TALKS18/01/2016

ചിത്രങ്ങൾ ചരിത്രങ്ങളാക്കിയ ഒരു ഫോട്ടോജേർണലിസ്റ്റിന്റെ അനുഭവങ്ങൾ

SUNIL KUMAR
ഹാരിസ് കുറ്റിപ്പുറം
2015 ഒക്ടോബർ 15 കേരളത്തിനു ഒരിക്കലും മറക്കാൻ കഴിയില്ല. ഒപ്പം  മാധ്യമം പത്രത്തിന്റെ മുൻ പേജിൽ വാറഴിപ്പിക്കുന്ന  ജനാധിപത്യം  എന്ന തലക്കെട്ടിൽ  അച്ചടിച്ചുവന്ന ചിത്രത്തെയും ആ ചിത്രം പകത്തിയ ഹാരിസ് കുറ്റിപ്പുറത്തെയും.   പ്രധാന വാർത്തകൾ വാക്കുകളിൽ കോളങ്ങളായി നിറയുന്ന പത്രത്തിന്റെ മുൻ താളിൽ വാക്കുകളുടെ കസറത്തില്ലാതെ അടിച്ചു വന്ന ആ ചെറു ചിത്രം മറ്റു വാർത്തകളെ പിന്നിലാക്കി കേരളത്തിലാകേ വൻചര്ച്ചയ്ക്കാണ് വഴിയൊരുക്കിയത്. ജനങ്ങളുടെ പ്രതികരണം പെട്ടെന്ന് സാദ്ധ്യമായ സമൂഹമാധ്യമങ്ങളിൽ ആ ചിത്രം വൈറലായതോടെ, പ്രമുഖ ദൃശ്യമാധ്യമങ്ങളും അതേറ്റെടുത്ത് ചച്ചചെയ്തു. ചിത്രത്തോടൊപ്പം ചാനൽ ചർച്ചകളിൽ ദീര്ഘനേരം ഹാരിസ് കുറ്റിപ്പുറത്തിനും പങ്കെടുക്കേണ്ടിവന്നു. കേരള ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ഒരു ചിത്രവും ഫോട്ടോഗ്രാഫറും ഇത്രയേറെ ചര്ച്ച ചെയ്യപ്പെടുന്നത്. 
1991 ൽ മാധ്യമത്തിൽ ഫോട്ടോ ജേർണലിസ്റ്റായി പ്രവേശിച്ച  ഹാരിസ് കുറ്റിപ്പുറത്തിന്റെ കാൽനൂറ്റാണ്ടു നീളുന്ന പ്രവര്ത്തനപരിചയത്തിന്റെ മികവാണ്  ഒറ്റ നോട്ടത്തിൽ വലിയ വാര്ത്ത ഒളിഞ്ഞു കിടക്കുന്ന ആ ചെറു ചിത്രം.   വലിയ ഒച്ചപ്പാടുണ്ടാക്കിയില്ലെങ്കിലും 25 വര്ഷത്തെ ഫോട്ടോജേർണലിസ്റ്റ് ജീവിതത്തിനിടയിൽ ഹാരിസ് പകത്തിയ പല ചിത്രങ്ങളും കേരള സമൂഹത്തിൽ നിശബ്ദമായി സംസാരിച്ചിരുന്നു.  അന്നും ഇന്നും വാർത്താചിത്രലേഖനം ഒരാവേശമായി കരുതുന്ന തിരുവനന്തപുരം മാധ്യമത്തിലെ  ചീഫ്ഫോട്ടോഗ്രാഫറായ ഹാരിസ് കുറ്റിപ്പുറം തന്റെ കൽനൂറ്റാണ്ടു നീളുന്ന ഫോട്ടോജേർണലിസ്റ്റ് അനുഭവങ്ങൾ  അയ്യോ!യോട് പങ്കുവയ്ക്കുന്നു.
(കേരളചരിത്രത്തിലാദ്യമായി ഒരു
ഫോട്ടോജേർണലിസ്റ്റിന് ഒളിവിൽ കഴിയേണ്ടിവന്ന അനുഭവങ്ങൾ, കണ്ണ്നനയിപ്പിച്ച അനുഭവങ്ങൾ. കൊലക്കത്തിപ്പിടിയിൽനിന്ന് രക്ഷപ്പെട്ട അനുഭവങ്ങൾ,ക്രൂരമര്ദ്ദനമേറ്റ അനുഭവങ്ങൾ,കെ കരുണാകരനിൽ ദർശിച്ച വിചിത്രസ്വഭാവം, സംസ്ഥാന സ്കൂൾ കലോത്സവ അനുഭവങ്ങൾ,എസ് എസ് റാമിന്റെ ഓർമ്മകൾ തുടങ്ങിയവ  ഈ അഭിമുഖത്തിലൂടെ വായിച്ചറിയാം )

സ്പീക്കറുടെ ചെരുപ്പിന്റെ വാറഴിക്കുന്ന ചിത്രം വൻചർച്ചക്ക് വഴിവച്ചല്ലോ അത് ക്യാമറയിൽ പകർത്താനുണ്ടായ  സാഹചര്യം?

