പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് കേരളം ആദരവാർപ്പിക്കുന്ന കനകക്കുന്നിലെ കാനായിക്ക് 80, യക്ഷിക്ക് 50 എന്ന ത്രിദിന പരിപാടിയിൽ ഫോട്ടോജേര്ണലിസ്റ് ജിതേഷ് ദാമോദർ വര്ഷങ്ങളായി കാനായിയെ പിന്തുടർന്ന് പകർത്തിയ 80 ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിയിരുന്നു. ചിത്രകാരനും കാഴ്ചക്കാർക്കും ഒരുപോലെ സ്വപ്നതുല്യമായ പ്രദര്ശനത്തെക്കുറിച്ച് ജിതേഷ് ദാമോദർ സംസാരിക്കുന്നു.
സ്വപ്നസാഫല്യമായ ഫോട്ടോ പ്രദർശനത്തെകുറിച്ച് പറയാമോ
2004 മുതലാണ് അദ്ദേഹത്തിനെ ഞാൻ ഫോളോ ചെയ്ത തുടങ്ങിയിട്ട് ഏതാണ്ട് 14വര്ഷമായി. ഞാൻ കാനായി സാറിനൊപ്പം കേരളത്തിൽ അങ്ങോളമിങ്ങോളം പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. മലമ്പുഴയിലെ യക്ഷി, കോട്ടയത്തെ അക്ഷരശില്‌പം , മലപ്പുറത്തെ സ്ത്രീ ശിൽപം,ശംഖുമുഖം ബീച്ചിലെ സാഗര കന്യക, കണ്ണൂർ പയ്യാമ്പലം ബീച്ചിലെ 'അമ്മ ശിൽപം, അങ്ങനെ നിരവധി ശില്പങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട്. ഇത് മൂന്നു വിഭാഗമായിട്ടാണ് പ്രദർശനമൊരുക്കിയിരിക്കുന്നത്, ഒന്ന്കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ശില്പങ്ങൾ, രണ്ട് ശില്പ നിർമിതി, മൂന്നു കാനായിയുടെ ജീവിതം, എന്നിങ്ങനെ
ശില്പങ്ങളിൽ പ്രധാനമായും സാഗരകന്യകയുടെ ശിൽപം മൂന്നു ആംബിയൻസിലാണ് എടുത്തിരിക്കുന്നത്. ഒന്ന് അസ്തമയത്തിനു മുൻപ് സൂര്യ പ്രഭകൾ വരുന്ന, മൊത്തം നീലമയമായ ചിത്രം, സൂര്യാസ്തമയത്തിന്റെ റെഡിഷ് കളറിലുള്ള ചിത്രം . പിന്നീട് പത്ത്മണി കഴിഞ്ഞ് സ്ട്രീറ്റ് ലൈറ്റിൽ പകർത്തിയ ചിത്രം . മലമ്പുഴ യക്ഷിയുടെ സൺസെറ്റിന്റെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം . കാനായി യക്ഷിയുടെ ചുവട്ടിൽ ധ്യാനനിരതനായി ഇരിക്കുന്ന ചിത്രം. അത് അപൂർവമായ ഒരു ചിത്രമായാണ് ഞാൻ കണക്കാക്കുന്നത്.
കാരണം 50 വര്ഷം മുൻപ് കാനായി മലമ്പുഴയിലെത്തി അവിടെ എന്ത് നിർമിക്കണം എന്ന് ആലോചിച്ച് രണ്ടരമാസം അവിടെ ചെലവഴിച്ചു. രാത്രിയിൽ ചന്ദ്രനെ നോക്കി പാറപ്പുറത്ത് വെറുതെ കിടക്കും. അവിടെത്തന്നെ കിടന്നുറങ്ങും ധ്യാനനിരതനാകും. വൻ കാടൊക്കെ ഉണ്ടായിരുന്ന സ്ഥലമാണ്. രണ്ടര മാസത്തോളം അവിടെ അങ്ങനെ ചെലവഴിച്ചതിനു ശേഷമാണ് അദ്ദേഹത്തിന് യക്ഷി എന്ന ഒരു സങ്കല്പത്തിലേക്ക് മനസ്സുറച്ചത്. ആ പഴയ ധ്യാനാവസ്ഥയാണ് 50 വര്ഷം കഴിഞ്ഞപ്പോൾ എനിക്ക് പകർത്താൻ കഴിഞ്ഞത് . ഇപ്പോൾ അദ്ദേഹത്തിന് വെങ്കലത്തിൽ മറ്റൊരു യക്ഷിയെ നിർമിക്കാൻ ആഗ്രഹമുണ്ട്. സിമെന്റിൽ നിര്മിച്ച മലമ്പുഴ യക്ഷിയുടെ സഹോദരി എന്ന നിലയിൽ മറ്റൊരിടത്ത് നിര്മിക്കാനാണ്അദ്ദേഹം ആഗ്രഹിക്കുന്നത്.അന്തിമ തീരുമാനമായിട്ടില്ല.
