ഇന്നലെകളുടെ നന്മകളിലേക്ക് അനന്തപുരിയെ കൂട്ടികൊണ്ടുപോവുകയായിരുന്നു ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്‍ അണിയിച്ചൊരുക്കിയ നാട്യഗീതം. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന സന്ദേശം വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് അരങ്ങിനരികില്‍ സ്ഥാനം പിടിച്ച മരവും പരിപാടിക്ക് വൈവിധ്യം നല്‍കി. ദേവരാജന്‍ മാസ്റ്റര്‍ക്കും ഒ.എന്‍.വിക്കും ആദരം അര്‍പ്പിച്ചുകൊണ്ട് 'പൊന്‍ അരിവാള്‍ അമ്പിളി' എന്ന് തുടങ്ങുന്ന ഗാനത്തോടെ പ്രശസ്ത ഗായകന്‍ ശ്രീറാമാണ് നാട്യഗീതത്തിന് ആരംഭംകുറിച്ചത്. കാണികള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു.
വ്യത്യസ്ത രീതിയില്‍ ചിട്ടപ്പെടുത്തിയ പരിപാടിയുടെ അവതരണം അനന്തപുരിക്ക് അവിസ്മരണീയമായി. സംഗീത സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാര്‍, ഗായികമാരായ പുഷ്പവതി, അനിത ഷേക് തുടങ്ങിയവരുടെ ശാസ്ത്രീയ സംഗീതവും, ഹിന്ദുസ്ഥാനി സംഗീതവും , സുഫി സംഗീതത്തിന്റെ മാസ്മരിക താളവും ആസ്വാദകര്‍ക്ക് ഇരട്ടി മധുരം നല്‍കി.
ചലച്ചിത്ര താരവും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ ഭരതനാട്യം, ശോഭനയുടെ ശിഷ്യ ഷിയയുടെ മോഹിനിയാട്ടം, ഒഡീസി, കഥക്, കഥകളി എന്നീ കലാ പ്രകടനങ്ങളും ശ്രദ്ധേയമായി. മുപ്പതോളം കലാകാരന്മാരുമായി എത്തിയ ലെനിന്‍ രാജേന്ദ്രന്‍ അനന്തപുരിക്ക് മറക്കാനാവാത്ത ഓര്‍മകളാണ് നല്‍കിയത്.