നിയസഭാവളപ്പിലെ കൊയിത്തുത്സവത്തിന്റെ പടമെടുക്കാനാണ്  ഞാനവിടെപോയത്.  അപ്പോഴാണ്‌ കറ്റമെതിക്കാനയി അവിടെയെത്തിയ സ്പീക്കർ എൻ ശക്തൻ തന്റെ ചെരുപ്പിന്റെ വാർ സ്വന്തം ഡ്രൈവറെക്കൊണ്ട് അഴിപ്പിക്കുന്ന ദൃശ്യം പെട്ടെന്ന് എന്റെ കണ്ണിൽ പതിഞ്ഞത്.    ആ നിമിഷം ഞാൻ ഷോക്കായിപ്പോയി.  പടമെടുത്ത് ഉടൻ ഞാൻ അവിടെനിന്ന് പോയി. അങ്ങനെയൊരു ചിത്രം കിട്ടുമെന്ന മുൻവിധിയോടെ അല്ല  അവിടെ നിന്നത്.  മറ്റു ഫോട്ടോഗ്രാഫർമാരും ചാനൽ ക്യാമറമാന്മാരോടപ്പമാണ് ഞാൻ നിന്നതും.  ആ ഡ്രൈവറുടെ പേര് ചോദിക്കാനും നിന്നില്ല.  പേര് ചോദിച്ചുരിന്നുവെങ്കിൽ അയാൾ പിന്നെയത് വർക്കൗട്ട് ചെയ്യുമായിരുന്നു.

നിയസഭാവളപ്പിലെ കൊയിത്തുത്സവത്തിൽ കറ്റമെതിക്കാൻ സ്പീക്കർ എൻ ശക്തൻ തന്റെ
ചെരുപ്പിന്റെ വാർ സ്വന്തം ഡ്രൈവറെക്കൊണ്ട് അഴിപ്പിക്കുന്നു. ചിത്രം: ഹാരിസ് കുറ്റിപ്പുറം

എന്താണ് ഷോക്കടിപ്പിച്ചത്?
കീഴ്‌ജീവനക്കരനെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലാത്ത ഒരു പ്രവർത്തി ഉത്തരവാദിത്വപ്പെട്ട ഒരു വ്യക്തി ചെയ്യിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഷോക്ക്.  മാത്രുവുമല്ല കേരളത്തിൽ ഇതുപൊലെരു സംഭവം ഞാൻ മുൻപ് കണ്ടിട്ടില്ല. കേരളീയർ വലിയ സംസ്കാര സമ്പന്നരാണെന്ന് അഹങ്കരിക്കുമ്പോൾ തന്നെ കീഴ്ജീവനക്കാരെക്കൊണ്ട് ചെരിപ്പിന്റെ വാർ അഴിപ്പിക്കുക എന്നത് ഒരിക്കലും യോജിക്കുന്നതല്ല.  അതിനോട് യോജിക്കാനും കഴിയില്ല. സാധാരണ നമ്മളൊക്കെ ചെരുപ്പിന്റെ വാർ അഴിക്കുനത് കുനിയാതെ  കാലുപോക്കിവച്ച് അവനവൻ തന്നെയല്ലേ!
കാൽനൂറ്റാണ്ടുകാലത്തെ ഫോട്ടോജേർണലിസ്റ്റനുഭവമുള്ള ഹാരിസ്പകര്ത്തിയ സ്പീക്കറുടെ ചിത്രത്തിനു പിന്നിലെ സത്യവും അറിയേണ്ടതല്ലേ?

സ്പീക്കർ എന്തുകൊണ്ട് ഡ്രൈവറെക്കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ചു എന്നന്വേഷിക്കേണ്ടകാര്യമെനിക്കില്ല.  മുന്നിൽക്കണ്ട സത്യസന്ധമായ ഒരു ദൃശ്യം പകർത്തി എന്റെ പത്രത്തിനു നല്കി. പിറ്റേദിവസം ഒരു വരി വാർത്തപോലും ഇല്ലാതെ തലക്കെട്ടും അടിക്കുറുപ്പും മാത്രം വച്ചിറങ്ങിയ ആ ചിത്രം ചോദിക്കേണ്ടത്‌ ചോദിക്കുകയും അറിയേണ്ടത് അറിയുകയും ചെയ്തു. പറയേണ്ട കാര്യങ്ങൾ അന്ന് ചാനൽ ചർച്ചകളിൽ ഞാൻ പറയുകയും ചെയ്തു.  കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ട് ഒരു ഫോട്ടോ ഒരു ദിവസംമുഴുവൻ ചർച്ചയ്ക്ക്കാരണമായെങ്കിൽ ആ ചിത്രം കേരളസമൂഹം  ഏറ്റുവാങ്ങിയതുകൊണ്ടാണ്.
മറ്റു ഫോട്ടോഗ്രാഫർമാർ  സംഭവം കണ്ടില്ലേ?
മറ്റു ഫോട്ടോഗ്രാഫർമാരും-ക്യാമറമാന്മാരും അവിടെ ഉണ്ടായിരുന്നു.  അവരാരും ശ്രദ്ധിച്ചിരിക്കില്ല.  ശ്രദ്ധിച്ചെങ്കിൽ   തന്നെ അതിലൊരു വാർത്തയുണ്ടെന്നു കരുതിക്കാണില്ല.  ചിലപ്പോൾ, ചിത്രമെടുത്ത് സ്ഥാപനത്തിന് കൊടുത്തത് അച്ചടിക്കാത്തതാകാം.
നിയമസഭയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം
നിയസഭയിൽ(2012) രാഷ്ട്രപതി പ്രണബ് മുഖർജി പ്രസംഗിക്കുന്നവേളയിൽ ഞാൻ പകർത്തിയ ഉറങ്ങുന്ന  മന്ത്രിമാരുടെ ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രപതി പ്രസംഗിക്കുന്ന പടവും മന്ത്രിമാരുടെ ഉറക്കത്തിന്റെ പടവും ഞാൻ പത്രത്തിനു അച്ചടിക്കാൻ നല്കിയെങ്കിലും,പിറ്റെ ദിവസത്തെ പത്രത്തിന്റെ മുൻ പേജിൽ   മന്ത്രിമാർ ഉറങ്ങുന്ന പടമാണ് അടിച്ചു വന്നത് .  അന്നും മറ്റു ഫോട്ടോഗ്രാഫർമാരും കൂടെയുണ്ട് അവരാരും അതെടുത്തില്ല.   പത്രത്തിൽ അടിച്ചു വന്ന ചിത്രം കണ്ട് അന്നത്തെ സ്പീക്കർ ജി കാർത്തികേയൻ  "ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ  മിടുക്കനെന്നാണ് "പറഞ്ഞത് .

