ഏഴാച്ചേരി രാമചന്ദ്രൻ
പ്രശസ്ത കവിയും ഗാന രചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രൻ തന്റെ ഓർമയിലെ ഓണക്കാലം അയ്യോ ഡോട്ട് ഇൻ നുവേണ്ടി പങ്കുവയ്കന്നു. കുട്ടിക്കാല-കൗമാര-വർത്തമാന കാലഘട്ടത്തിലെ വ്യത്യസ്തമായ തന്റെ ഓണാനുഭവങ്ങളെ തന്മയത്തമായി സ്വശൈലിയിലാണ് കവി പങ്കുവയ്ച്ചിരിക്കുന്നത്. മുത്തിയും, കളികളും,വിശേഷാൽ പ്രതികളും, കവിതയും, കവികളും, റേഡിയോയും, ദൃശ്യമാധ്യമങ്ങളും എല്ലാം ഏഴാച്ചേരിയുടെ ഓണം ഓർമകളിലെ കൂട്ടുകാരാകുന്നു. അവയിലൂടെ പല കാലഘട്ടത്തിലേയും ഓണ ചിത്രങ്ങൾ നമ്മുടെ മുന്നിലേക്ക് കവി വരയ്ച്ചിടുന്നു. താൻ രണ്ടാമതും പ്രസിഡണ്ട് പദം അലങ്കരിക്കുന്ന സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തക വില്പനശാലയായ സ്റ്റാച്യുവിലെ എൻബിഎസിന്റെ
പുസ്തകകൂട്ടിൽ നിന്ന് അദ്ദേഹം ഓർമ്മകളുടെ കെട്ട് അഴിച്ചപ്പോൾ വാക്കുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ് അനുഭവപ്പെട്ടത്.
"ഇന്നാണല്ലോ പാതാളം വിട്ട്
ഇങ്ങോട്ടെത്തുക മാവേലി
ആരും കരയരുത് ആരും കരയരുത്
അദ്ദേഹത്തിൻ തിരു മുൻപിൽ" പണ്ട് പണ്ട് എന്റെ കുട്ടിക്കാലത്ത് മാതൃഭൂമിയുടെ ഓണപ്പതിപ്പിൽ വന്ന ഒളപ്പമണ്ണയുടെ കവിതയിലെ നാല് വാരിയാണിത്. ഇപ്പോഴും എന്റെ മനസ്സിൽ ആ കവിത അങ്ങനെ സമൃദ്ധമായി നിറയെ പെയ്തു തിമിർത്തു നിൽക്കുന്നു. ഓണം മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയോത്സവമാണ്. ജാതിക്കും മതത്തിനും വർണ വർഗ വ്യതിയാനങ്ങൾക്കും വിഘടന വിധ്വംസക ചിന്തകൾക്കും അതീതമായി മലയാളി ഏത് ദേശത്തായാലും ഏതൊരു ജീവിതാവസ്ഥയിലായാലും ഒന്ന് എന്ന ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന മധുരോദാരമായ ഒരു വികാരം തന്നെയാണ് ഓണം. അത് വളരെ വിപുലമായ ഒരർത്ഥത്തിൽ ആത്യന്തികമായ പരിശോധനയിൽ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട് കാർഷിക സംസ്‌കൃതിയുടെ വിളവെടുപ്പ് ഉത്സവം എന്ന പറയുന്നതാണ് ഏറ്റവും ശരി.
