ARTS29/10/2016

സ്റ്റേജ് ഡിസൈനർ 'ഹൈ'ലേഷ്

SUNIL KUMAR
ഹൈലേഷ്
2016 ലെ സൂര്യാ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മെഗാഷോ ഗണേശം  കലാസ്വാദകരെ വളരെയേറെ ആകർഷിച്ച കലാവിരുന്നായിരുന്നു.  സംഗീതവും നൃത്തവും ഒത്തുചേരുന്ന ഗണേശത്തെ ആകര്ഷകമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് സ്റ്റേജ് ഡിസൈന്‍ ആയിരുന്നു. സ്വര്ണവര്ണ നടവാതിൽ, കരിങ്കലിന്റെ നിറത്തോടുകൂടിയതും വ്യാളികള്‍ താങ്ങിനിര്‍ത്തുന്നതുമായ  ശ്രീകോവിൽ, ശ്രീകോവിലിന്റെ വടക്കായി സ്ഥിതിചെയ്യുന്ന ആല്‍ത്തറ, കരിങ്കല്‍വര്ണമുള്ള ചുറ്റുമതിൽ എന്നിവ നിറഞ്ഞ ടാഗോറിലെ വിശാലവേദി പ്രേക്ഷകർക്ക്  ഗണേശ ക്ഷേത്രസന്നിധിയിലേക്ക് എത്തിപ്പെട്ടതുപോലെയുള്ള അപൂർവ അനുഭവമാണ് പകർന്നു നൽകിയത്.  കഴിഞ്ഞ 15 വർഷമായി സൂര്യയ്‌ക്കൊപ്പമുള്ള സ്റ്റേജ് ഡിസൈനർ  ഹൈലേഷിന്റെ  മികവ് വിളിച്ചോതുന്ന സ്റ്റേജ് ഡിസൈനായിരുന്നു  അത്.  ചുരുങ്ങിയ കാലം കൊണ്ട് സൂര്യക്കും മറ്റുമായി നാലായിരത്തിലധികം സ്റ്റേജുകൾ രൂപകൽപന ചെയ്തുകൊണ്ട്  ഈ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച 36 കാരനായ ഹൈലേഷിനെ  ഗണേശത്തിന്റെ പശ്ചാത്തലത്തിൽ പരിചയപ്പെടാം.
ആദ്യകാഴ്ചയിൽ ആരിലും മതിപ്പുളവാക്കുന്ന ഗണേശത്തിന്റെ മനോഹരമായ സ്റ്റേജ് രൂപകല്പന എങ്ങനെയാണ് സാധ്യമാക്കിയത്?
സൂര്യാ കൃഷ്ണമൂര്‍ത്തിസാറിന്റെ ഗണേശത്തിൽ  മറ്റു കലാകാരന്മാരെപ്പോലെ ഞാനും, സാർ പറഞ്ഞേൽപ്പിച്ച സ്റ്റേജ് ഡിസൈൻജോലി ഭംഗി ആക്കിയെന്നു മാത്രം.  അതിൽ മറ്റൊന്നും എനിക്കവകാശപ്പെടാൻ ഇല്ല.   ഗണേശം സ്റ്റേജ് മികച്ചതായെങ്കിൽ എന്റെയൊപ്പം പ്രവർത്തിച്ച  15 പേരുടെ കഠിനാധ്വാനവും അതിനു  പിന്നിലുണ്ട്.

സൂര്യാ കൃഷ്‍ണമൂർത്തി ടാഗോറിലെ ഗണേശം വേദിയിലെ ഫൈനൽ റിഹേഴ്സൽ വീക്ഷിക്കുന്നു 
ഗണേശം ഡിസൈൻ എത്രദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്?