29/10/2012 ന് കേരള നിയമസഭയിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി പ്രസംഗിക്കുമ്പോൾ മന്ത്രിമാര് ഉറങ്ങുന്നു. ചിത്രം: ഹാരിസ് കുറ്റിപ്പുറം
എന്തുകൊണ്ട് അവർക്കാ ചിത്രം ലഭിച്ചില്ല?
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പടമെടുത്ത് ബാക്കിയുള്ളവർ ഗ്യാലറിയിൽ കയറി ഇരുന്നു.  ഞാനിരുന്നില്ല. ഒന്നരമണിക്കൂർ ഞാനവിടെത്തന്നെ നിന്ന്‌ വ്യത്യസ്തമായ പടത്തിനുവേണ്ടി ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടെയിരുന്നു. അതിന്റെ ഫലമാണ് ആ വാർത്താ ചിത്രം.  അവരോടൊപ്പം ഞാനും പോയി ഇരുന്നെങ്കിൽ ആ ചിത്രം എടുക്കാൻ കഴിയില്ലായിരുന്നു.
വേറെയും ഞെട്ടിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ?
ഉണ്ട്, ഞാൻ വർഷങ്ങളായി പിന്തുടർന്നിരുന്ന തോമസെന്ന് പേരുള്ള എയിഡ്സ് രോഗിയുണ്ടായിരുന്നു.  എയിഡ്സ് കാരണം ഭാര്യ നേരത്തെ മരിച്ചുപോയ തോമസിന്റെ മൂന്നുകുട്ടികളിൽ ഒരു പെണ്‍കുട്ടിക്കും ഒരാണ്‍കുട്ടിക്കും രോഗമുണ്ടായിരുന്നു.  പന്ത്രണ്ടു വർഷങ്ങൾക്കുമുമ്പ്(2003)ഒരു പരിപാടിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയപ്പോഴാണ് അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന തോമസ്‌ മരിച്ച വിവരം അറിയുന്നത്.  ഉടൻ തോമസിന്റെ മൃതദേഹത്തിനരുകിലെത്തി. എന്നെ കണ്ടപ്പോൾ ഒരു മകൾ ചലനമറ്റുകിടക്കുന്ന തോമസിന്റെ കൈപിടിച്ച് എന്നെ നോക്കി പൊട്ടികരയുകയാണ്.  ഏറ്റവും ഇളയ    ആണ്‍കുട്ടി  അമ്മുമ്മയുടെ ഒക്കത്തിരുപ്പുണ്ട്.  ഈ രണ്ടു കുട്ടികളും പിന്നീട് മരിച്ചുപോയി. അതിനിടയിൽ നിൽക്കുന്നുണ്ടായിരുന്നു തോമസിന്റെ മൂന്ന് വയസ്സുകാരൻ മകൻ മുഖം പൊത്തിയിട്ട് എന്നെ നോക്കി  'മാമ എന്റെ പടം എടുക്കല്ലേ' എന്ന് പറഞ്ഞ വാക്കുകളാണ് എന്നെ ഞെട്ടിച്ചത്.  പത്രത്തിൽ പടം അടിച്ചുവന്നാൽ സമൂഹം തെറ്റിദ്ധരിക്കുമെന്ന ബോധം അവന്റെ ചെറു പ്രായത്തിനിടയിൽ അവൻ അനുഭവിച്ച യാതനകളുടെ ഫലമാണെന്നറിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.

