പരവൂര്‍: കൊല്ലം പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പക്കെട്ട് ദുരന്തത്തില്‍ 102 പേര്‍ മരിച്ചു.
ഇതില്‍ പൊലീസുകാരും
ഉള്‍പ്പെട്ടിട്ടുണ്ട്. 78പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. മുന്നൂറിലേ.ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ഉഗ്രസ്‌ഫോടനത്തില്‍ ശരീരം
ചിന്നിച്ചിതറിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും. എന്നാൽ കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊല്ലം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലം വെള്ളിമണ്‍ സജിഭവനില്‍ സജി സെബാസ്റ്റ്യന്‍(45), ഏഴുകോണ്‍ കരീപ്ര മടന്തകോട് വിളയില്‍ പുത്തന്‍വീട്ടില്‍ സജീവ് (42), ചവറ തേവലക്കര കുന്നല്‍മുക്ക് സ്വദേശി സുഭാഷ് (33), വര്‍ക്കല കുടവട്ടം നസീര്‍ (55), പരവൂര്‍ പൊഴിക്കര അതിരാജ് (21), ചാത്തന്നൂര്‍ കല്പകമന്ദിരം കാശിനാഥ് (34), ഐഎസ്ആര്‍ഒ ജീവനക്കാരന്‍ പരവൂര്‍ പൊഴിക്കര ചട്ടക്കുടി കോങ്ങല്‍ ബിനു(24), കടയ്ക്കല്‍ കോട്ടുക്കല്‍ ഇല്യാസ്(50), കടയ്ക്കല്‍ കോട്ടുക്കല്‍ ബിജു(32) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഞായറാഴ്ച പുലര്‍ച്ചെ 3.30
നായിരുന്നു ക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ച് കേരളത്തെ ഞെട്ടിച്ച
ദുരന്തം ഉണ്ടായത്. നിരോധിച്ച വെടിക്കെട്ട് താല്‍ക്കാലിക അനുമതിയോടെയാണ്
നടത്തിയതെന്നാണ് വിവരം. അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം
നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
അതേസമയം കമ്പക്കെട്ട് കരാറുകാരനെതിരേ കേസ് എടുത്തു. കഴക്കൂട്ടം സ്വദേശിയായ ഉമേഷാണ് കരാറെടുത്തിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉമേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്.