വ്യക്തിജീവിതം എന്ന നിലയിൽ അദ്ദേഹത്തിന്റെ ജന്മ നാട്ടിലേക്കു ഒന്നിച്ച് യാത്രപോയിരുന്നു. അദ്ദേഹം വളർന്ന വീട്, പഠിച്ച സ്‌കൂൾ, കുളിച്ച കുളം, സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ കയറിമറിഞ്ഞ ചെമ്പകം, അങ്ങനത്തെ കുറെ സംഭവം വ്യക്തിജീവിതത്തിലെ ചിത്രങ്ങളിലുണ്ട്.
കാനയിയെ പിന്തുടർന്ന് ചിത്രമെടുക്കാൻ ആഗ്രഹിച്ചതിനു കാരണം?
പ്രധാന കാരണം ശില്പങ്ങളാണ്. ഫോട്ടോഗ്രഫിക് ഏറ്റവും അനുയോജ്യവും ശില്പങ്ങളാണ്. അതുമാത്രമല്ല.ശില്പ നിര്മാണത്തിലൊക്കെ ഒരുപാട് ഫോട്ടോഗ്രഫിക്കൽ എലെമെന്റുൻസുണ്ട്. ശില്പിയും ശില്പവും ഫോട്ടോഗ്രാഫിക്ക് അനുയോജ്യമാണ്. വ്യക്തിയെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രഭാവുവും ഒക്കെ അതിനു പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളാണ്. കാനായിക്ക് സമം കാനായി മാത്രമേയുള്ളു മറ്റൊരാളില്ല. അദ്ദേഹത്തിന്റെ ജീവിതം ഫോളോ ചെയ്യുക എന്നുള്ളത് വലിയ ഒരവസരമാണ്. അദ്ദേഹമതിനു അനുവദിച്ചത് തന്നെ വലിയ ഒരു കാര്യമാണ്.
കാനായി എന്ന ശില്പിയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു
ആത്മാർത്ഥതയുടെ പര്യായമാണ് കാനായി. അദ്ദേഹം പണത്തിനു വേണ്ടിയല്ല ശിൽപം ചെയ്യുന്നത്. അദ്ദേഹത്തിന് അതൊരു പാഷനാണ്. പൊതു ഇടങ്ങളിൽ ശിൽപം ചെയ്തതിനു ഒരിക്കലും അദ്ദേഹം പണം സ്വീകരിച്ചിട്ടില്ല. കുറെ ദിവസവേതനക്കാരായ കുറെ തൊഴിലാകൾ അദ്ദേഹത്തിനുണ്ട് . ആ തൊഴിലാളികളെപ്പോലെ ദിവസ വേതന ക്കാരനാണ് അദ്ദേഹവും . തൊഴിളികൾക്ക് എത്രയാണ് ദിവസക്കൂലി കൊടുക്കുന്നത്. അതെ അദ്ദേഹവും വാങ്ങാറുള്ളു. പൊതുയിടങ്ങളിൽ വലിയ ശിൽപം ചെയ്തിട്ട് എത്രയാണ് റെമ്യൂണറേഷൻ എന്ന് ചോദിക്കുമ്പോൾ എനിക്ക് പൈസ വേണ്ട. പണത്തിനു വേണ്ടിയല്ല ശില്പങ്ങൾ ചെയ്യുന്നത് എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. അതാണ് ശില്പകലയോടുള്ള അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റ്. അവാർഡ് ശില്പങ്ങൾ, മറ്റു സ്വകാര്യ പ്രതിമകൾ എന്നിവ ചെയ്യുമ്പോൾ പറഞ്ഞു പ്രതിഫലം വാങ്ങും.