12/3/2003 ൽ ഹാരിസിനെ കരയിപ്പിച്ച രംഗം: മെഡിക്കൽ കോളേജിൽ മരിച്ച എയിഡ്സ് രോഗി തോമസിന്റെ
മൃതശരീത്തിനു സമീപം
പൊട്ടിക്കരയുന്ന രോഗിയായ  മകളും ഫോട്ടോ പത്രത്തിൽ വരാതിരിക്കാൻ മുഖംപൊത്തുന്ന
രോഗിയല്ലാത്ത മകനും.
ചിത്രം: ഹാരിസ് കുറ്റിപ്പുറം
ഹാരിസിന്റെ കാൽനൂറ്റാണ്ടൂക്കാലത്തെ അനുഭത്തിൽനിന്നു ഒരു ന്യുസ് ഫോട്ടോഗ്രാഫർക്ക് അത്യാവിശ്യം വേണ്ട ഗുണങ്ങൾ എന്തൊക്കെ?
പകർത്താൻ പോകുന്ന ചിത്രത്തിന്റെ വാർത്താമൂല്യം വ്യക്തമായി അറിഞ്ഞിരിക്കണം.  സംഭവസ്ഥലത്തെത്തിയാൽ  വളരെ ശ്രദ്ധയോടെ നിൽക്കണം.  അവിടെ വിളക്ക് കത്തിക്കുന്ന ചടങ്ങാണെങ്കിൽ ആ പടമെടുത്ത് മാറി നിന്നാൽ പിന്നെ അവിടെ സംഭവിക്കുന്നതൊന്നും നമ്മൾ അറിയില്ല.  എത്ര സമയം അവിടെയുണ്ടോ അത്രയും സമയം വളരെ ശ്രദ്ധയോടെ നിൽക്കണം.
ഫോട്ടോജേർണലിസ്റ്റ് ജീവിതത്തിനിടയിൽ ഒരിക്കലും ഓർക്കപ്പെടാൻ ആഗ്രഹിക്കാത്ത ദുരനുഭവം?
കേരള ചരിത്രത്തിൽ ആദ്യമായി ഫോട്ടോജേർണലിസ്റ്റുകളിൽ എനിക്കുമാത്രമാണ് ആ ദുരനുഭവം ഉണ്ടായിട്ടുള്ളത്.   ബലിതര്പ്പണത്തിന്റ പടമെടുക്കാൻ പോയ എനിക്ക് 20 ദിവസത്തോളമാണ്‌ ഒളിവിൽ പോകേണ്ടിവന്നത്.  അന്ന് ഞാൻ കോഴിക്കോടായിരുന്നു.  ബലി തർപ്പണത്തിന്റെ പടമെടുക്കാനായി അതിരാവിലെ തിരുനാവായ നവമുകുന്ദ ക്ഷേത്രത്തിലേക്ക്  മറ്റു ഫോട്ടോഗ്രാഫർമാർക്കൊപ്പം വള്ളത്തിൽ പുഴയിലൂടെ സഞ്ചരിക്കുമ്പോൾ മുന്നോട്ടു വിടാതെ ഡ്യുട്ടിയിലുണ്ടായിരുന്ന എസ് ഐ തടഞ്ഞു.  തങ്ങൾ പത്രക്കാരണെന്നു പറഞ്ഞിട്ടും ഐ ഡി കാര്ഡ് കാണിച്ചിട്ടും ഒരിഞ്ച് അനങ്ങാൻ സമ്മതിക്കാത്ത എസ് ഐ യും ഞാനും തമ്മിൽ വാക്കേറ്റവും ചെറിയ പിടിവലിയും നടന്നു.  ആകെ പ്രശ്നമായപ്പോൾ എസ് ഐ ക്ക് എന്നെ അറസ്റ്റ് ചെയ്യണമെന്ന് വാശിയായി .  അറസ്റ്റ് ചെയ്യാനായി എസ് ഐ ഒരുങ്ങുമ്പോൾ അറസ്റ്റ് ചെയ്യരുതെന്നു വയർലസ് സന്ദേശം വന്നു.  എന്നോട് പോകാൻ പറഞ്ഞ എസ് ഐ യോട് അറസ്റ്റ്  ചെയ്യണമെന്നു ഞാൻ ശഠിച്ചു.  അറസ്റ്റ് ചെയ്തു സ്റ്റേഷനിൽകൊണ്ടുവന്ന എന്നെ ഡി വൈ എസ് പി ഇടപെട്ട് പറഞ്ഞുവിട്ടു. പിറ്റേ ദിവസത്തെ പത്രത്തിൽ അതുവലിയ വാർത്തയായി.  എസ് ഐ യെ സസ്പെൻഡ് ചെയ്തു.  പ്രൊബേഷൻ എസ് ഐയായ അയാൾക്ക് അതൊരു ബ്ലാക്ക് മാര്ക്കായി.  അതിനു പകരം വീട്ടാനായി എനിക്കെതിരെ കോടതിയിൽ അയാൾ ഫയൽ ചെയ്ത ജാമ്യമില്ലാത്ത കേസിലാണ് എനിക്ക് ഒളിവിൽ പോകേണ്ടിവന്നത്‌.  ബിജെപിക്കാരിൽ നിന്ന് ഞാൻ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചു എന്നെഴുതിവാങ്ങിച്ചാണ് അയാളതുചെയ്തത്.  അറസ്റ്റ്  സംഭവം കഴിഞ്ഞു ഒരാഴ്ചക്ക് ശേഷമാണ് ഈ കേസിൽ പോലിസ് എന്നെ അറസ്റ്റ് ചെയ്യാൻ വന്നത്.  അന്ന് പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഞാൻ വക്കിലിനെക്കണ്ടൂ.  അദ്ദേഹമാണ് പറഞ്ഞത് കോടതിക്ക് നാളെ മുതൽ ഓണം അവധി  തുടങ്ങും. അതുകൊണ്ട്  പിടിയിലായാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവധികഴിയുന്നതുവരെ പിടികൊടുക്കരുതെന്നും. അതിൻ പ്രകാരമാണ് ഞാൻ ഒളിവിൽക്കഴിഞ്ഞത്. അവധികഴിഞ്ഞ് ഹൈക്കോടതിയിൽ നിന്ന് മുൻ‌കൂർ ജാമ്യം വാങ്ങി ഞാൻ പുറത്തിറങ്ങി.  പിന്നീട് അന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ.പി.ശ്രീധരൻപിള്ളയെക്കൊണ്ടാണ് കേസ് വാദിച്ചുജയിച്ചത്‌.  
മരണം മുന്നിൽക്കണ്ട സംഭവം ഉണ്ടായിട്ടുണ്ടോ?
വിഴിഞ്ഞം കലാപം,പുതുക്കുറൂച്ചി കലാപം,മാറാട് കലാപം,നാദാപുരം കലാപം എന്നീ കലാപങ്ങളുടെ ചിത്രം പകര്ത്താൻ നിയോഗിക്കപ്പെട്ട ഞാൻ നാദാപുരം കലാപത്തിനിടയിൽ മരണത്തിന്റെ കത്തി മുനയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ മുന്നിലിരിക്കുന്നത്‌. 2001ൽ  കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകൻ ഇ. ബിനുവിന്റെ മൃതദേഹ സംസ്കാര ചടങ്ങിന്റെ പടമെടുക്കാനാണ് നാദാപുരത്തെ ബിനുവിന്റെ വീട്ടിലെത്തിയത്. ഞാനുൾപ്പെടെ മറ്റു ഫോട്ടോഗ്രാഫര്മാരുമുണ്ട്.  ചുറ്റുപാടത്രപന്തിയല്ലെന്നു മനസ്സിലാക്കിയ ഞാൻ മൃതദേഹം വീട്ടിൽനിന്നെടുക്കുന്ന ഒരു പടമെടുത്ത് വേഗം നടന്നു.  ഈ സമയം അവിടെ വീട് കത്തിക്കലും ബോംബേറും തുടരുകയാണ്. റോഡിലെത്തിയ എന്നെ ഒരുത്തൻ പിടിച്ചു നിർത്തി.  അവന്റെ അരയിൽ നീളമുള്ള കത്തിയുണ്ട്‌.  പിന്നിൽ നിന്ന് ഒരുത്തൻ വിളിച്ച് പറയുകയാണ്‌ അവനെ വെട്ടടാന്നു.  ആ സമയത്ത് ദൈവം തോന്നിപ്പിച്ച ധൈര്യത്തിൽ അവനെ ഒരു തള്ളും ചവിട്ടും കൊടുത്ത് ഞാനോടി.  ഓടുന്ന എന്നെക്കണ്ട് അതുവഴിവന്ന പഞ്ചായത്ത് പ്രസിഡന്റ് കാറിന്റെ ഡോർ തുറന്നു തന്നു.  ആ കാറിൽക്കയറി രക്ഷപ്പെട്ടു.  ആ രംഗമോർക്കുമ്പോൾ ഇപ്പോഴും ഒരു നടുക്കമുണ്ട്.

