ഇന്നത്തെ മാധ്യമലോകം ഉണരുന്നതിന് മുന്‍മ്പേ ഉണര്‍ന്നതാണ് പത്രസ്വാതന്ത്ര്യം. അത് പൗരന്റെ രാഷ്ട്രീയവും മതപരവും സാമൂഹികവും വിദ്യാഭ്യാപരവുമായ അവകാശങ്ങളുടെ ആകെ തുകയാണ്. ജനാധിപത്യ ഭരണസമ്പ്രദായം ലോകത്ത് പ്രത്യേകിച്ച് ജനാധിപത്യരാജ്യങ്ങളില്‍ വിജയിക്കണമെങ്കില്‍ പത്രസ്വാതന്ത്ര്യം അനിഷേധ്യമാണ്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നതും പത്രങ്ങള്‍ തന്നെയാണ്. ജനാധിപത്യരാജ്യങ്ങളില്‍ മാത്രമല്ല, ലോകത്ത് ഏതുരാജ്യത്തും പത്രങ്ങള്‍ ഉണ്ടാകുമല്ലോ, എന്നാല്‍ പക്ഷപത്ര സ്വാതന്ത്ര്യമോ, യഥാര്‍ത്ഥ പത്രധര്‍മ്മമോ ഉണ്ടാകണമെന്നില്ല.
കക്ഷി രാഷ്ട്രീയങ്ങള്‍ക്കോ മറ്റു താല്പര്യങ്ങള്‍ക്കോ വിധേയമായി പ്രവര്‍ത്തിക്കാത്തതും ജനങ്ങള്‍ക്ക്‌വേണ്ടി ശബ്ദിക്കുന്നതുമാണ് യഥാര്‍ത്ഥ പത്രധര്‍മ്മം.
വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിംങ്ങും എഡിറ്റിങ്ങും വഴി പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും അതിലൂടെ ഒരു സമൂഹത്തിന്റെ നൈതികജാഗ്രത നിലനിര്‍ത്തുകയുമാണ് പത്രപ്രവര്‍ത്തനത്തിന്റെ ധര്‍മ്മം. പൊതുനന്‍മയാണ് പത്രപ്രവര്‍ത്തകന്‍ ലക്ഷ്യമാക്കേണ്ടത്. ആ പൊതുനന്‍മക്കു വേണ്ടിയുള്ള അവന്റെ നിലപാടുകളാണ് പത്ര സ്വാതന്ത്ര്യം.
1991-ല്‍ ആഫ്രിക്കന്‍ പത്രപ്രവര്‍ത്തകര്‍ കൂട്ടായിക്കൊണ്ടുവന്ന സ്വതന്ത്ര മാധ്യമ തത്ത്വങ്ങളെക്കുറിച്ച് പ്രഖ്യാപിക്കപ്പെട്ട വിന്‍സ്‌ഹോക്ക് പ്രഖ്യാപനത്തിന്റെ വാര്‍ഷികദിനമായ മേയ് 3-നാണ് മാധ്യമ സ്വാതന്ത്ര്യ ദിനം (പത്ര സ്വാതന്ത്ര്യ ദിനം) ആഘോഷിക്കാന്‍ 1993 ഡിസംബറില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി തീരുമാനിച്ചത്.
റോമാസാമ്രാജ്യത്തില്‍ ജൂലിയസ് സീസറിന്റെ ഭരണകാലത്ത് ആരംഭിച്ച പത്രപ്രവര്‍ത്തനം ഇന്ന് അന്തര്‍ദ്ദേശീയം, ദേശീയം, പ്രാദേശികം എന്നീ തലങ്ങളിലെ ദൈനംദിനവാര്‍ത്തകള്‍ പത്രങ്ങളിലൂടെ ലോകം അറിയുവാന്‍ ഇടയായി. ചൈനയില്‍ അച്ചടി മാധ്യമം ആരംഭിച്ചതോടെ ലോകത്ത് എല്ലാ രാജ്യങ്ങളിലും പത്രപ്രവര്‍ത്തനം അതിന്റെ യഥാര്‍ത്ഥ ധര്‍മ്മത്തിലൂന്നിനിന്നുകൊണ്ടുള്ള പത്രസ്വാതന്ത്ര്യം പരമാവധി കാത്തുസൂക്ഷിക്കുകയും, ഏത് ദൈനംദിന വിവരവും ഞൊടിയിടയില്‍ പ്രചരിപ്പിക്കുന്നവിധം മാധ്യമലോകം വളര്‍ന്നുകഴിഞ്ഞു. എങ്കിലും ചൂടുള്ള വാര്‍ത്തകള്‍ക്കും, സങ്കുചിത താല്പര്യങ്ങള്‍ നിറഞ്ഞ വാര്‍ത്തകള്‍ക്കും മറ്റും മാധ്യമ സ്വാതന്ത്ര്യം വിനിയോഗിക്കുന്ന ഈ കാലഘട്ടത്തിലാണ് 2017 മേയ് 3-ലെ ലോകപത്രസ്വാതന്ത്ര്യദിനാഘോഷം കടന്നുപോകുന്നത്.