ക്രിക്കറ്റിൽ 94 റൺസെടുത്ത ബാറ്റ്‌സ്മാൻ പരിക്കുമൂലം റിട്ടയേർഡ് ഹർട്ട് ചെയ്തു പിന്നീട് തിരിച്ചുവന്ന സെഞ്ചറി തികയ്ക്കുന്നതു പോലെ യാണ് ബൈജു നെല്ലിമൂടെന്ന ബിസിനെസ്സ്‌കാരൻ രക്തദാനത്തിൽ സെഞ്ചറി തികച്ചിരിക്കുന്നതു. തുടർച്ചയായ 28 വർഷത്തെ രക്തദാനത്തിലൂടെ 94 തവണ രക്തദാനം ചെയ്തു നിക്കുമ്പോഴാണ് ബൈജുവിന് പെട്ടെന്നൊരു പനിവന്നത്. തുടർന്നു ദീർഘനാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയേണ്ടിവന്ന ബൈജു ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നു തന്നെ ഡോക്ടർമാർ വിധിയെഴുതി.
ഇവിടെ കിടത്തിയിട്ട് കാര്യമില്ലെന്നും വീട്ടിൽ കൊണ്ടു പോകണമെന്നും ഡോക്ടർമാർ ബൈജുവിന്റെ കൂട്ടുകാരോട് പറഞ്ഞെങ്കിലും അവർ അതിനു തയ്യാറായില്ല. പകരം അവർ ഒരു തീരുമാനമെടുത്തു വീട്ടിൽ കൊണ്ടുപോകേണ്ട മരിയ്ക്കുന്നുവെങ്കിൽ ആശുപത്രിയിൽ വച്ചു തന്നെ മരിക്കട്ടെ എന്നു. പക്ഷെ, പിന്നെ സംഭവിച്ചതെല്ലാം അത്ഭുതമായിരുന്നു. അനേകം പേരുടെ ജീവൻ രക്ഷക്കായി സ്വയം രക്തദാനം ചെയ്യുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്ത ബൈജുവിനെ ദൈവം കൈവിട്ടില്ല സദ്പ്രവർത്തിക്കായി വീണ്ടും ഒരു ജന്മം കൂടി നൽകി. ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബൈജു വീണ്ടു ആറു പ്രാവിശ്യം രക്തദാനം നിർവഹിച്ചു സെഞ്ചറി തികച്ചു. ഇപ്പോൾ 48 ലെത്തിയ ബൈജു ആരോഗ്യം അനുവദിക്കുകയാണെങ്കിൽ 65 വയസ്സുവരെ രക്തംദാനം ചെയ്യുമെന്നാണ് ആൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി ജില്ലാ സെക്രട്ടറി കൂടിയായ അദ്ദേഹം പറയുന്നത്..
ലോക രക്തദാതാ ദിനത്തിൽ വി ജെ ടിയിൽ നടന്ന രക്തദാന ക്യാമ്പിൽ ബൈജു നെല്ലിമൂട് തന്റെ നൂറാം രക്തദാനം നിർവഹിക്കുന്നു.യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന സമയത്ത് ആറ്റിങ്ങൽ മാമം പാലത്തിൽ അപകടത്തിൽപ്പെട്ട സുഹൃത്തിനു രക്തം ആവശ്യമായി വന്നപ്പോൾ കൂട്ടുകാരോടൊപ്പം കൗതുകത്തിനായി പോയി ചേരുന്ന ഗ്രൂപ്പായതിനാൽ കൊടുക്കേണ്ടി വന്ന ബൈജുവാണ് ഇന്ന് സെഞ്ചറി തികച്ചു നിൽക്കുന്നത്. അന്ന് പതിനെട്ടു വയസ്സുള്ളപ്പോൾ അവിചാരിതമായി രക്തദാനം ചെയ്യേണ്ടിവന്നതിന്റെ ഭീതി വേട്ടയാടാൻ തുടങ്ങി. തന്റെ ജീവൻ അപകടത്തിൽ ആകുമെന്ന് വരെ അന്ന് വിചാരിച്ചു. വീട്ടുകാരറിഞ്ഞാൽ എന്തുപറയും എന്നറിയാതെ വിഷമിച്ചു. രണ്ടു ദിവസം കഴിഞ്ഞു പേടിയോടെ അമ്മയോട് ഇക്കാര്യം പറയുമ്പോൾ അമ്മ പറഞ്ഞതു 18 വയസ്സായ പൗരന് മറ്റൊരു പൗരനെ രക്ഷിക്കാൻ കഴിയണം അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.എന്നാണ്. അമ്മയുടെ വാക്കുകളിൽ പ്രചോദനം ഉൾക്കൊണ്ടു തുടർച്ചയായി 25 ദാനം നിർവഹിച്ചു കഴിഞ്ഞപ്പോൾ മറ്റുള്ളവരെയും രക്തദാനമെന്ന മഹാദാനത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ബൈജു ശ്രമം ആരംഭിച്ചു. സ്വന്തം ഗ്രാമമായ നെല്ലിമൂടിലെ വായനശാലകേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. അതിനൊരു മഹാവിജയമായി തീർന്നിരിക്കുകയാണ്. ഇന്ന് ജില്ലയിലെ ഏറ്റവും കൂടുതൽ രക്തദാനം നടക്കുന്നതും ദാതാക്കൾ ഉള്ളതും നെല്ലിമൂടിലാണ്.
ഒരുമാസക്കാലം നീണ്ടു നിന്ന ലോക രക്തദാതാ ദിനാചരണത്തിനു ഇന്ന് സമാപനം കുറിച്ചിരിക്കുന്ന വേളയിൽ രക്തദാനത്തിൽ
100 തികച്ച ബൈജു നെല്ലിമൂടിന്റെ ജീവിതാനുഭവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു നമുക്കും സ്വമേധയാ രക്തദാനത്തിനായി മുന്നിട്ടിറങ്ങാം.