തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വ ദിനത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന് ഗാന്ധി സ്മൃതിയില്‍ അര്ത്ഥപൂര്ണ്ണതയുടെ ദൃശ്യാവിഷ്ക്കാരം ഒരുക്കി. 'സബ്കോസന്മതി' എന്ന ശീര്‍ഷകത്തില്‍ 40 മിനുട്ട് ദൈര്‍ഘ്യത്തിലാണ് കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ഈ മള്‍ട്ടീമീഡിയ ദൃശ്യവിരുന്ന് അരങ്ങേറിയത്.
സ്ഥിതി സമത്വത്തിനും മാനവികതയ്ക്കുമായി മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ക്കുമപ്പുറം ഇന്ത്യന്‍ ജനത ഒന്നാണെന്ന് ജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ച മഹാത്മജിയുടെ ചിരസ്മൃതികള്ക്കു മുന്നിലുള്ള സര്‍ഗ്ഗ പ്രണാമമായി സബ്കോ സന്മതി എന്ന ഈ ദൃശ്യാവിഷ്ക്കാരം.
മഹാത്മജിയുടെ മരണ വേളയില്‍ ഒപ്പമുണ്ടായിരുന്ന വിഖ്യാത പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാരുടെ റിപ്പോര്‍ട്ടും, രാഷ്ട്രപിതാവ് വിടപറഞ്ഞപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ വികാരനിര്‍ഭരമായ പ്രസംഗവും, കാലങ്ങള്‍ക്കു ശേഷം കവി മധുസൂധനന് നായര്‍ എഴുതിയ 'തനിയെ നടക്കുന്നു ഗാന്ധി' എന്ന കവിതയും ഐന്സ്റ്റീന്, നെല്‍സണ്‍ മണ്ടേല, ചാര്‍ളിചാപ്ലിന്‍, അയ്യന്‍കാളി എന്നിവര്‍ ഗാന്ധിജിയെക്കുറിച്ചു രേഖപ്പെടുത്തിയ ചരിത്ര വാക്യങ്ങളും ഇഴചേര്‍ത്ത് ചലച്ചിത്രം, നാടകം, മൈം, നൃത്തം, സംഗീതം എന്നിവ സമന്വയിപ്പിച്ചാണ് സബ്കോ സന്മതി അവതരിപ്പിച്ചത്.പ്രശസ്ത നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ആശയവും ആവിഷ്ക്കാരവും നല്കിയ വേറിട്ട ഈ ദൃശ്യവിരുന്നിന് ഫിറോസ് ഖാന് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചു. വൈകുന്നേരം 6 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്ഘാടനം നിര്‍വഹിച്ച രക്തസാക്ഷ്യം2018 എന്ന സാംസ്കാരികകൂട്ടായ്മയ്ക്കും, തുഷാര്‍ഗാന്ധി വിഷയാവതരണം നടത്തിയ 'ഗാന്ധിയും സമകാലീന ഭാരതവും' എന്ന സെമിനാറിനും അനുബന്ധമായാണ് സബ്കോസന്മതി എന്ന ഈ മള്‍ട്ടീ മീഡിയ ദൃശ്യാവതരണം പ്രേക്ഷക സമക്ഷം അരങ്ങേറിയത്.