ഏകദേശം ഒരു മാസത്തോളം വര്‍ക്ക് ചെയ്യാന്‍ എടുത്തു.  ഗണേശം സെറ്റ് മറ്റുവേദികളില്‍ റീസെറ്റ് ചെയ്യാൻപറ്റുന്നതും വലിയ കേടുപാടുകള്‍ സഭാവിക്കാത്തതുമായ  തെര്‍മോ ഫോം(സ്‌പോഞ്ച്) എന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. വലിയ സ്വര്‍ണവര്‍ണ ഗണേശനെയും അത്തരത്തിൽ ചെയ്തെടുക്കണമായിരുന്നു. അതുകൊണ്ടാണ് ഒരു മാസത്തോളം സമയം എടുത്തത്.
ഗണേശം സ്റ്റേജ് ഒരുക്കുമ്പോൾ  നേരിട്ട വെല്ലുവിളി
പ്രധാനമായും ഗണേശം സെറ്റ്  മറ്റൊരു വേദിയിൽ റീസെറ്റ് ചെയ്യേണ്ടിവരുന്നതായിരുന്നു പ്രധാന വെല്ലുവിളി.  ഒരുസ്ഥലത്തു മാത്രം സ്ഥാപിക്കുന്ന സെറ്റാണെങ്കില്‍ നമുക്ക് ഏതു  മെറ്റിരിയല്‍   ഉരുപയോഗിച്ചു എങ്ങനെ വേണമെങ്കിലും ചെയ്താല്‍ മതി.  ഇപ്പോള്‍  ചെയ്തസെറ്റ്   ലോകത്തിലെ  ഏതൊരു  വേദിയിലും കൊണ്ട് പോയി റീസെറ്റ് ചെയ്യാം. 
ഗണേശം സ്റ്റേജ്  പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍
ആദ്യം കൃഷ്ണമൂർത്തിസാര്‍ ഗണേശത്തിലെ സ്റ്റേജിനെക്കുറിച്ചു പറഞ്ഞു.  സാര്‍ പറയുമ്പോള്‍ എന്റെ മനസ്സില്‍ ഒരു വിഷ്വല്‍ ഉണ്ടായി. അത് ഞാന്‍ വരച്ചു കാണിച്ചു. അതുവച്ചു സാറുമായി ഒരു ചര്‍ച്ച നടത്തി ഡിസൈനിംഗിനെക്കുറിച്ചു അന്തിമ തീരുമാനത്തിലെത്തിയശേഷമാണ് സ്റ്റേജ് രൂപകല്പനയുടെ പ്രാരംഭഘട്ടത്തിലേക്ക് കടന്നത്. പുരാതന ഗണേശക്ഷേത്രത്തിന്റെ സെറ്റായതുകൊണ്ട്  ക്ഷേത്രത്തെക്കുറിച്ചു പഠിക്കുകയും  നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്  സ്‌കെല്‍ട്ടന്‍ ചെയ്തു  ആര്‍ട് ജോലികള്‍  പൂര്‍ത്തിയാക്കിയത്.  ടാഗോര്‍ സ്റ്റേജില്‍ 40 അടി വീതി 30 അടി ഡെപ്തിലാണ് സെറ്റിട്ടത്. 14 അടി പൊക്കവും  എട്ടടി വണ്ണവുമുള്ള  ഗോള്‍ഡന്‍ഗണപതിയെ ബാക്സ്റ്റേജില്‍ നിന്ന് കൊണ്ട് വരാനുള്ള സ്ഥലവും അതില്‍ ഉള്‍പ്പെടും. സന്ദര്‍ശിച്ച ക്ഷേത്രങ്ങളുടെ മാതൃക അല്ല ഉപയോഗിച്ചിരിക്കുന്നത്.  കേരളത്തിലെ ക്ഷേത്രങ്ങളുടെ  മാതൃക വേണ്ടെന്നു വച്ച്  വ്യത്യസ്തതക്ക് വേണ്ടി കരിങ്കല്‍ ടോണിലാണ് ചെയ്തത്  അതിലെ ചുറ്റുവിളക്കുകള്‍ക്ക്  എല്‍ഇഡി ബള്‍ബുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ളിലേക്ക് വാതില്‍ തുറന്ന് കുനിഞ്ഞു അകത്ത് പ്രവേശിച്ചു പൂജാരിക്ക് പൂജചെയ്യാന്‍ വാതിലിന്റെ അളവുകള്‍ ക്ഷേത്രങ്ങളിലെ ശ്രീകോവിലിന്റെ കൃത്യമായ അളവിലാണ് ചെയ്തിരിക്കുന്നത്.   ഗോള്‍ഡന്‍ ഗണപതി വേണമെന്ന് സാര്‍ പ്രേത്യകം പറഞ്ഞിരുന്നു.  ഗണപതി ചെയ്‌തെടുക്കാന്‍ കുറച്ചധികം പ്രയാസമുണ്ടായി.  മറ്റുള്ള വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കുന്നതിലും കൂടുതല്‍ സമയവും വേണ്ടിവന്നു 