ഈ പ്രദർശനത്തോടെ കാനായിയെ ഫോളോ ചെയ്യുന്നത് അവസാനിപ്പിക്കുമോ?
ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അവസാന ശില്പനിർമാണം വരെയും അത് തുടരും. ഇവുടുത്തെ പരിപാടി കഴിഞ്ഞുഅദ്ദേഹം നേരെ കാസര്കോട്ടേക്ക്പോകും. ഒപ്പം ഞാനുമുണ്ടാകും.. അവിടെ പൂർത്തിയാകാതെ കിടക്കുന്ന എൻഡോ സൾഫാൻ എന്ന് പറയുന്ന ശില്പത്തിന്റെ പൂർത്തീകരണത്തിനാണു പോകുന്നത്. മാത്രവുമല്ല അവിടെ അദ്ദേഹത്തിനുള്ള സ്ഥലത്ത് ഒരു കലാഗ്രാമം ഉണ്ടാക്കാൻ പദ്ധതിയുമുണ്ട്..
ആയിരക്കണക്കിന് ചിത്രങ്ങളിൽ നിന്ന് നിന്ന് എൺപത് ചിത്രങ്ങൾ മാത്രം തെരഞ്ഞെടുക്കുക എന്നത് വലിയ ഒരു യജ്ഞമായിരുന്നു കാണുമല്ലോ?
ആയിരക്കണക്കിന് ചിത്രങ്ങളിൽ നിന്ന് ഓരോന്നും മാറ്റിനിർത്തി നല്ലതും ഫോട്ടോഗ്രഫിക്കൽ വ്യൂ ഉള്ളതും പ്രാധാന്യമുള്ളതുമായ കുറേയെണ്ണാം സെലക്ട് ചെയ്തു. മൂന്നു ക്യാറ്റഗറിയിൽ ഉൾപ്പെടുത്താൻ പറ്റിയ ചിത്രങ്ങൾ സോർട്ട് ചെയ്യാൻ അഞ്ച് മാസമെടുത്തു.എല്ലാ ദിവസവും രാത്രി ഇരുന്നിട്ടാണ് ഇത് ചെയ്തത്. ഇത്രയും ചിത്രങ്ങളിൽ നിന്ന് അത്തരം സോർട്ടിങ് വലിയ ഒരു യജ്ഞം തന്നെ ആയിരുന്നു.
ഈ പ്രദർശനത്തെ സ്വപ്ന സാഫല്യം എന്ന വിശേഷിപ്പിക്കാമോ
തീർച്ചയായും. എത്രയോ വർഷമായിട്ടുള്ള എന്റെ പ്രയത്നമാണ്. അതുകൊണ്ട് ഈ പ്രദർശനം സ്വപ്നസാഫല്യം തന്നെയാണീ. മറ്റു പലയിടത്തും പ്രദർശനം പ്ലാൻ ചെയ്യുന്നുണ്ട്. ആ പ്രദര്ശനങ്ങളിൽ പടങ്ങൾ ചിലപ്പോൾ മാറിക്കൊണ്ടിരിക്കും. ഇവിടെ ഞാൻ ഏറ്റവും നല്ല ക്വളിറ്റിയുള്ള വിലപിടിപ്പുള്ള ക്യാൻവാസ് പ്രിന്റാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം കാനായി സാർ എത്രയോ ക്വളിറ്റിയുള്ള ശില്പങ്ങളാണ് ചെയ്തരിക്കുന്നത് അതുകൊണ്ട് ചിത്രങ്ങളും അങ്ങനെ ക്വളിറ്റിയുള്ളതാകണമെന്നത് എന്റെ നിഷ്കര്ഷയാണ്. സ്റ്റാൻഡേർഡ് സൈസായ 20 - 30 ഇഞ്ച് വലിപ്പത്തിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.