2001 ൽ  പൊട്ടിപ്പുറപ്പെട്ട  നാദാപുരം കലാപത്തിന്റെ ദൃശ്യം.  ചിത്രം: ഹാരിസ് കുറ്റിപ്പുറം
ആത്മവിശ്വാസക്കൂടുതൽ എപ്പോഴെങ്കിലും വിനയായിട്ടുണ്ടോ?
വിനയാവുക മാത്രമല്ല ക്രൂരമർദ്ദനവും കിട്ടിയിട്ടുണ്ട്.   ഞാൻ എറണാകുളത്തു ജോലി ചെയ്യുകയായിരുന്നു. അവിടെ ന്യു ഇന്ത്യൻ എക്സ്പ്രസിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന മയൂര സെക്യുരിറ്റീസ് എന്ന സ്വകാര്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപനം ലക്ഷങ്ങളുമായി മുങ്ങുകയാണെന്നറിഞ്ഞ് സ്ഥാപനത്തിനുള്ളിലെ പടമെടുക്കാൻ ഞാൻ അകത്തു പ്രവേശിച്ചു.  നോക്കുമ്പോൾ  ഒഴിഞ്ഞ കുറെ ക്യബിനുകളും നാലു പേരെയും കണ്ടു.  തുടരെ ഫ്ലാഷിട്ട് രണ്ടു പടമെടുത്ത് ഇറങ്ങാൻ നേരത്താണ് ക്യാബിനകത്തിരുന്ന ജീവനക്കാരെക്കണ്ടത്.  നേരത്തെ ഞാനത് ശ്രദ്ധിച്ചില്ല. അവരോടിവന്ന് എന്നെപ്പിടിച്ച്‌ വാതിലടച്ച്‌ വട്ടം കൂടി കൂട്ടമർദ്ദനമായിരുന്നു.  ക്യാമറയിയിലെ ഫിലിംറോളൂരിക്കൊടുത്തിട്ടാണ് ഞാൻ ഒരുവിധത്തിൽ രക്ഷപ്പെട്ടത്.
ഫോട്ടോ പ്രദർശനങ്ങൾ
മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഫോട്ടോ പ്രദർശനം 'ദി ലീഡർ'  എന്ന പേരിൽ സംഘടിപ്പിച്ചിരുന്നു.  25 വർഷമായി ഞാൻ അദ്ദേഹത്തെ പിന്തുടർന്ന് പകർത്തിയ 150 ചിത്രങ്ങളുടെ പ്രദർശനം തിരുവനന്തപുരം,തൃശ്ശൂർ,കോഴിക്കോട്,കാസർകോട് എന്നിവിടങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.  പകുതിയിൽക്കൂടുതൽ ചിത്രങ്ങൾ ലീഡറുടെ അത്രയും വലുപ്പത്തിലാണ് പ്രദർശിപ്പിച്ചിരുന്നത്.  കേരളത്തിലെ എല്ലാരാഷ്ട്രീയ പാർടികളുടെയും രാഷ്ട്രീയ സംഭവവികാസങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫോട്ടോ പ്രദർശനം  സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്.