10 വര്‍ഷങ്ങള്‍ക്ക് മുമ്പ്  കൃഷ്ണമൂര്‍ത്തി സാര്‍ ചെയ്ത പ്രണാമം മെഗാഷോയിലും 12 അടി ഉയരമുള്ള ശിവന്റെ മുഖം ചെയ്തിരുന്നു.  അതും  റീസെറ്റ് ചെയ്യാൻ പറ്റുന്ന വിധത്തിലാണ് . ആ അനുഭവവും ഗണേശത്തില്‍ കൂടുതല്‍ സഹായകമായി. 
സ്റ്റേജ് ഡിസൈൻ എന്നു  പറയുന്നത് കലാസംവിധാനം തന്നെയല്ലേ?
സ്റ്റേജ്   ഡിസൈൻ എന്ന് പറയുന്നത് കലാസംവിധാനത്തിന്റെ ഭാഗംതന്നെയാണ്. നാടകങ്ങള്‍ക്കും  സിനിമകള്‍ക്കും സെറ്റൊരുക്കുന്നവരെ കലാസംവിധായകൻ എന്ന് പറയുമ്പോള്‍  സൂര്യയുടെ നാടകങ്ങള്‍ക്ക് സെറ്റൊരുക്കുന്ന ഒരാളെന്നനിലയില്‍ കലാസംവിധായകനെന്നു പറഞ്ഞു കേള്‍ക്കാനാണ്  ഞാനിഷ്ടപ്പെടുന്നത് . എങ്കിലും സ്റ്റേജ് ഡിസൈനർ  എന്നറിയപ്പെടുന്നതില്‍ വിരോധവുമില്ല.   നാടകം  നൃത്തം,സംഗീതം തുടങ്ങി സൂര്യയയുടെ എല്ലാ പരിപാടികള്‍ക്കും 15 വര്‍ഷമായി ഞാന്‍ തന്നെയാണ് സ്റ്റേജൊരുക്കുന്നത്.

സൂര്യയുടെ പുതിയ  നാടകം ചായക്കടകഥകൾക്ക് വേണ്ടി ഹൈലേഷ് ഡിസൈൻ ചെയ്ത സെറ്റ്
എങ്ങനെയാണ് സൂര്യയില്‍ എത്തിപ്പെട്ടത്?

