ്രകാരാമാണ് ഐ ആൻഡ് പി ആർ ഡിയുടെ സഹകരണത്താലുള്ള ഈ പ്രദര്ശനം.
ആദ്യ പ്രദര്ശനം നടത്തുന്ന ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച എക്സ്റേ ടെക്നിഷ്യന് വേദന നിറഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു. ബാപ്പയുടെ മരണം അഞ്ചാമത്തെ വയസ്സിൽ റഷീദിനെ യാചകനാക്കി . നാലുവര്ഷം അത് തുടര്ന്നു. പിന്നെ എട്ടാമത്തെ വയസ്സിൽ പോളിയോയുടെ രൂപത്തിൽ വിധി ക്രൂരതകാട്ടി. ഇടതു കൈയെ അശക്തനാക്കി.തുടർന്ന് പത്രവിതരണത്തിലോട്ടുതിരിഞ്ഞു.
ഇതിനിടയിൽ നാലാം ക്ലാസുവരെ പഠിച്ച റഷീദിന് പത്രക്കെട്ടുകളിലെ വലിയ തലക്കെട്ടുള്ള വാര്ത്തകളോട് ആരാധന തോന്നി. വായിക്കുന്നുതോറും അവയെ ശേഖരിച്ച് സൂക്ഷിച്ചുവയ്ക്കാനും താല്പര്യം തോന്നി. ലോട്ടറി വിറ്റു നടന്നപ്പോഴും,വികലാംഗ പരിഗണനയിൽ തൂപ്പുകാരനായി സര്ക്കാര് ജോലിയിൽ പ്രവേശിച്ചപ്പോഴും അത് അനുസ്യൂതം തുടര്ന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ വാർത്തകൾ, പ്രധാന വ്യക്തികളുടെ മരണം,ഇറാഖ് യുദ്ധം,തെരഞ്ഞെടുപ്പുകൾ,നാല് രാഷ്ട്രപതിമാരുടെ ജീവിതവും മരണവും,കായികം,ഇതര ഭാഷാ-വിദേശപത്രങ്ങൾ തുടങ്ങിയ വിഭാഗത്തിലായി ഇന്നിപ്പോൾ റഷീദിന്റെ കൈവശം 2000 വാര്ത്തകളും അത്രയും ചിത്രങ്ങളുമുണ്ട്.
വാർത്തകളിൽ സി എച്ച് മുഹമ്മദ് കോയ,ഇന്ദിരാഗാന്ധി ,വയലാര് രാമവര്മ്മ എന്നിവരുടെ മരണ വാർത്തകളാണ് റഷീദിനെ ഏറ്റവും വേദനിപ്പിച്ചത്. അളവുറ്റ വാര്ത്തകളുടെ സാമ്പത്തികമുണ്ടെങ്കിലും ഇന്നും മലയാളം എഴുതാൻ അറിയില്ലെന്നത് റഷീദിനെ വേദനിപ്പിക്കുന്ന മറ്റൊരു വസ്തുതയാണ്.