P VIEW [ Public View ]18/06/2017

നിങ്ങളുടെ വായന മൂർച്ചയുള്ളതാണോ? ഇല്ലെങ്കിൽ ഈ ലേഖനം ഉപകരിക്കട്ടെ

പൂഴിക്കുന്ന് സുദേവന്‍
മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കാന്‍ വളരെയേറെ സഹായിക്കുന്ന ഒരു ഘടകമാണല്ലോ വായന. ഇന്ന്  സാക്ഷരകേരളത്തില്‍ വായന പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നുകൂടി പരിശോധിക്കാനുള്ള അവസരവുമാണ് ജൂണ്‍  19.

'വായിച്ചുവളരുക' എന്ന മുദ്രാവാക്യം മലയാളികള്‍ക്ക് സമ്മാനിച്ച, സാക്ഷരതാ പ്രവര്‍ത്തകനും, ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന പുതുവായില്‍ നാരായണന്‍ എന്ന പി.എന്‍. പണിക്കരുടെ ചരമദിനം കേരളത്തില്‍ വായനാദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതംതന്നെയാണ്.

കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസത്തിന് (കാന്‍ഫെഡ്) തുടക്കം കുറിച്ച പി.എന്‍. പണിക്കര്‍ കുടുംബവായന എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്തു. സമയനിഷ്ഠ, വൃത്തി എന്നീ കാര്യങ്ങള്‍ സ്‌കൂള്‍കുട്ടികള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും, കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് പുസ്തകവായനക്ക് പ്രേരണ നടത്തുകയും ചെയ്ത പി.എന്‍. പണിക്കര്‍ ആദ്യത്തെ ഗ്രന്ഥശാല രൂപീകരണത്തിലൂടെ ഇന്ന് കാണുന്ന ഗ്രന്ഥശാലകള്‍ക്ക് കാരണക്കാരനായി. നിസ്വാര്‍ത്ഥനായി വായനക്കും പുസ്തകപ്രചരണത്തിനുമായി തന്റെ ജീവിതാവസാനംവരെ വിശ്രമരഹിതമായി പ്രവര്‍ത്തിച്ച പി.എന്‍. പണിക്കര്‍ 1995 ജൂണ്‍ 19 ന് അന്തരിച്ചു. 

ഈ ദിനം ഓര്‍ക്കുവാന്‍കൂടി  സഹായിക്കുമ്പോള്‍ അദ്ദേഹം പകര്‍ന്നുതന്ന വായനയിലൂടെ അറിവ് എന്ന പ്രക്രിയ മലയാളികളുടെ ഇടയിലെങ്കിലും തുടരുന്നുണ്ടോ എന്ന് നോക്കി കാണുവാന്‍ ശ്രമിക്കുക. 

സോഷ്യല്‍ മീഡിയ വായനയെ കൊന്നുതുടങ്ങി എന്നും, വായന മരിച്ചു എന്നുമെല്ലാം പ്രസംഗിക്കുന്നവരില്‍ എത്രമാത്രം വായനയെ ആത്മാര്‍ത്ഥതയോടെ കാണുന്നു എന്നതും പരിശോധിക്കേണ്ടതല്ലേ.

വായന ഒരു ജോലിയല്ല. പറയുംപോലെ പ്രവര്‍ത്തിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനുള്ള ഉപാധിയുമല്ല വായന. വായന എന്നത് ശരിക്കും ഓരോ മനുഷ്യന്റെയും അന്തഃരംഗത്ത് നിന്നും തുടിച്ചു തുടരേണ്ട സ്വാര്‍ത്ഥതയുടെ കൂടി ഭാഗമാക്കേണ്ട പ്രക്രിയകൂടിയാകണം.  അങ്ങനെ ഓരോ മനുഷ്യനും  അവനറിയാതെ വളരും. അത്തരം വളര്‍ച്ച പൊതു സമൂഹത്തിന്റെ നന്മക്കായിട്ടുകൂടി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട. 