കുട്ടിക്കാലത്ത് വരയ്ക്കുമായിരുന്നു. ശില്‍പ്പനിര്‍മാണത്തിലും താല്പര്യമുണ്ടായിരുന്നു. മുതിര്‍ന്നപ്പോള്‍ സ്റ്റേജ് ഡിസൈനിനോട് മാത്രമായി താല്‍പ്പര്യം ചുരുങ്ങി. കൺസ്ട്രക്ഷൻ ടെക്‌നോളജി  കോഴ്സ് കഴിഞ്ഞു  കുറച്ചു നാൾ പഠിച്ച മേഖലയിൽ പ്രവർത്തിച്ചെങ്കിലും  താല്‍പ്പര്യക്കൂടുതൽ സ്റ്റേജ് ഡിസൈനിനോടായിരുന്നു. ഇത് മനസ്സിലാക്കിയ പക്കുച്ചേട്ടനാണ് എന്നെ സൂര്യയില്‍ എത്തിച്ചത്.  അന്ന് ലക്ഷ്മണ്‍, ശ്രീകുമാര്‍ എന്നിവരായിരുന്നു സൂര്യക്ക് വേണ്ടി സ്റ്റേജ് രൂപകൽപന  ചെയ്തിരുന്നത്.  അവരുടെ സഹായിയായി 4-5 വര്ഷം പ്രവര്‍ത്തിച്ച എന്നിൽ  വിശ്വാസമുള്ളതുകൊണ്ടാകാം സൂര്യാ ഫെസ്റ്റിവലിന്റെ 25-ാം  വാര്‍ഷികത്തിന്റെ സ്റ്റേജ് ഡിസൈന്‍ ചുമതല കൃഷ്ണമൂര്‍ത്തി സാര്‍ എന്നെയാണ് ഏല്‍പ്പിച്ചത്.  അന്ന് തുടങ്ങിയ സ്വതന്ത്ര ഡിസൈൻ എന്റെ 15 ലും സൂര്യയുടെ 40-ാം വാര്ഷികത്തിലും എത്തിനില്‍ക്കുന്നു. 
സൂര്യായിൽ നീണ്ട നാൾ പ്രവർത്തിക്കാൻ കഴിഞ്ഞ ഒരാൾ എന്ന നിലയ്ക്ക് സൂര്യാ കൃഷ്ണമൂർത്തിയിയിൽ കണ്ട പ്രധാന സ്വാഭാവ സവിഷേത
സൂര്യകൃഷ്ണമൂർത്തിസാറിനെ പരിചയപ്പെട്ടതും കൂടെ പ്രവർത്തിക്കാൻ പറ്റിയതും ജീവിതത്തിലെ ഒരു വലിയ  ഈശ്വരാനുഗ്രഹമായാണ് ഞാൻ കരുതുന്നത്.  സാറിനോട് എന്തും തുറന്നു പറയാം. എല്ലാം പോസിറ്റീവായി കാണുന്ന സാറിന്റെ സമീപനത്തിൽ നമുക്ക് വളരെ സ്വതന്ത്രമായി വർക്ക് ചെയ്യാം. എന്ത് എങ്ങനെ ചെയ്താലും അത് ആസ്വാദകർക്ക്  ഇഷ്ടപ്പെടുന്നതായിരിക്കണം എന്നാണ്  സാർ പറയുന്നത്.  പറഞ്ഞപണി കൃത്യസമയത്ത്  തീർക്കുന്നതിലും അതിൽ അണുവിട  മാറ്റമില്ലാതെ  ചെയ്യിപ്പിക്കുന്ന കാര്യത്തിലും സാറിനു വിട്ടുവീഴ്ചയില്ല.  അതുകൊണ്ടാണ്‌ സൂര്യാ ഓരോകൊല്ലം കഴിയുന്തോറും മികവ് തെളിയിച്ച് മുന്നേറുന്നത്.  എനിക്കെല്ലാം അറിയാവുന്ന രീതിയിൽ ഇന്നുവരെ ഞാൻ ആരോടും പെരുമാറിയിട്ടില്ല. അതുകൊണ്ടായിരിക്കാം വളരെ സിംപിളായ സാറുമായി സഹകരിച്ചു പോകാൻ കഴിയുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു .

സൂര്യാ വേദിയിൽ സൂര്യാ കൃഷ്ണമൂർത്തിക്കൊപ്പം ഹൈലേഷ്
സൂര്യാ സ്റ്റേജ്  ഡിസൈനില്‍ വെല്ലുവിളിയായി തോന്നിയ വര്‍ക്ക്

അടുത്തിടെ ചെയ്ത ഗണേശം , പ്രണാമം , പുലരി ഇവയൊക്കെ സെറ്റൊരുക്കുന്നതില്‍   വെല്ലുവിളിയായിരുന്നെങ്കിലും  14 സെറ്റുകള്‍ ഉള്ളതും , സ്റ്റേജില്‍ മഴപെയ്യിക്കുന്നതുമായ 40 അടിയുടെ വിശാലതയില്‍ തീര്‍ത്ത ഉപഹാരത്തിന്റെ സെറ്റാണ് കുറച്ചുകൂടി വെല്ലുവിളി നിറഞ്ഞതായിരുന്നതായി എനിക്ക് തോന്നുന്നത്.  ട്രോളി വച്ചിട്ടൊക്കെയാണ്  കൃത്യ ടൈമിംഗിൽ അതിലെ സെറ്റ് മാറ്റിയിരുന്നുത്.
സൂര്യക്ക്പുറമെ ഡിസൈൻ നിർവഹിച്ച  മറ്റു   വേദികൾ    
സൂര്യയുടെ ജോലിയെ ബാധിക്കാതെ മറ്റു   വേദികളും ഡിസൈൻചെയ്യാറുണ്ട്. ഐ എഫ് എഫ് കെ,സംസ്ഥാന ചലച്ചിത്ര അവാർഡ്നിശ, ആറ്റുകാൽ ക്ഷേത്രം,വെട്ടുകാട് പള്ളി, പാർട്ടി സമ്മേളനങ്ങൾ, നാടകങ്ങൾ, സ്റ്റേജ് ഷോകൾ,  വിവാഹം  തുടങ്ങി എല്ലാ ഇവന്റുകൾക്കും സ്റ്റേജ് ഡിസൈൻ ചെയ്യാറുണ്ട്.  കൃത്യമായ കണക്കില്ലെങ്കിലും എന്റെ ഓർമ്മ ശരിയാണെങ്കിൽ  17 വര്ഷം കൊണ്ട് സൂര്യാ  വേദിയുൾപ്പെടെ 4000ൽ പരം സ്റ്റേജ് ഡിസൈൻ ചെയ്തു കാണും.

