കൊച്ചി: ലോക ബിസിനസ് സാമ്രാജ്യത്തിലേക്ക് കേരളത്തിന്റെ വാണിജ്യരംഗത്തെയും നയിക്കുവാനായി കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന അര്‍ത്ഥശാസ്ത്ര 2020 ന് കൊച്ചി സാക്ഷ്യം വഹിക്കുന്നു. സംസ്ഥാനത്തിന്റെ വാണിജ്യവികസനരംഗത്തിന് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ഈ ബൃഹത്തായ ബിസിനസ് സംഗമം. ഹിന്ദു സമൂഹത്തിന്റെ വ്യവസായ വികസനനേട്ടത്തിന് മുതല്‍കൂട്ടാകാനായി രൂപീകരിച്ച ഹിന്ദു ഇക്കണോമിക്‌സ് ഫോറ(എച്ച്ഇഎഫ്)മാണ് അര്‍ത്ഥശാസ്ത്ര 2020 സംഘടിപ്പിക്കുന്നത്. എച്ച്ഇഎഫിന്റെ കേരള ചാപ്റ്റര്‍ ആതിഥ്യം വഹിക്കുന്ന കോണ്‍ക്ലേവ് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് 21, 22 തീയതികളിലാണ് നടക്കുക. 17 രാജ്യങ്ങളില്‍ നിന്നുള്ള മാനേജ്‌മെന്റ് വിദഗ്ദര്‍, ആയിരത്തിലേറെ ബിസിനസ് പ്രൊജക്ടുകള്‍, വന്‍ പദ്ധതികളുടെ അവലോകനങ്ങള്‍, പഠനങ്ങള്‍. ചര്‍ച്ചകള്‍ എന്നിവയും ഇതിനോടൊപ്പം നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ സദ് ഗുണങ്ങള്‍ മലയാളി വാണിജ്യ വ്യവസായ ലോകത്തിന് ലഭ്യമാക്കുന്നതിനുള്ള അടിയന്തര പശ്ചാത്തലം ഒരുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും പ്രായോഗിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് അര്‍ഥശാസ്ത്ര 2020 സംഘടിപ്പിക്കുന്നത്.
വാണിജ്യ വ്യവസായ മേഖലകളില്‍ രാജ്യവും ലോകവും കടന്നു പോകുന്ന അവസ്ഥകളെ കോണ്‍ക്ലേവ് ആഴത്തില്‍ വിശകലനം ചെയ്യുകയും പുതിയ പദ്ധതികളുടേയും നിക്ഷേപങ്ങളുടേയും സാധ്യതകള്‍ ആരായുകയും ഭാവിയെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. ഇക്കാര്യത്തില്‍ മാര്‍ഗദീപം ചൊരിയുന്നതിനായി അതത് മേഖലകളിലെ പ്രഗത്ഭരുടെ വലിയ സഞ്ചയം തന്നെ അര്‍ഥശാസ്ത്ര 2020 ലേക്ക് എത്തുന്നുണ്ട്. നയരൂപീകര്‍ത്താക്കളായ കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, പ്രമുഖ ബ്യുറോക്രാറ്റുകള്‍, വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖര്‍, ട്രെയിനര്‍മാരും അക്കാദമീഷ്യന്മാരും തുടങ്ങി വിപുലമായ നിര വിവിധ സെഷനുകളില്‍ സംബന്ധിക്കും.
സംരഭകര്‍ക്ക് സ്വന്തം പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നതിനും അവയ്ക്കു മതിയായ പിന്തുണ ഉറപ്പാക്കുന്നതിനും അര്‍ഥശാസ്ത്ര 2020 അവസരം ഒരുക്കും. ഇതിനൊപ്പം തന്നെ ട്രെയിനിംങ് മെന്‍ഡറിംങ് സെഷനുകള്‍, സാംസ്‌കാരിക പരിപാടികള്‍, പുരസ്‌ക്കാര സമ്മേളനം തുടങ്ങിയവയും നടക്കും. അര്‍ത്ഥശാസ്ത്ര 2020 ന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം പാലാ ഓശാന മൗണ്ടില്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.