ഉത്തമ വായനാശീലം മൂലം വളര്‍ന്നുവരുന്നവര്‍ക്ക് മറ്റ് ദുര്‍ചിന്തകളോ, പ്രവണതകളോ ഏതൊന്നും മനസ്സില്‍ കടന്നുവരില്ല. കൂടാതെ സ്വഭാവരൂപീകരണം, സാംസ്‌കാരികാഭിവൃത്തി എന്നീ ഗുണങ്ങളും ഉണ്ടാകും.  സമാധാനമില്ലാത്തവന് സമാധാനവും, ദൈവഭക്തി, ഗുരുഭക്തി, മാതാപിതാക്കളോട് ബഹുമാനം, ക്ഷമാശീലം തുടങ്ങിയ സദ്ഗുണങ്ങള്‍ വായനാശീലം വഴി ലഭക്കുമെന്നത് അനുഭവിച്ചറിയുകതന്നെയാവണം.

വായനയ്ക്ക് എന്തും ആകാമെങ്കിലും, ഒരു ഉത്തമമനുഷ്യനാകാന്‍ സഹായിക്കുന്ന ആശയങ്ങളുടെ ഉള്ളടക്കത്തോടുകൂടിയ ഗ്രന്ഥങ്ങള്‍ക്കാകണം പ്രഥമ പരിഗണന നല്‍കേണ്ടത്.  വായനക്ക് വിവിധ സാമഗ്രികള്‍ ഉണ്ട്.  പത്രം, വാരിക, മാസിക, പുസ്തകങ്ങള്‍ തുടങ്ങി നിരവധിയിനം വായനക്കായി സമൂഹത്തില്‍ ഉണ്ട്.

വായിക്കുന്നത് വിവിധ ആവശ്യങ്ങള്‍ക്കും ആകാം. സ്‌കൂള്‍ തലം മുതല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ ജയിക്കാനും, യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നേടാനും വിജ്ഞാനം നിറഞ്ഞ വിവിധ വിഷയങ്ങളുടെ വായനയും ഉണ്ട്. വെറും വായനയും, വായനക്കുവേണ്ടി വായനയും ഒഴിച്ചുനിര്‍ത്തിയാല്‍ വായനയില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ പലതും ഉണ്ടെന്ന് മുകള്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ നിന്നും മനസ്സിലായി കാണുമല്ലോ. എങ്കിലും വായനയെ സംബന്ധിച്ച സുപ്രധാനമായ കാര്യങ്ങള്‍കൂടി സൂചിപ്പിക്കാം.

വിദ്യാര്‍ത്ഥികളുടെ വായനയും, അല്ലെങ്കില്‍ പരീക്ഷകള്‍ എഴുതുന്നവരുടെ വായനയും മുതിര്‍ന്നവരുടെ വായനയും അധ്യാപകന്റെയോ, എഴുത്തുകാരന്റെയോ, മറ്റ് സാധാരണകാരന്റെ വായനയോ ആവശ്യക്കാര്‍ക്ക് ഉചിതമെന്ന് തോന്നാവുന്ന വിധം വായന രീതിയെ തെരഞ്ഞെടുക്കാവുന്നതാണ്.

എങ്കിലും വായനയ്ക്ക് 4 ഘട്ടം ഉണ്ടെന്ന് പറയാതെ പോകുന്നതു ശരിയല്ല. ഇംഗ്ലീഷില്‍ അവയെ Read, Recall, Reflect, Review (four 'R') എന്ന് തിരിക്കുന്നു.

