തിരുവനന്തപുരം: ലോകമെങ്ങും ജീവനക്കാരുടെയും തൊഴിലാളികളുടെയും ജീവിതസുരക്ഷിതത്വം ഇല്ലാതാക്കുന്ന മത്സരാധിഷ്ഠിത കമ്പോളശക്തികളുടെ അജണ്ടയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെന്നും കേരളത്തില്‍ ഇത് പുനഃപരിശോധിക്കണമെന്ന ജീവനക്കാരുടെ ആവശ്യം അടിയന്തിരമായി സര്‍ക്കാര്‍ പരിഗണിക്കണമെന്നും സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.എഫ്. സംസ്ഥാന പ്രസിഡന്റ് ജെ. സജീവ് അദ്ധ്യക്ഷത വഹിച്ചു.
കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം എല്ലാവിഭാഗം പ്രൊഫഷണല്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി നടപ്പിലാക്കുക, കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സമയബന്ധിതമായി നടപ്പിലാക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കുത്തക പ്രീണന-വര്‍ഗീയ പ്രീണന നയങ്ങള്‍ തിരുത്തുക, ജി.എസ്.ടി. അപാകതകള്‍ പരിഹരിക്കുക, എല്ലാ ജില്ലകളിലും സര്‍ക്കാര്‍ വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുക, ഇന്ധന-പാചക വാതക വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.