നമ്മുടെ കുടുംബത്തിലേക്ക് കടന്നു വരുന്ന സീരിയലുകളെ രണ്ടു കൈയും നീട്ടി സ്വീകരിക്കണമോ വേണ്ടയോ എന്ന് വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചാനൽ മത്സരം കൊഴുക്കുമ്പോൾ എന്തും കാണിച്ച് കുടുംബ പ്രേക്ഷകരെ സീരിയൽ അടിമകളാക്കുക എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ ട്രെൻഡ് കൈക്കുഞ്ഞുങ്ങളാണ്. കുട്ടികളെ കഥാപാത്രങ്ങളാക്കി മടുത്തു തുടങ്ങിയപ്പോൾ സീരിയലുകാർ ഇപ്പോൾ കുടുംബ പ്രേക്ഷകരെ പാട്ടിലാക്കാൻ കൈക്കുഞ്ഞു തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ്. ഒരു ചാനൽ സീരിയലിൽ ഒരു കൈക്കുഞ്ഞു കഥാപാത്രമായി തകർക്കുകയാണ്. അപ്പോൾ പിന്നെ മറ്റുള്ള ചാനലിലെ സീരിയലുകളിലും മത്സരത്തിന്റെ ഭാഗമായി കൈക്കുഞ്ഞിനെ അഭിനയിപ്പിക്കാതിരിക്കാൻ കഴിയുമോ. അങ്ങനെ ഒരു ചാനലിലെ സീരിയലിൽ ഒന്നിന് പകരം മൂന്നുണ്ട് കൈക്കുഞ്ഞുങ്ങൾ. പോരാത്തതിന് എട്ടുംപൊട്ടും തിരിയാത്ത ആ പിഞ്ചുകുഞ്ഞിനു നേരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈത്തോക്ക് ചൂണ്ടുകയും ചെയ്യുന്നു. ഏതു പെറ്റമ്മയ്ക്കാണ് ഇത് സഹിക്കാൻ കഴിയുക. സ്ത്രീകളുടെ ആ വികാരമാവണം അവർ മുതലെടുക്കുന്നതും.. ഇതിങ്ങനെ തുടർന്നാൽ കൈക്കുഞ്ഞുങ്ങളോടുള്ള പല ക്രൂരതകളും കുടുംബ പ്രേക്ഷകർ പല സീരിയലുകളിലും കാണേണ്ടി വരും. റേറ്റിങ്ങും പരസ്യ ലാഭവും സീരിയലുകളെ സാമൂഹ്യ പ്രതിബദ്ധതയിൽ നിന്ന് അകറ്റുമ്പോൾ അങ്ങനെയുള്ളതിനെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ പ്രേക്ഷകരും സെൻസർ ചെയ്യാൻ മാധ്യമങ്ങളും തടയിടാൻ സർക്കാരും ശ്രമിക്കേണ്ടതാണ്.