പുസ്തകത്തിലെ ഓരോ പോയിന്റും ശ്രദ്ധയോടെ മനസ്സിലാക്കിവായിക്കുന്നത് - Read . 
ഓരോഭാഗം വായിച്ചശേഷം കൃത്യതയോടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നത് - Recall  
പഠിച്ചവ ആഴത്തില്‍ ചിന്തിക്കുകയും, പഴയ അറിവുകളുമായി കോര്‍ക്കുക എന്നത് - Reflect 
വായിച്ചവ കുറിപ്പുകളായി മാറ്റി വീണ്ടും വീണ്ടും വായിച്ചു നോക്കുക എന്നത് - Review 

ഇവ കൂടാതെ വായന പലതരത്തിലൂടെ ആകാം. ഉറക്കെ വായന, - ഇത് അറിവിനും, പരീക്ഷക്കും, മറക്കാതിരിക്കാനും സഹായിക്കും. ഒപ്പം എഴുതികൂടി പഠിക്കുക. 

കാണാപ്പാഠം വേണ്ടന്ന് വക്കുന്നതാണ് നല്ലത്. മനസ്സിരുത്തി ആശയം മനസ്സിലാക്കി വായിക്കാന്‍ ശ്രമിക്കുന്നത് വളരെ ഗുണം ചെയ്യും. പഠിക്കുന്നവന്‍ സൂത്രവാക്യങ്ങളും, ചിത്രങ്ങളും, പട്ടികകളും തയ്യാറാക്കി പഠിക്കുന്നത് പ്രധാനമാണ്.

പരീക്ഷക്കാര്‍ ഇതൊക്കെ ചെയ്താലും എല്ലാപേരും ഒരേ  പോലെ വായിക്കുകയും പഠിക്കുകയും ജയിക്കുകയും ചെയ്യുന്നവരല്ലല്ലോ. അതിനാല്‍ ഓര്‍മയും ബുദ്ധിയും പരീക്ഷ എഴുതുന്ന ഏവര്‍ക്കും ആവശ്യമാണെന്നോര്‍ക്കുക. ഇവര്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കുക. പരീക്ഷക്ക് പോകുന്ന ദിവസം 2 സ്പൂണ്‍ തേന്‍ കഴിച്ചാല്‍ ഓര്‍മ്മ വര്‍ദ്ധിക്കാന്‍ ഇടയാകുമെന്നറിവുണ്ട്. 'പാല്‍, സോയാമില്‍ക്ക്, ഓട്‌സ് എന്നിവയും ആകാം. ഇറച്ചി, മുട്ട തുടങ്ങിയ മാംസാഹാരം പരീക്ഷാകാലത്ത് ഉപയോഗിക്കാതിരുന്നാല്‍ ഏറെ നന്നായിരിക്കും. പകരം പച്ചക്കറികള്‍, ഫ്രൂട്‌സ് എന്നിവക്ക് പ്രാധാന്യം നല്‍കണം. ഉറക്കവും കൃത്യമാകണം. ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങള്‍ പരമാവധി കാണാതിരുന്നാല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. ഇതൊക്കെ പരീക്ഷകള്‍ എഴുതുന്നവര്‍ക്ക്  വേണ്ടിയാണെങ്കിലും മറ്റുള്ള വായനാ തല്പരര്‍ക്കും ആകാവുന്നതാണ് കാരണം വായന എന്നത് തല്‍ക്കാലസുഖത്തിന് വേണ്ടിയല്ല മറിച്ച് മനുഷ്യന്റെ ജീവിതാവസാനംവരെ വായനയിലൂടെ ലഭിക്കുന്ന സുഖം, അതിലൂടെ നേടുന്ന അറിവ് നിലനില്‍ക്കാന്‍ ഏറെ പ്രയോജനപ്പെടുവാന്‍ പാകത്തിലാകണം വായനശീലമാക്കുന്നവരുടെ മനസ്സും ശരീരവും എന്നത് ഓര്‍ക്കുന്നത് നന്നായിരിക്കും.

