നമ്മുടെ നാട്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് സംസ്‌കാരം വര്‍ദ്ധിച്ചു വരികയാണ്. അത് പുതിയ വന്‍കിട സ്ഥാപനങ്ങള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റും മാളുകളുമായി കടന്നു വരുന്നതിനും അവര്‍ തമ്മിലുള്ള മത്സരത്തിന് കളമൊരുക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഉപഭോക്താക്കളെ അവിടേയ്ക്ക് ആകര്‍ഷിച്ച് ലാഭം കൊയ്യുന്നതിന് വിവിധ പദ്ധതികളും സൗകര്യങ്ങളുമൊരുക്കി കാത്തിരിക്കുകയാണ് അവർ . ഒരു കുടക്കീഴില്‍ എല്ലാം , അതായത് ബ്രാന്‍ഡഡ് നോണ്‍ ബ്രാന്‍ഡഡ് സാധനങ്ങള്‍ വിലപേശാതെ ആവശ്യാനുസരണം സ്വാതന്ത്ര്യത്തോടെ തെരഞ്ഞെടുക്കാം എന്ന സൂപ്പര്‍മാര്‍ക്കറ്റ് മായാജാലത്തില്‍ വീണിരിക്കുയാണിന്ന് ഉപഭോക്താക്കള്‍.
പുതിയ തെരഞ്ഞെടുപ്പിലും സ്വാതന്ത്ര്യത്തിലും മതിമറന്ന് സാധനങ്ങള്‍ യഥേഷ്ട്ടം എടുത്ത് ബാസ്‌കറ്റും ട്രോളിയും നിറയ്ക്കുന്നവര്‍ ബില്ലടിച്ചു പണം കൊടുത്തു കഴിയുമ്പോള്‍ ആ സാധനങ്ങൾ ബില്ലുമായി ഒത്തുനോക്കുന്നത് അപൂർവമാണ്. അത് ശീലമാക്കിയാൽ ചിലപ്പോൾ കുറച്ച് പൈസ/പണം തിരികെ ലാഭിക്കാം. കാരണം സൂപ്പർ മാർക്കറ്റിലെ ഷെൽഫിൽ വച്ചിരിക്കുന്ന പാക്കിങ് സാധനങ്ങളുടെ പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന വിലയും ബില്ലിലെ വിലയും തമ്മിൽ പൊരുത്തപ്പെടാത്തതാണ് കാരണം. ഉദാഹരണത്തിന്
കൽക്കണ്ടത്തിനു(ഷുഗർ കാൻഡി) 200 ഗ്രാമിന് 24 രൂപയാണ് പായ്ക്കറ്റിൽ കുറിച്ചിരിക്കുന്നത്. ഇത് കണ്ടാകും നമ്മൾ ഒന്നോ - അഞ്ചോ അതിൽ കൂടുതലോ എടുക്കും. ഇത് ബില്ലടിക്കുമ്പോൾ 27 രൂപ വീതമാകുകയാണെങ്കിലോ? മൂന്നു രൂപവീതം നമ്മൾ അധികം നൽകേണ്ടിവരുന്നു. ഇത് പോലെ മറ്റു സാധനങ്ങൾക്കും സംഭവിക്കാം.
എന്തുകൊണ്ടിങ്ങനെ എന്ന് വച്ചാൽ, ഷെൽഫിലെ സാധനവിലയും ബില്ലിംഗ് സോഫ്ട്‍വെയറിൽ രേഖപ്പെടുത്തിയ വിലകളും തമ്മിലുള്ള പൊരുത്തക്കേടുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നമ്മൾ പായ്ക്കറ്റിൽ കണ്ടതെത്രയോ അത് മാത്രം നൽകിയാൽ മതി. അതിനു നമ്മൾ ഒരല്പം ബുദ്ധിമുട്ടാൻ തയ്യാറാകണം. അവിടവാച്ചോ വീട്ടിൽപ്പോയോ സാധങ്ങളുടെ വില ബില്ലിലെ വിലയുമായി തട്ടിച്ച് നോക്കി ഏറ്റക്കുറച്ചിൽ കണ്ടാൽ ആ സാധനങ്ങളും ബില്ലുമായി വന്നു സ്ഥാപനത്തിലെ കസ്റ്റമർ കെയറിൽ ബന്ധപ്പെടുകയാണെങ്കിൽ പൈസ/പണം തിരികെ ലഭിക്കും. പലരും അതിനു മെനക്കെടാറില്ല. അവർ ഒരുക്കുന്ന ഓഫാറുകളുടെ പെരുമഴയിൽ ഇത് സർവസാധാരണമാകാം. അതുകൊണ്ട് സൂപ്പർ മാർക്കറ്റിനുള്ളിൽ ചുറ്റിത്തിരിഞ്ഞു സമയം കളയുന്നവർ അവിടത്തെ ബില്ലിലും സൂപ്പർ നോട്ടംകൊടുക്കുവാൻ സമയം കണ്ടെത്തണം.