ഹൈലേഷ് സ്റ്റേജ് ഡിസൈനുകളുടെ വീഡിയോ
ഹൈലേഷ് എന്ന്  
തന്നെയാണോ യഥാർത്ഥ പേര്?
ശരിക്കും  എന്റെ പേര് ഹൈല കുമാറെന്നാണ്. ഹൈലേഷ് എന്നല്ല. ഞാൻ ഗുരുതുല്യനായി കാണുന്ന ഹരിച്ചേട്ടനാണ് എളുപ്പത്തിനുവേണ്ടി എന്നെ ഹൈലേഷ് എന്ന്  വിളിച്ചു തുടങ്ങിയത്.  അത് കേട്ട്  മറ്റുള്ളവരും ആ പേര് വിളിക്കാൻ തുടങ്ങി. ഇപ്പോള്‍ ഹൈലേഷ് എന്ന് പറഞ്ഞാലേ അറിയൂ എന്ന അവസ്ഥയായിട്ടുണ്ട്.  അതുകൊണ്ടു  എഫ് ബി അക്കൗണ്ടിൽ  ഹൈലേഷ് ഹൈലകുമാര്‍ എന്ന പേരാണ് നൽകിയിരിക്കുന്നത്.  അതുകണ്ട്  അതെന്റെ യഥാർത്ഥ പേര് എന്ന് ധരിക്കുന്നവരും ഉണ്ട്.
സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ടോ
സൂര്യയുടെ ഈ നാൽപ്പതാം വർഷത്തിൽ സിനിമയിൽ നിന്ന് ആദ്യമായി ഒരു ക്ഷണം വന്നിട്ടുണ്ട്.  സ്ത്രീപക്ഷ സിനിമ  ക്രോസ്സ് റോഡിൽ  ലെനിൻ രാജേന്ദ്രൻ പാർവതിയെ നായികയാക്കി  സംവിധാനംചെയ്യുന്ന 'പിമ്പേ നടപ്പവൾ'ക്ക് വേണ്ടി അദ്ദേഹം തന്നെയാണ് ക്ഷണിച്ചത്. ഇത്രയും കാലത്തെ സ്റ്റേജ് ഡിസൈൻ ജീവിതത്തിനിടയിൽ ഇതാദ്യമായാണ് സിനിമയിൽ നിന്ന് ഒരു വിളി വരുന്നത്.
അംഗീകരം
അവാർഡുകൾ ആണ് ഉദ്ദേശിച്ചതെങ്കിൽ അതെനിക്ക് ലഭിച്ചിട്ടില്ല.  പക്ഷെ, രണ്ടു പ്രശസ്ത വ്യക്തികളുടെ വാക്കുകൾ എന്റെ ജോലിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ കരുതുന്നുണ്ട്.  അതിലൊന്ന് 2013 ൽ ശ്രീശ്രീ രവിശങ്കർ കൊല്ലത്ത് വന്നപ്പോൾ ആശ്രമം മൈതാനയിൽ ഒരുക്കിയ 140 അടി നീളവും 35 അടി പൊക്കവും ഉള്ള ആനന്ദസാഗർ കോട്ടയുടെ ഡിസൈൻ കണ്ട്  അദ്ദേഹം ജനസഹസ്രങ്ങൾ തിങ്ങിനിറഞ്ഞ മൈതാനം കേൾക്കെ മൈക്കിലൂടെ ഡിസൈനിനെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾ . മറ്റൊന്ന് ടഗോർ തീയറ്ററിൽ ഒരിക്കൽ സൂര്യഫെസ്റ്റിവൽ ഉദ്ഘാടനം  ചെയ്യാൻ വന്ന മോഹൻലാൽ അന്നത്തെ സ്റ്റേജ് ഡിസൈൻ കണ്ട് ബാക്ക് ഡ്രോപ് ക്‌ളാസ് എന്ന് പറഞ്ഞു എന്നെ അഭിനന്ദിക്കുകയും, സൂര്യയുടെ ഉപഹാരം  കൈമാറുകയും ചെയ്തത്.