ഒരു ചെറിയ കുട്ടിയായി ഞാനെന്റെ ഗ്രാമത്തിലെ വീട്ടിൽ കഴിയുന്ന കാലത്ത് ഓണത്തിനുണ്ടായിരുന്ന വളരെ പ്രധാനപ്പെട്ട ഒരു കൗതുകം തിരുവോണത്തിന്റെ തലേ ദിവസം ഉത്രാടം. ഉത്രാടത്തിന്റെ അന്ന് വൈകുന്നേരം വളരെ കൃത്യമായ ഒരു ഒരു പരിപാടിയുണ്ടായിരുന്നു. ഈച്ചയ്ക്കും ഉറുമ്പിനും വയ്ക്കുക എന്നായിരുന്നു അന്ന് ഗ്രാമത്തിൽ പറയുന്ന അതിന്റെ പേര്. വാഴയില ചെറുതായി നുറുക്കി(നറുക്കില). ആ നറുക്കിലയിയുടെ അകത്ത് പഴവും ശർക്കരയും അവലും മലരുമെല്ലാം ചേർത്തുണ്ടാക്കിയ പ്രത്യേകമായ ഒരു മിശ്രിതം അത് വീടിന്റെ എല്ലാ ഭാഗത്തും നാലുവശത്തും അടുക്കളയുടെ മുൻവശത്ത് തൊഴുത്തിലേക്ക് പോകുന്ന വഴിയിൽ കിണറ്റിലെ വെള്ളം കോരാൻ പോകുന്ന വഴിയിൽ നടവഴികളിൽ എല്ലാം സ്ഥലത്തും ഈ നറുക്കിലയിൽ ഈ പ്രത്യേകമായ മധുര പദാർത്ഥം വിളമ്പിവച്ച് ഒരു തിരിയും കൊളുത്തിവയ്ക്കും. എല്ലാ ഇലയിലും. എന്നിട്ട് കുട്ടികളായ കുടുംബാംഗങ്ങൾ എല്ലാവരും ഉറക്കെ വിളിച്ചുകൂവുന്നത്. മുത്തിയുണ്ടോ മുത്തിയുണ്ടോ എന്നിങ്ങനെയാണ്. മുത്തിയുണ്ടോ എന്ന് പറഞ്ഞാൽ മുത്തിവന്ന് ഇത് കഴിക്കണം എന്നാണ് അർഥം. അതായത് മുത്തശ്ശിയമ്മ എന്നുള്ള ആ പ്രകൃതിയുടെ മുത്തശ്ശിയെ വിളിച്ചുവരുത്തൂകയാണ് ചെയ്യുന്നത്. മൂശേട്ടയായ ഒരു മുത്തശ്ശിയെക്കുറിച്ചുള്ള ഓർമയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവാം. മുഴുവൻ സർവ ജീവ ജാലങ്ങളും പക്ഷികളും മൃഗങ്ങളും ഈച്ചയും പുഴുവും ഉറുമ്പും എല്ലാം മൃഷ്ടാനമായി ഭക്ഷണം കഴിച്ചതിനു ശേഷം മാത്രമേ തിരുവോണത്തിന് നാം ഭക്ഷണം കഴിക്കാവൂ എന്ന സങ്കല്പമാണിതിന്റെ പുറകിൽ. അതായത് സമ ജീവികളോട് പ്രകൃതിയോട് മുഴുവൻ സമരസപ്പെടുന്ന മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ജീവിത വികാരത്തിന്റെ ഒരു പര്യായപദം എന്ന നിലയിൽ ഇങ്ങനെ മുത്തിയുണ്ടോ മുത്തിയുണ്ടോ എന്ന് വിളിക്കുമ്പോഴ് ഏറ്റവും ഉറക്കെ വിളിച്ചു കൂവാനുള്ള ലൈസെൻസ് കുട്ടികളായ ഞങ്ങൾക്ക് ഉണ്ടാകുമായിരുന്നു. എത്ര ഉറക്കെ വിളിച്ചുപറഞ്ഞാലും ശബ്ദം എടുക്കുന്നതിനെ വീട്ടുകാർക്ക് നിയന്ത്രിക്കാൻ കഴിയുകയില്ല . അതിനുള്ള ഒരു പ്രത്യേക അവകാശമുണ്ടായിരുന്നു. ഓണത്തിന്റെ വളരെ വിശേഷപ്പെട്ട പൊതു പരിപാടിയായി ഇതെനിക്ക് തോന്നുന്നുണ്ട്.
