സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന ട്രാൻസ്‌പോർട്ട് ബസ്സുകൾ ഇന്നും ജനസൗഹൃദമാണോന്ന് ചോദിച്ചാൽ ഇല്ലെന്നായിരിക്കും ഉത്തരം. പല കാരണങ്ങൾ കൊണ്ടും അതങ്ങനെയാണ്. തുടങ്ങിയിടത്ത് തന്നെ നിൽക്കുന്ന ഒരവസ്ഥ. കെ എസ് ആർ ടി സി നടത്തുന്ന പുതിയ പരീക്ഷണങ്ങൾ ജനസൗഹൃദമാണെങ്കിലും; അതല്ലാത്ത ഭൂരിപക്ഷമുള്ള പഴയ ബസ്സുകളാണിന്നും സാധാരണക്കാരുടെ ആശ്രയമെന്നോർക്കണം. സ്വകാര്യ ബസ്സുകളുടെ കാര്യവും വ്യത്യസ്തമല്ല. വൃത്തിഹീനതയാണ് പ്രധാന പ്രശ്‌നം ഓടിത്തുടങ്ങിയ ശേഷം മഴ വെളളം അല്ലാതെ മനുഷ്യൻ വെള്ളം അതിന്മേൽ ചൊരിഞ്ഞിട്ടില്ലെന്നത് വ്യക്തമാണ്. ബസ്സിനകത്താണെങ്കിലോ ഒരിക്കലും നിലത്ത് ക്ലീനിങ് ബ്രഷ് പതിഞ്ഞിട്ടില്ലെന്നത് കാഴ്ചയാനുഭവമാണ്. മണ്ണും കല്ലും മിടായി - കപ്പലണ്ടിതോടും , പേപ്പർ കഷ്ണങ്ങളും കാണും. ഡ്രൈവറുടെ ക്യാബിൻ ഒന്ന് മാത്രം കണ്ടാൽ അറിയാം ശുചിത്വമില്ലായ്മയുടെ ആഴം. എന്തിനു ഏറെ പറയുന്നു മുന്നിലെ കണ്ണാടിയിൽ നോക്കിയാൽ അതറിയാൻ സാധിക്കും.ഡ്രൈവറിന്റെ കാഴ്ച മറയ്ക്കുന്ന ഭാഗം മാത്രം തുടച്ചു വെടിപ്പാക്കി ബാക്കി ഭാഗം മറ്റാർക്കോ വേണ്ടി മാറ്റിവച്ചതുപോലെ കാണാം.
വൃദ്ധരെ ബസ്സ് യാത്രയെ ഭയപ്പെടുത്തുന്ന ഫുട് ബോർഡാണ് മറ്റൊരു വിഷയം. പൊക്കമുള്ള അതിൽ മടങ്ങാത്ത മുട്ട് മടക്കി വേദന സഹിച്ച് എത്തി വലിഞ്ഞു കയറി യാത്ര ചെയ്യേണ്ടി വരുമെന്ന ഭീതി. അതോർക്കുമ്പോൾ പലരും ബസ്സ് യാത്ര ഉപേക്ഷിക്കുയാണ്. എല്ലാവര്ക്കും എല്ലായ്പ്പോഴും പ്രാപ്തമല്ലാത്ത കുറച്ച് ലോ ഫ്ലോർ ഒഴിച്ച് സ്വകാര്യ ബസ്സുകളും വൃദ്ധർക്കും ശാരീരിക വൈകല്യമുള്ളവർക്കും ആ യാതന നൽകുന്നവയാണ്.
ബസ്സിന്റെ ടിക്കറ്റിനു മിനിമം എട്ടു രൂപയാകാം പക്ഷെ കയറുമ്പോഴു, ഇറങ്ങുന്പോഴും നോക്കി ഇറങ്ങിയില്ലെങ്കിൽ പണികിട്ടും. അത് ഉടു വസ്ത്രം കീറിയിട്ടോ ശരീരത്തിൽ രക്തം പൊടിച്ചിട്ടോ ആകാം. പഴകിയ തുരുമ്പായതുകൊണ്ട് ടെറ്റനസ് കുത്തിവയ്പ്പ് വേണ്ടി വരുമെന്ന് പലരും ആലോചിച്ച് ഉണ്ടാകാം. ഇതൊരു തുടർക്കഥയാണ്. പഴയ കുപ്പിയിൽ പുതിയ വീഞ്ഞെന്നതുപോലെ ബസ്സിനെ ഒന്ന് പെയിന്റടിച്ച് കുട്ടപ്പനാകുമ്പോൾ പാവം യാത്രക്കാർ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ എങ്ങനെ അറിയാൻ.
ലക്ഷങ്ങളുടെ ബസ്സിന്റെ ശോഭ കുറയ്ക്കുന്ന ഡോറിലെ കയർ ബന്ധനം ഒരു കുടുക്കാണ്. വാതിലിനെ അടയ്ക്കുന്നതിന് സഹയാകമായിട്ടാണ് അത് ബന്ധിച്ചിരിക്കുന്നതെങ്കിലും നോക്കി ഇറങ്ങിയില്ലെങ്കിൽ കഴുത്തോ കയ്യോ കുടുങ്ങാം . ഡോറിനെ വലിച്ചടക്കാൻ എളുപ്പമാണെങ്കിലും ഇറങ്ങുന്നവർക്ക് അതൊരു കുറുക്കു തന്നെ. വൃദ്ധർക്കോ അല്ലെങ്കിൽ ആരോഗ്യം ക്ഷയിച്ചവർക്കോ അത് വലിച്ചടക്കുക എന്നുള്ളത് അത്യദ്ധ്വാനമാണ് . പുതിയ പരീക്ഷണങ്ങളായ ലോ ഫ്ലോർ ബസ്സുകൾ ഇതിനൊരപ വാദമാണെങ്കിലും അത് കുറച്ചെയുള്ളു. കുറച്ചു പേർക്ക് മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. പുട്ടിനു തേങ്ങയിടുന്നതുപോലെ പുതിയ ബസ്സുകൾ പരീക്ഷിക്കാതെ പഴയ ബസ്സുകൾ ജനസൗഹൃദമാക്കിയോ വൃത്തിയും വെടിപ്പുള്ള ലോ ഫ്ലോർ ബസ്സുകൾ കൂടുതലായി നിരത്തിലിറക്കിയോ ടിക്കറ്റിനു പൈസ നൽകുന്ന സാധാരണ യാത്രക്കാർക്ക് മികച്ച ബസ്സ് യാത്ര സമ്മാനിക്കുക. അതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ലാഭം നേടുകയും ചെയ്യാം. അതാവണം ലക്ഷ്യവും