സ്‌നേഹസംഗമത്തില്‍ പങ്കെടുത്തവര്‍
തിരുവനന്തപുരം : ശ്രീകാര്യം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1995 ബാച്ച് 10 എ യിലെ വിദ്യാര്‍ത്ഥികള്‍ 27 വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടിയത് മറക്കാനാവാത്ത അനുഭവമായി. കുറ്റി പെന്‍സില്‍ ഒരുവട്ടം കൂടി എന്ന പേരില്‍ സംഘടിപ്പിച്ച സംഗമത്തില്‍ അന്നത്തെ അഡീഷണല്‍
ഹെഡ്മിസ്ട്രസ്സായിരുന്ന രാധാമണിയും പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പഴയ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുവിനെ വീണ്ടും കാണാനുള്ള അവസരമായി മാറി. സഹപാഠിയായിരുന്ന മാഹീന്റെ വേര്‍പാടില്‍ അനുശോചിച്ച ശേഷമായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. രാധാമണി, ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അനില്‍ ഗോപിനാഥ് എന്നിവര്‍ ചേര്‍ന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടുപേരെയും ചടങ്ങില്‍ ആദരിച്ചു. പഴയ വിദ്യാര്‍ത്ഥികളെ വീണ്ടും കാണാനായത് വലിയ ഭാഗ്യവും അഭിമാനവുമാണെന്ന് ടീച്ചര്‍ പറഞ്ഞു. സത്യസന്ധതയും അനുകമ്പയും ഉണ്ടെങ്കില്‍ യാതൊരു ജോലിയിലും വിജയിക്കാന്‍ കഴിയുമെന്ന് ടീച്ചര്‍ ഓര്‍മിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനായ റഹിം പനവൂര്‍ ആശംസാ പ്രസംഗം നടത്തി.
നടനും നിര്‍മാതാവുമായ ഷഹീം കഴക്കൂട്ടത്തിന്റെ ആശയമാണ് സംഗമമായി മാറിയത്. ആക്കുളം റോഡില്‍ പാഥേയം എന്ന ഹോട്ടലിലായിരുന്നു സംഗമം നടന്നത്. പ്രായാധിക്യം കാരണം സംഗമത്തില്‍ എത്താന്‍ കഴിയാതിരുന്ന അന്നത്തെ ക്ലാസ് ടീച്ചര്‍ വി. കെ. സുശീലയുടെ കല്ലമ്പള്ളിയിലുള്ള വസതിയിലെത്തി പൊന്നാട ചാര്‍ത്തുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. അടുത്ത വര്‍ഷം മുതല്‍ ശ്രീകാര്യം സ്‌കൂളില്‍ സംഗമം സംഘടിപ്പിക്കുമെന്ന് ഷഹീം പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വാട്ട്‌സ് ആപ്പ് ഗ്രൂപ്പുമുണ്ട്.