ഒരു വ്യക്തി വായന ആരിംഭിക്കുന്നത് അക്ഷരം പഠിച്ചുതുടങ്ങുന്നതോടുകൂടിയാണല്ലോ; ബാലസാഹിത്യവും, പത്രവായനയും തുടങ്ങി സ്വന്തം ഭാഷയിലെ പുസ്തകങ്ങളും, മറ്റ് ഭാഷകള്‍ പഠിക്കാന്‍ കഴിയുന്നവര്‍ക്ക് ആ ഭാഷകളിലെ പുസ്തകങ്ങളും വായിക്കുന്നത് വിജ്ഞാനത്തിന്റെ പടവുകള്‍ കയറിപോകാന്‍ നിഷ്പ്രയാസമാകും.

അക്ഷരം പഠിക്കുമ്പോള്‍ തന്നെ വായനയുടെ കൗതുകവും തുറക്കപ്പെടണം. അക്ഷരമെന്നാല്‍ നശിക്കാത്തത് എന്നാണര്‍ത്ഥം. പുസ്തകം എന്നാല്‍ അക്ഷരങ്ങളുടെ ഖനിയാണ്. അവക്ക് മരണമില്ല. മനുഷ്യജീവിതത്തിനിടയില്‍ എന്തൊക്കെ കടന്നുവന്നാലും അക്ഷരം പഠിച്ചവന്, പുസ്തകങ്ങള്‍ കാണാതിരിക്കാന്‍ കഴിയില്ല. എഴുത്തു കണ്ടുപിടിച്ചത് തന്നെയാണ് മാനവസംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് നിദാനമായത്.  അക്ഷരങ്ങള്‍ കൊണ്ട് എഴുത്തിലൂടെ സൃഷ്ടിച്ച പുസ്തകങ്ങള്‍ക്ക് മരണമില്ല. ഇന്ന് ലോകത്ത് തന്നെ ആറായിരത്തിലധികം ഭാഷകളില്‍ കോടാനുകോടി പുസ്തകങ്ങളാണ് 750 കോടിയിലേറെ വരുന്ന മനുഷ്യരുടെ ഇടയിലല്‍ നീന്തിതുടിക്കുന്നത്. ഒരിക്കലും നശിക്കാത്ത വായനയുടെ അടിത്തറ തന്നെയാണ് പുസ്തകങ്ങള്‍. എന്തൊക്കെ മാധ്യമങ്ങള്‍ ദൃശ്യങ്ങളായി കടന്നുവന്നാലും പുസ്തകമെന്ന മാധ്യമലോകം എല്ലാത്തിനെയും മൂടികൊണ്ട് അക്ഷരമുത്തുകള്‍ മനുഷ്യഹൃദയത്തെ തന്റെ നയനങ്ങളിലൂടെ ആവാഹിച്ചെടുത്ത് വിജ്ഞാനത്തിന്റെ പുതുലോകം തുറക്കുകതന്നെ ചെയ്യും.  ഇരുപത്തി ഒമ്പതിനായിരം വാക്കുകല്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് സമ്മാനിച്ച വില്യം ഷേക്‌സ്പിയറേയും അടിമത്വം നിര്‍ത്തലാക്കിയ  എബ്രഹാം ലിംഗനേയും, 4-ാം ക്ലാസ്സുകാരനായിരുന്ന ജനറേറ്റര്‍ കണ്ടുപിടിച്ച മൈക്കല്‍ ഫാരഡേയേയും പ്രൈമിറി ക്ലാസ് ഉപപേക്ഷിച്ച ശാസ്ത്രകാരനായിരുന്ന തോമസ് ആല്‍വാ എഡിസനേയും, ഭാരത ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കറേയും, രാഷ്ട്രപിതാവ് മഹാത്മഗാന്ധിയേയും മലയാളികളുടെ  വി.ടി. ഭട്ടതിരിപാടിനെയും പി.എന്‍ പണിക്കരേയും 'വായന' മഹാന്മാരാക്കി തീര്‍ത്ത ഏവരേയും സ്മരിച്ചുകൊണ്ട് നമുക്കും വായനയിലൂടെ മുന്നേറാം...വായനയുടെ മൂര്‍ച്ച കൂട്ടാന്‍ ജൂണ്‍ 19 ഉപകരിക്കട്ടെ.

Views: 4579
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024