ആശ്രമം മൈതാനയിൽ ഒരുക്കിയ ആനന്ദസാഗർ കോട്ട
സൂര്യോത്സവം അവസാനിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾഷോ മൈ സേവ്യറിലാണല്ലോ അതിന്റെ മുന്നൊരുക്കങ്ങൾ

കുറച്ചു റിസ്‌ക്കുള്ള വലിയ സെറ്റാണ് സേവ്യറിനുവേണ്ടി ഒരുക്കുന്നത്.  ബാക്ക്സ്റ്റേജിനു  50 അടിയും ഫ്രന്റ് സ്റ്റേജിനു 70 അടിയും വേണ്ട  120 അടി നീളത്തിലും  25 അടി പൊക്കവുമുള്ള വേദിയാണ്  ഒരുക്കുന്നത്. അതിനുള്ളിൽ നിമിഷങ്ങൾക്കുള്ളിൽ മാറിമറയുന്ന 18 ഓളം സെറ്റുകളുണ്ടാവും. കൂടാതെ നൂറിൽപ്പരം കലാകാരന്മാരെയും ആ സ്റ്റേജ് ഉൾക്കൊള്ളും. മാസങ്ങളായി അതിന്റെ ജോലിയിലാണ്. പൂർത്തിയാകാത്ത ഡിസൈനിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ല.
കുടുംബം
ഭാര്യാ സോഫിയ, മകൻ ഹൃദയേഷ്‌,  അച്ഛൻ തോമസ്, അമ്മ സുമതി എന്നിവരടങ്ങുന്നതാണ് കുടുംബം. സോഫിയ നർത്തകിയാണ്. സൂര്യവേദിയിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.   കുടുംബസമേതം തച്ചോട്ടുകാവിൽ താമസിക്കുന്നു.  .

ഹൈലേഷ്, ഹൃദയേഷ്‌, സോഫിയ
ജീവനില്ലാത്ത ഒരു വേദിക്ക് പുതുജീവൻപകരുന്ന കലയാണ് സ്റ്റേജ് ഡിസൈൻ.  ഇൻഡോർ ഔട്ട്ഡോർകളിലെ ചെറുതും വലുതുമായ ഏതുതരം വേദിയും ആയിക്കോട്ടെ മികച്ച രൂപകല്പനയിലൂടെ പുതുജീവൻ പകരാൻ ഒരു മികച്ച ഡിസൈനർക്ക്  കഴിയണം. ഒപ്പം പ്രേക്ഷകനെ ആകർഷിക്കാനും. അതിനു കഴിയുമെന്ന് 4000 വേദികളിൽ തെളിയിച്ച യുവ കലാകാരന് സിനിമയിലേക്ക് വിളി വൈകിയെന്ന് മാത്രം.  ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിന്റെ സ്റ്റേജ് ഡിസൈൻ ചെയ്ത ഹൈലേഷ് സൂര്യോത്സവത്തിന്റെ  സമാപന ആകർഷണമായ ഇന്ത്യയിലെ ഏറ്റവുംവലിയ ബൈബിൾ ഷോയുടെ സ്റ്റേജ് ഒരുക്കുന്ന തിരക്കിലാണ്.   സ്വന്തം ഡിസൈൻ സ്ഥാപനമായ ഹൈലേഷ് ഡിസൈൻസിലൂടെ  സ്റ്റേജ് ഡിസൈനുകളിൽ പുതുമ പരീക്ഷിക്കുന്ന ഹൈലേഷിന് വേദിയിലും , സിനിമയിലും കൂടുതൽ അവസരങ്ങൾ  കൈവരട്ടെ  എന്ന് ആശംസിക്കുന്നു. 

ബൈബിൾ ഷോയുടെ സെറ്റൊരുക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹൈലേഷ് ഡിസൈൻസ് ടീം

Views: 3710
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024