പുതിയ യന്ത്ര നാഗരികതയുടെ സംസ്കാരം ഉണ്ടായ കാലഘട്ടത്തിൽ ഇങ്ങനെയുള്ള വളരെ ചെറിയ ചില ആചാരമര്യാദകൾ ഇല്ലാതെപോയിട്ടുണ്ട്. പശുക്കൾക്കും എരുത്തിൽ നിൽക്കുന്ന ഉഴവ് കാളകൾക്കുമൊക്കെ സമൃദ്ധമായ ഭക്ഷണം കൊടുക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ഓണത്തിന് അതെല്ലാം കഴിഞ്ഞിട്ടാണ് തിരുവോണത്തിന് ഗൃഹംഗങ്ങൾ മുഴുവൻ ഇരുന്ന് ഇല വയ്ക്കുന്നത്. അതുപോലെ ഒരു പ്രത്യേകത തിരുവോണത്തിന്റെ അന്ന് വീട് അടിച്ചു വാരുകയോ മുറ്റം തൂത്ത് വൃത്തിയാക്കുകയോ ഒന്ന് ചെയ്യുകയില്ല. തലേദിവസമാണ് അത് മുഴുവൻ ചെയ്യുന്നത്. എന്നു പറഞ്ഞാൽ എല്ലായിപ്പോഴും വളരെ ക്ളീനായി കിടക്കുന്നതുകൊണ്ട് മഹാബലിയെ പറ്റിക്കാനാണ് ഇത് ചെയ്യുന്നത്. അത് കൊണ്ട് ഉത്രാടത്തിന്റെ അന്ന് വൈകുന്നേരം അകവും പുറവും മുറ്റവും തൊടിയും എല്ലാം തൂത്ത് വൃത്തിയാക്കിയാൽ തിരുവോണത്തിന്റെ അന്ന് ചൂലെന്ന പറയുന്നത് കൈകൊണ്ടതോടുകപോലുമില്ല. ഇത് ഓണത്തിന്റെ ഒരു പ്രത്യേകതയാണ്. കുറേക്കൂടി മുതിർന്നപ്പോൾ ഓണത്തിനെകുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട സങ്കല്പമുണ്ടായത് നാല് നേരവും നല്ലതുപോലെ ഭക്ഷണംകഴിക്കാൻ കഴിയുന്ന ഒരവസ്ഥയാണ്. ഉച്ചയ്ക്ക് നല്ലതുപോലെ ചതുർവിത വിഭവങ്ങളെല്ലാം കൂടി പായസമെല്ലാം കൂട്ടി ഊണുകഴിച്ചാൽ വൈകുന്നേരം സാധാരണ ദിവസങ്ങളിൽ വീട്ടിൽ ഏതെങ്കിലും ചെറിയ പലഹാരവുമായിട്ടാണ് വൈകുന്നേരത്തെ ചായ കുടിയെങ്കിൽ ഓണദിവസത്തെ വൈകുന്നേരങ്ങളിൽ ആ ചായകുടിക്കുപകരം ഭക്ഷണം ചോറ് തന്നെ. വിഭവങ്ങളെല്ലാം കൂട്ടി കഴിക്കുന്ന ഒരു രീതി ഞങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്നു. രാത്രിയിലും അങ്ങനെ തന്നെ.