ബിഷപ്പ് ഹൗസിൽ ഒരു പരിപാടിക്കുവന്ന കെ കരുണാകരൻ നടത്തലാഭിച്ച് വരാന്തയിൽ നിന്ന്
മുറ്റത്തേക്ക് എടുത്ത് ചാടുന്നു.
ചിത്രം: ഹാരിസ് കുറ്റിപ്പുറം
കരുണാകരനുമായി ബന്ധപ്പെട്ട്  മറക്കാൻ കഴിയാത്ത ഒരനുഭവം
ചാരക്കേസ് വിവാദത്തെ തുടർന്ന് കെ കരുണാകരൻ 1994 മാർച്ച് 16 രാത്രി പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പടം ഓഫീസിൽ കൊടുത്തശേഷം രാത്രി ഒൻപത് മണിക്ക് വീണ്ടും ഞാൻ കരുണാകരന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി.  അപ്പോൾ അവിടെ ഞാന്മാത്രമേ ഉണ്ടായിരുന്നുള്ളൂ.  സ്വിമ്മിംഗ്പൂളിലെ കുളികഴിഞ്ഞ് കയറിവരുന്ന കരുണാകരൻ  കാത്തുനിൽക്കുന്ന എന്നെക്കണ്ട് "നിനക്കിനി എന്തുപടമാ വേണ്ടത്.  ഞാൻ കരയുന്ന പടം വേണോ" എന്ന് ചോദിച്ച് കരഞ്ഞു കാണിച്ചു തന്നു. 'ഇനി ഞാൻ തലയിൽ മുണ്ടിട്ടു നടക്കുന്ന പടം വേണോ' എന്ന് ചോദിച്ചു തലയിൽ മുണ്ടിട്ട് അവിടെ നിന്നു. ഇനിയെന്തൊക്കെ വേണമെന്ന് എന്നോട് ചോദിക്കുന്നുണ്ട്.  ഒരു ഫോട്ടോ പോലും എടുക്കാൻ കഴിയാതെ ഇതെല്ലാം കണ്ട് ഞാൻ അന്ധാളിച്ചു നിന്നുപോയി.  മുഖ്യമന്ത്രിപദംത്യജിച്ച മനുഷ്യന്റെ പ്രതികരണങ്ങളാവും ഇവയൊക്കെ എന്ന് മനസ്സിലോർത്ത് ഞാൻ അവിടുന്ന് മടങ്ങി.

1994 മാർച്ച് 16 രാത്രി കെ കരുണാകരൻ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നു.
ചിത്രം: ഹാരിസ് കുറ്റിപ്പുറം


