ഒറ്റപ്പാലം: പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ(77) അന്തരിച്ചു. ഒറ്റപ്പാലത്തെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 1993 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പലായിരിക്കെ വിരമിച്ചു. 2014 ല്‍ പത്മശ്രീ നല്കി രാജ്യം അവരെ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൃത്തനാട്യപുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര സര്‍ക്കാറിന്റെ സീനിയര്‍ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തിനു ഇന്നത്തെ പരിവേഷം നല്കിയ സത്യഭാമടീച്ചർ 'മോഹിനിയാട്ടം: ചരിത്രം സിദ്ധാന്തം പ്രയോഗം' എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്.
മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാല് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്കരിക്കും. ഭര്‍ത്താവ്: പരേതനായ കലാമണ്ഡലം പത്മനാഭന്നായര്. മക്കള്‍: വേണുഗോപാലന്‍, ലതിക, രാധിക, ശശികുമാര്‍.