സമൂഹനന്മയ്ക്കുതകുന്ന ഏറ്റവും വലിയ സ്വാധീനശക്തികളാണ് രാഷ്ട്രീയവും സിനിമയും. ആ ശക്തികളുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. സമൂഹ നന്മയ്ക്കുപകരം തിന്മയാണ് ആ ശക്തികൾ പ്രോത്സാഹിപ്പിക്കുന്നത്. അതിനു തെളിവാണ് ഇരു മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവികാസങ്ങൾ. ഇരു മേഖലയിലെയും എല്ലാപേരും തിന്മയുടെ ഗണത്തിൽ വരില്ലെങ്കിലും ഒരാൾ ചെയ്യുന്ന തിന്മ ആ പ്രസ്തുത മേഖലയെമുഴുവനായി കളങ്കം ചാർത്തും. സമൂഹം ആ മേഖലയെ ഒന്നടങ്കം സംശയ ദൃഷ്ടിയോടെയാകും കാണുക. അതിനു ഇപ്പോഴത്തെ തെളിവായി ഈ മന്ത്രി സഭയിലെ മൂന്ന് മന്ത്രിമാരുടെ രാജി, ഒരു ജനപ്രീയ നായകൻ നടിയെ ആക്രമിച്ച കേസ് എന്നിവ ഉദാഹരണങ്ങളാക്കാം. ഇതിനു മുൻപും ഇരു മേഖലയ്ക്കും കളങ്കം ചാർത്തുന്ന മറ്റു ചെയ്തികൾ ഉണ്ടായിരുന്നു അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.
രാഷ്‌ടീയമാണെങ്കിൽ മുൻപ് പാർട്ടിയും സിനിമയാണെകിൽ നിര്മാണക്കമ്പനിയ്ക്കുമായിരുന്നു പ്രാമുഖ്യം. അതിപ്പോൾ വ്യക്തി കേന്ദ്രികൃതമായി. നേതാവിന്റെ പാർട്ടിയും നായകൻറെ സിനിമയുമായി. പഴയ കൂട്ടായ്മ കൈമോശം വന്നിപ്പോൾ സ്വാർത്ഥതയുടെ തിന്മയാണ് അവരിലൂടെ നടമാടുന്നത്. ആ തിന്മൾക്ക് ഒത്തശ ചെയ്തു കൊടുക്കുന്നത് സാമൂഹ്യ ജീവികളായ നമ്മൾ തന്നെയാണ്. നമ്മളുടെ വോട്ടുകൾ കൊണ്ട് അധികാരം നേടുന്നവരെയും അധ്വാനത്തിന്റെ ഒരു വിഹിതം കൊടുത്ത് സിനിമകണ്ട് വിജയിപ്പിച്ച് സൂപ്പര്താരമാകുന്നവരും എന്നും സമൂഹത്തിന്റെ താഴെയാണ് നിലകൊള്ളേണ്ടത്. പക്ഷെ, മാധ്യമങ്ങൾ അവർക്ക് പ്രത്യേക പരിവേഷം ചാർത്തി നൽകി. സമൂഹത്തിന്റെ വളരെ ഉയരത്തിലാണ് മാധ്യമങ്ങൾ അവര്ക് സ്ഥാനം സൃഷ്ടിച്ച് നൽകിയിരിക്കുന്നത്. അതിന്ന് സമൂഹത്തിന് ശാപമായി ഭവിച്ചിരിക്കുകയാണ്. അർഹതയില്ലാത്ത പലരും ആ സ്ഥാനങ്ങൾ കയ്യടക്കി. മാധ്യമങ്ങളെ താങ്ങി നിർത്തുന്ന ശക്തികളായി അവ രണ്ടും ഇന്ന് മാറിക്കഴിഞ്ഞു. മാധ്യമങ്ങളിലൂടെ ആർജിച്ച പ്രശസ്തിയും സ്വാധീനവും ആ ശക്തികളെ ഒന്നാക്കിയിരിക്കുന്നു. തമിഴ്‌നാട് രാഷ്ട്രീയം നോക്കിയാൽ അതെളുപ്പം മനസ്സിലാകും. ഒരു നടി ഭരിച്ച ശേഷമുള്ള ഇപ്പോഴത്തെ അവസ്ഥ. താര പരിവേഷത്തെ മറയാക്കി അവർ ചെയ്ത തിന്മകൾ എല്ലാം നമ്മളുടെ മുന്നിലുണ്ട്. മറ്റൊരു സൂപ്പർ നടൻ രാഷ്‌ടീയപ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
അവിടുത്തെ കാറ്റടിച്ചിട്ടാണെന്ന് തോന്നുന്നു കേരളത്തിലും സിനിമാക്കാർക്ക് രാഷ്ട്രീയത്തിൽ നല്ല ഡിമാൻഡാണ്. നേരത്തെ മന്ത്രിയും ഇപ്പോൾ എംഎൽഎയും, എംപിയും സിനിമക്കാരിൽനിന്നുണ്ട്. സ്വന്തം തിന്മകളെ മറയ്ക്കാൻ അവരിൽ ചിലർ രാഷ്‌ടീയത്തെ മറയാക്കുന്നുണ്ട്. അതിനു മാദ്ധ്യമവാർത്തകൾ തെളിവാണ്. അവർക്ക് കിട്ടിയ പദവിയിലൂടെ സാമൂഹിക സേവനത്തിനുള്ള അവസരമാണ് കിട്ടിയതെങ്കിലും അവർ ഇന്നും കൂടുതൽ സമയം വിനിയോഗിക്കുന്നത് സിനിമക്കും ടിവി പരിപാടിക്കും വേണ്ടിയാണ്. അതുകൊണ്ട് സമൂഹത്തിന് എന്താണ് നേട്ടം. അവരുടെ കീശയും പ്രശസ്തിയും വർധിക്കും അത്ര മാത്രം. ഈ സ്ഥിതിയിൽ സിനിമ കുറയുമ്പോൾ നാളെ കൂടുതൽ സിനിമാക്കാർ രാഷ്‌ടീയചായ്‌വിലൂടെ അധികാരസ്ഥാനത്ത് എത്തും. സമൂഹ നന്മ ആഗ്രഹിക്കാത്ത അവരുടെ കിടിലൻ മാധ്യമ പെർഫോമൻസ് കണ്ടും കേട്ടും കഴിയാനാകും നമ്മുടെ വിധി.
ലാസ്റ്റ് ഗ്രേഡ് ജോലിക്ക് പി എസ് സി കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പതതാം ക്‌ളാസ് ആക്കിയിട്ടുണ്ടെങ്കിലും മന്ത്രിയും, എം എം എൽയും എം പി യും മാകാൻ അത്തരം യോഗ്യതകളുടെ ആവിശ്യമില്ലെങ്കിലും ഒരു സിനിമാക്കാരനായാൽ മതിയാകും. അണികളെ നിങ്ങളിനി സാമൂഹിക സേവനത്തിനൊപ്പവും ഇടയ്ക്ക് സിമയിലെങ്കിലും മുഖം കാണിക്കണം. ഇല്ലെങ്കിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്ത് വാചക കസർത്തെങ്കിലും നടത്തണം എന്നാലെ എന്തെങ്കിലുമൊക്കെ ആകാൻ പറ്റു.
തമിഴ്‌നാടല്ല കേരളം അതുകൊണ്ട് സമൂഹ നന്മ മാത്രം നോക്കിയായിരിക്കും നിങ്ങളെ ജനങ്ങൾ അംഗീകരിക്കുക അതാവും നിങ്ങളുടെ ഭാവി നിർണയിക്കുക. അതെപ്പോഴും ഓര്മയുണ്ടാകണം.