തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ജൂൺ 28) വൈകുന്നേരം 6 മണിക്ക് ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ 'കവിതയും പ്രതിരോധവും' എന്ന സര്‍ഗ്ഗാത്മക കൂട്ടായ്മ ഒരുക്കുന്നു. സച്ചിദാനന്ദന്റെ കാവ്യലോകത്തിലൂടെയുള്ള ഈ സാംസ്‌കാരിക വിനിമയ സായാഹ്നത്തില്‍ കവി സച്ചിദാനന്ദനുമായി ജനങ്ങള്‍ക്ക് നേരിട്ട് സംവദിക്കാം. ഒപ്പം സച്ചിദാനന്‍ കവിതകളുടെ ആലാപനവും, വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തിലെ പെൺകുട്ടിയുടെ യാതനകള്‍ അടയാളപ്പെടുത്തുന്ന സച്ചിദാനന്ദന്റെ 'മാജിക്' എന്ന കവിത മുന്‍നിര്‍ത്തി, മാജിക് അക്കാദമിക്കുവേണ്ടി പ്രമോദ് പയ്യന്നൂർ ദൃശ്യാവിഷ്‌ക്കാരം നിര്‍വ്വഹിച്ച മള്‍ട്ടിമീഡിയ ഡോക്യൂമെന്റേഷന്‍ പ്രദര്‍ശനവും നടക്കും. കവിയും സൃഷ്ടിയും ആസ്വാദകരും ഒത്തുചേരുന്ന വേറിട്ട അനുഭവമായിരിക്കും ഈ സാംസ്‌കാരിക വിരുന്ന്.