തലപന്തുകളിയെന്നു പറയുന്ന വിനോദമാണ് ഞാനടക്കമുള്ള കുട്ടികൾക്ക് ഗ്രാമത്തിൽ ഓണവുമായി ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വിശേഷം. ഒറ്റ ഇരട്ട പിടിശ്ശി, ഇണ്ടൻ എന്നൊക്കെയാണ് അതിനു പേര് കൊടുക്കുന്നത്. അങ്ങനെ പലതരത്തിൽ എട്ട് പത്ത് മത്സരങ്ങൾ കഴിഞ്ഞ് അവസാനം ഫൈനൽ മത്സരം. അതിൽ ജയിക്കുന്നർക്ക് പ്രത്യേക സമ്മാനം നൽകും. ഗ്രാമങ്ങളിൽ സാംസ്കാരിക സംഘടനകൾ ഇപ്പോഴും ഓണത്തോടനുബന്ധിച്ച തലപ്പന്തുകളി മത്സരമായി നടത്തുന്നുണ്ട്. ചില ഇടങ്ങളിൽ വളരെ കാര്യമായി തന്നെ വള്ളം കളിയും വള്ളം തുഴയിലും പോലെ വെള്ളത്തിലെ ആഘോഷങ്ങൾ നടത്തുന്നത് കാണാനുള്ള സംഗതിയുണ്ടായിട്ടിണ്ട്.
കുറേക്കൂടി മുതിർന്ന കലാലയത്തിലൊക്കെ പഠിക്കുന്നതിന് മുൻപ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയായി മാറിയപ്പോൾ ഓണം എന്ന് പറയുന്നതിന്റെ ഓര്മ ആദ്യമായി എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് ഓരോതരം വിശേഷാൽ പ്രതികളുടെ പരസ്യങ്ങൾ പത്രങ്ങളിൽ വരുമ്പോഴാണ്. അതിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ മുഴുവൻ വിശേഷാൽ പ്രതികൾ ഓണത്തിന് പ്രത്യേകമായ പതിപ്പുകൾ ഇറക്കും. ആ ഓണത്തിനിറങ്ങുന്ന മാതൃഭൂമിയും ജനയുഗവും മനോരമയും കൗമുദിയും എന്നിവയെല്ലാം വായിക്കുന്നതിനു വേണ്ടിയിട്ട് ആവേശത്തോടെ കാത്തിരുന്ന ഒരു ഭൂതകാല കൗമാരം എനിക്ക് ഉണ്ടായിരുന്നു. കൗമുദിയിൽ ഒരുപാട് കഥാപ്രസംഗക്കാരുടെ പരസ്യങ്ങളുൾപ്പെടെ മാതൃഭൂമിയിൽ വളരെ കുലീനമായ കവിതകൾ കൊണ്ട് സമ്പന്നമായിരുന്നു. ദേശാഭിമാനി, ജനയുഗം ഇതെല്ലാം വായിക്കുവാൻ വിലകൊടുത്ത് വാങ്ങാൻ കഴിയാത്തതുകൊണ്ട് അയല്പക്കത്ത്നിന്നൊക്കെ കടം വാങ്ങി വായിക്കുകയാണെകിൽ പോലും മഹാകവി ജി ശങ്കരക്കുറുപ്പ്,വയലാർ രാമാവർമ്മ, ഒഎൻവി, ബാലാമണിയമ്മ, അക്കിത്തം, ഒളപ്പമണ്ണ ഇവരുടെയെല്ലാം കവിതകൾ ഓണപ്പതിപ്പിലൂടെ വായിക്കുക എന്നത് ഏറ്റവും മധുരോദാരമായ അനുഭവമായിരുന്നു.