കെ കരുണാകരന്റെ വസതിയിൽ നടന്ന പാർടി യോഗം.അന്ന് ആന്റണി മുഖ്യമന്ത്രിയായിരുന്നു.ഹാരിസ്
കുറ്റിപ്പുറമെടുത്ത  ഈ ചിത്രം ഫ്രന്റ്‌ ലൈൻ പതിപ്പിന്റെ മുഖചിത്രം ആയിട്ടുണ്ട്‌.
സംസ്ഥാന സ്കൂൾ കലോത്സവം ക്യാമറയിൽ പകർത്തിയ അനുഭവം
എട്ടു സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ ഞാൻ കവർ  ചെയ്തിട്ടുണ്ട്.   ബ്ലാക്ക് ആൻഡ്‌ വൈറ്റ് കാലഘട്ടത്തിലെ മൂന്നു സംസ്ഥാന കലോത്സവങ്ങളും അതിൽ  പെടും.  അവയിൽ കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂൾ കലോൽത്സവത്തിനു പടമെടുത്ത അനുഭവം പറയാം.   അന്ന് ഇന്നത്തെപ്പോലെയല്ല മാധ്യമങ്ങൾ തമ്മിൽ വലിയ മത്സരമായിരുന്നു.  എത്രയും വേഗം പ്രിന്റടിക്കുക ഓഫിസിലെത്തിക്കുക എന്ന മത്സരം.    അന്ന് കോട്ടയത്ത് മാധ്യമത്തിനു യുണിറ്റില്ല.    അങ്ങനെയുണ്ടെങ്കിൽ ഓഫീസിൽ പോയി എടുത്ത പടത്തിന്റെ പ്രിന്റടിക്കാം.  ആ സാഹചര്യത്തിൽ എന്നെപ്പോലെ അവിടെ ഓഫീസ്  ഇല്ലാത്ത മറ്റ് രണ്ടു മൂന്ന് പത്ര സുഹൃത്തുക്കളുമായി ചേർന്ന് താമസസ്ഥലത്ത്  തന്നെ ഡാർക്ക്‌റൂം സജ്ജമാക്കി അവിടെ വച്ച് തന്നെ പടം പ്രിന്റ്‌ ചെയ്താണ് ഓഫീസിൽ എത്തിച്ചിരുന്നത്.   പ്രിന്റടിക്കാനുള്ള എൻലാർജർ, പേപ്പർ, കെമിക്കൽ എന്നിവയിലോരോന്ന് ഓരോരുത്തർ  കൊണ്ടുവരും.  എന്നിട്ട് നമ്മൾ താമസസ്ഥലത്തെ  റൂമിൽ ഡാർക്ക്‌റൂം ഉണ്ടാക്കി  അവിടെ വച്ച് പടങ്ങൾ പ്രിന്റ്‌ചെയ്യും. ശേഷം, പടം എത്രയും വേഗം  ഓഫീസിൽ എത്തിക്കാനായി കാറിലോ, ട്രെയിനിലോ കൊടുത്തുവിടുകയാണ്‌ ചെയ്തിരുന്നത്. ഞാൻ കൊച്ചി ഓഫീസിലാണ് പടങ്ങൾ എത്തിച്ചിരുന്നത്.  അന്നത്തെ ബ്ലാക്ക് ആൻഡ്‌ വൈറ്റ് അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല.
കാൽനൂറ്റാണ്ടിനുമുമ്പ് തിരുവനന്തപുരത്ത് വരുമ്പോൾ പ്രസ്‌ക്ലബ്ബിൽ എത്ര ഫോട്ടോ ജേർണലിസ്റ്റുകൾ ഉണ്ടായിരുന്നത്?അവരിൽ ആരൊക്കെയാണ് ഇന്നുള്ളത്?ഇന്ന് എത്ര അംഗങ്ങളുണ്ട്‌?
92 ൽ ഞാൻ വരുമ്പോൾ ആറോ-ഏഴോ  ഫോട്ടോ ജേർണലിസ്റ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്.    അവരിൽ ബി എസ്‌ പ്രസന്നൻ (മംഗളം), ബി ജയചന്ദ്രൻ (മലയാളമനോരമ), ഗോപൻ (ഹിന്ദു) ഗോപൻകൃഷ്ണ (ചന്ദ്രിക) ജി ബിനുലാൽ (മാതൃഭുമി) സി രതീഷ്‌കുമാർ (ഹിന്ദു) അനിൽഗോപി (ജന്മഭുമി) എന്നിവരിപ്പോഴും സജീവമായി ഈ രംഗത്തുണ്ട്. അന്നുണ്ടായിരുന്ന എസ്‌ എസ്‌ റാം അടുത്തിടെ മരിച്ചുപോയി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ 60 ഫോട്ടോജേർണലിസ്റ്റുകളുടെ ശക്തമായ കൂട്ടയ്മ ഇന്നുണ്ട്.

തിരുവനന്തപുരം പ്രസ്‌ക്ലബ്‌ ഫോട്ടോജേർണലിസ്റ്റ് കൂട്ടായ്മയുടെ ഒരു പഴയകാല ചിത്രം
2015 വരെ നിങ്ങളിൽ ഒരാളായിരുന്ന ഫോട്ടോ ജേർണലിസ്റ്റ് എസ് എസ് റാമിനെ ഓർക്കുമ്പോൾ
എപ്പോഴും ചിരിച്ച മുഖവുമായി വളരെ കൂളായി നില്ക്കുന്ന റാമിനെ പെട്ടെന്ന് മറക്കാൻ കഴില്ല. എന്റെ ഒരു വലംകൈ നഷ്ടപ്പെട്ടതുപോലെയാണ്. ഞാനും റാമും ഫോട്ടോ ജേർണലിസ്റ്റ് കരിയർ തുടങ്ങുന്നത് ഒരു വർഷമാണ്‌.  റാം കേരള കൗമുദിയിലും ഞാൻ മാധ്യമത്തിലും ചേർന്നു.  മരിക്കും വരെ റാം കേരള കൗമുദിയിൽ തന്നെ തുടർന്നു.  ഞാനും  മാധ്യമം വിട്ട് മറ്റെങ്ങും ചേക്കേറിട്ടില്ല.   നാലു-അഞ്ച് ദേശീയ ഗെയിംസ് ഞങ്ങൾ ഒരുമിച്ചു കവർ ചെയ്തിട്ടുണ്ട്. ഒരുദിവസം കണ്ടില്ലെങ്കിൽ പരസ്പരം വിളിക്കും.  റാം മരിക്കുന്നതിനു മുൻപ് അവസാനമായി സംസാരിച്ചത് എന്നോടാണ്.  കുഴഞ്ഞു വീഴുന്നതിനു അഞ്ച് മിനിറ്റ് മുമ്പാണ് റാം എന്നെ ഫോണിൽ വിളിച്ചത്.  പിന്നീട് റാം സംസാരിച്ചിട്ടില്ല.