ഇതിനെക്കാളും വിശേഷമായി തോന്നിയിരുന്നത്. ക്യാബിൾ ചാനലോ, ദൂരദർശനോ ഒന്നും പിറക്കുന്നതിന് മുൻപ് ആകാശവാണി മാത്രം ഉണ്ടായിരുന്ന ഒരു ഭൂതകാലത്ത് ആകാശവാണിയുടെ വളരെ വലിയ കോളാമ്പിയുടെ ചുവട്ടിൽ വായന ശാലയിൽ ഒക്കെ പോയിരുന്ന കവി സമ്മേളനം കേൾക്കുകയെന്നത് ഏറ്റവും വലിയ ഒരനുഭൂതിയായിരുന്നു. അത് മിക്കവാറും തിരുവോണത്തിന്റെ തലേദിവസമാണ് കവി സമ്മേളനം ഉണ്ടാവുക. മഹാകവി ജി ശങ്കരക്കുറുപ്പ്, അക്കിത്തം, കെ കെ രാജ, ഒളപ്പമണ്ണ, ബാലാമണിയമ്മ, വൈലോപ്പിള്ളി ഇവരുടെയെല്ലാം കവിതകൾ ഉണ്ടാകും. വളരെ വ്യത്യസ്തമായ ശബ്ദങ്ങളിൽ ഒട്ടുമേ സംഗീതമില്ലാതെ സംഗീത നിരപേക്ഷമായ ശബ്ദത്തിൽ ഇവർ കവിത ചൊല്ലുമ്പോൾ അതിലെ സംഗീതം ആസ്വദിക്കാനിരിക്കാതെ കവിതയുടെ അന്തരാത്മാവിലേക്കുള്ള കിളിവാതിൽ തുറന്നു കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം വളരെ വലുതായിരുന്നു. ഇന്നിപ്പോൾ എല്ലാം കഴിഞ്ഞു. പശുവും ചത്ത് മോരിലെ പുളിയും കെട്ട ഒരവസ്ഥ ഉണ്ടാകുമ്പോൾ സങ്കടം തോന്നുന്നത് ചാനലുകളാണ് ഓണം ആഘോഷിക്കുന്നത് കാണിമ്പോഴാണ്. ചാനലുകളിലേക്ക് പാട്ടെഴുതാൻ വേണ്ടിയിട്ട് ഓണ കാസറ്റുകൾക്ക് പാട്ടെഴുതാൻ വേണ്ടി എല്ലാം ആളുകൾ വന്ന് തിരക്കുമ്പോഴാണ് ഓണം വന്നല്ലോ എന്ന് വളരെ പെട്ടെന്ന് നമുക്ക് ഓര്മ വരുന്നത്. അങ്ങനെ ഒരുപാട് മാറ്റങ്ങൾ യന്ത്ര നാഗരികത ഓണത്തിനെ അതിന്റെ ഗൃഹാതുരതയെ അതിന്റെ മനോഹരമായ ശ്യാമ സങ്കല്പങ്ങളെ നമ്മളിൽ നിന്ന് കവർന്ന് എടുത്തുകൊണ്ട് പോകുന്ന ഒരവസ്ഥ ഇപ്പോൾ സംജാതമായിട്ടുണ്ട്. അതിനെതിരെ ആരാണ് പ്രതികരിക്കേണ്ടത് എന്നെനിക്കറിഞ്ഞുകൂടാ.
"ഇന്നാണല്ലോ പാതാളം വിട്ട്
ഇങ്ങോട്ടെത്തുക മാവേലി
ആരും കരയരുത് ആരും കരയരുത്
അദ്ദേഹത്തിൻ തിരു മുൻപിൽ" പണ്ട് പണ്ട് എന്റെ കുട്ടിക്കാലത്ത് മാതൃഭൂമിയുടെ ഓണപ്പതിപ്പിൽ വന്ന ഓളപ്പമണ്ണയുടെ കവിതയിലെ നാല് വാരിയാണിത്. ഇപ്പോഴും എന്റെ മനസ്സിൽ ആ കവിത അങ്ങനെ സമൃദ്ധമായി നിറയെ പെയ്തു തിമിർത്തു നിൽക്കുന്നു. ഓണം എന്ന ഏറ്റവും അനവദ്യ സുന്ദരമായിട്ടുള്ള അനുഭൂതി എല്ലാ ജാതിയുടെയും മതത്തിന്റെയും വികാരങ്ങൾക്കതീതമായി മാനുഷ്യരെല്ലാവരും ഒന്നുപോലെ എന്ന മുദ്രാവാക്യം കൂടുതൽ സാര്ഥകമാകുന്നതിലൂടെ മാത്രമേ ഓണത്തിന്റെ അർഥപൊരുളുകൾക്ക് ആത്മസംതൃപ്തിയുണ്ടവുകയുള്ളു. അതിനുവേണ്ടിയാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.