എസ് എസ് റാം,ഹാരിസ് കുറ്റിപ്പുറം
ന്യുസ് ഫോട്ടോഗ്രാഫി മേഖലയിലേക്ക് വന്നതെങ്ങനെ
സ്റ്റുഡിയോ ഫോട്ടോഗ്രാഫറായാണ് തുടക്കം. പോലീസുകാർക്ക് വേണ്ടി  ഫോട്ടോ എടുക്കുന്നതായിരുന്നു പ്രധാനം.  പിന്നീട് ജാലകം എന്ന പേരിൽ സ്വന്തമായി ഒരു സായാഹ്നപത്രം നാട്ടിലാരംഭിച്ചു.  അതിന്റെ എല്ലാം ഞാൻ തന്നെയായിരുന്നു. ഒരു വർഷത്തോളം പ്രവര്ത്തിച്ച  ജാലകം ഭീഷണിയെത്തുടർന്ന് നിർത്തേണ്ടിവന്നു. തുടർന്നാണ്‌ 1991ൽ മാധ്യമത്തിൽ ഫോട്ടോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചത്‌.
കുടുംബം
ഭാര്യാ ഖമറുന്നിസും ഞാനും തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് താമസിക്കുന്നു.  ബാപ്പ എം കെ ഉമ്മർ(റിട്ട:റെയിൽവേ സുപ്രണ്ട്)ഉമ്മ സുലൈഖ(കുറ്റിപ്പുറത്ത് ആറാം ക്ലാസ് വരെയുളള സ്കൂൾ നടത്തുന്നു)അനിയൻ ഫിറോസ്‌,അനിയത്തി യാസ്മിൻ എന്നിവർ എന്റെ ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് താമസിക്കുന്നു. 
ഹാരിസിന്റെ രാഷ്ട്രീയം
സ്കൂളിൽ പഠിക്കുമ്പോൾ എസ് എഫ്  ഐ പ്രവർത്തകനായിരുന്നു.  പിന്നീട് എ ഐ വൈ എഫ്  മണ്ഡലം പ്രസിഡണ്ടായിട്ടുണ്ട്.  ഇപ്പോൾ  ചിന്താഗതിമാത്രം.
പുരസ്കാരങ്ങൾ
ഞാൻ അവാർഡുകൾക്ക് പടങ്ങൾ അയച്ചുകൊടുക്കാറില്ല.  അതിനോട് എനിക്ക് താല്പര്യമില്ല.  മാധ്യമം അയച്ചുകൊടുത്ത സംസ്ഥാന സ്കൂൾകലോത്സത്തിന്റെ ഞാനെടുത്ത പടത്തിന് പുരസ്കാരം കിട്ടിയിട്ടുണ്ട്.  എന്റെ പടങ്ങൾ വിലയിരുത്തി വിക്ടർ ജോർജ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

സുനാമി ബാധിത പ്രദേശത്തെ ദുരിതാശ്വാസ കേന്ദ്രത്തിലെ  ദയനീയ മുഖം.  ഈ ചിത്രം സംസ്ഥാന
സർക്കാർ സുനാമി ആശ്വാസ പ്രചാരണ പരിപാടികൾക്ക്  ഉപയോഗിച്ചിട്ടുണ്ട്.
ചിത്രം: ഹാരിസ് കുറ്റിപ്പുറം
വാർത്താചിത്രങ്ങൾകൊണ്ട്  നിരാലംബരുടെ  കണ്ണുനീരൊപ്പിയ അനുഭവകഥകളും ഉള്ളിൽ പേറുന്ന ഹാരിസെന്ന ഫോട്ടോ ജേർണലിസ്റ്റിനെ മുന്നോട്ടുനയിക്കുന്നത്  25 വര്ഷത്തെ മാധ്യമജീവിതം പഠിപ്പിച്ച തീക്ഷണാനുഭവങ്ങളാണ്.   ഫലേഛയില്ലാതെ ചെയ്യുന്ന കർമ്മത്തിനോട് നൂറുശതമാനം കൂറുപുലർത്തുന്ന ഹാരിസിൽനിന്ന് കേരളസമൂഹത്തിന് ഗുണകരങ്ങളാകുന്ന ഒട്ടേറെ ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കാം. 

ചെന്നൈ മഹാനഗരത്തെ തണുപ്പിച്ച് പെയ്ത മഴവെള്ളം റോഡിൽ തളംകെട്ടി നിൽക്കുന്നത് മോന്തിക്കുടിക്കുന്ന
മനോനില തെറ്റിയ യുവാവ്.  2013 ജൂണ്‍ ആറ് പ്രഭാതത്തിൽ ഹാരിസ് കുറ്റിപ്പുറം പകർത്തിയ ചിത്രം.

ഹാരിസ് കുറ്റിപ്പുറത്തിന്റെ മറ്റു ചിത്രങ്ങൾ

ബാർ കോഴക്കേസിൽ പെട്ട്  പ്രതിപക്ഷത്തിന്റെ രാജി ബഹളത്തിനിടയിൽ സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ 
ഒരു പൊതുപരിപാടിക്കെത്തിയ കെ എം മാണി മഹാത്മാഗാന്ധിയുടെ ചിത്രത്തിനു താഴെ ചിന്തയിൽ ആണ്ടപ്പോൾ 

മാറാട് കലാപത്തിനുശേഷം കടപ്പുറത്ത് കാവൽ നിൽക്കുന്ന സായുധ പോലിസ്
Views: 7343
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024