നിരഞ്ജന
മൂന്നര വയസ്സില്‍ ചിലങ്ക അണിഞ്ഞ നിരഞ്ജന പി. ആര്‍. ന് ഏറ്റവും ഇഷ്ടമുള്ള നര്‍ത്തകിയും അഭിനേത്രിയും ശോഭനയാണ്.ശോഭനയുടെ മികച്ചൊരു ചിത്രമായ 'മണിച്ചിത്രത്താഴി'ലെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഗാനരംഗത്ത് നാഗവല്ലിയായി ശോഭന യുടെ ഉജ്ജ്വല അഭിനയം കണ്ടപ്പോള്‍ നിരഞ്ജന തീരുമാനിച്ചു ആ ഗാനം നൃത്താവിഷ്‌കാരമായി നടത്തി ഇഷ്ട താരത്തിന് സമര്‍പ്പിക്കണമെന്ന്. കൊച്ചു മിടുക്കിയുടെ വലിയ ആഗ്രഹം സഫലമായി. ജെ.കെ.എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വീഡിയോ ചിത്രീകരിച്ചു. മേക്കോവര്‍ നടത്തിയ ജയന്‍ അര്‍ജുനന്‍ ക്യാമറാമാന്‍ ബിനോയ് ആന്റണി, ജെ .കെ. എന്റര്‍ടെയ്ന്‍മെന്റ്‌സിലെ ജെ. കെ എന്നിവരുടെയും ഈണം പ്രൊഡക്ഷന്‍സിന്റെയും സഹായത്തോടെയായിരുന്നു അഞ്ചു ദിവസത്തെ പ്രയത്‌നത്തിനൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. ശോഭന സിനിമയില്‍ അവതരിപ്പിച്ചത് പോലെ വേഷത്തില്‍ നിരഞ്ജന നൃത്തമാടി. തിരുവനന്തപുരം ചെങ്കല്‍ ശ്രീ.മഹേശ്വര ശിവപാര്‍വതി ക്ഷേത്രത്തില്‍ ശിവരാത്രി ദിവസം കലാനിധി ലെനിന്‍ രാജേന്ദ്രന്‍ ചുനക്കര രാമന്‍കുട്ടി അവാര്‍ഡ് നൈറ്റില്‍ വീഡിയോ പ്രകാശിപ്പിച്ചു. വീഡിയോ കണ്ടവരുടെ നല്ല അഭിപ്രായങ്ങള്‍ നിരഞ്ജനയെ ഒരുപാട് സന്തോഷിപ്പിച്ചു. യൂട്യൂബിലൂടെയും കുറഞ്ഞ ദിവസംകൊണ്ട് ധാരാളം പേരാണ് വീഡിയോ കണ്ടത്.
ശോഭനയെ ഒന്നു നേരില്‍ കാണണമെന്ന നിരഞ്ജനനയുടെ വലിയ ഒരാഗ്രഹവും സാധിച്ചു. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിക്കാന്‍ ശോഭന വന്നപ്പോള്‍ അവരെ കാണാനുള്ള അവസരം സൂര്യ കൃഷ്ണമൂര്‍ത്തി ഒരുക്കി. ശോഭനയെ തൊട്ടടുത്ത് കാണുവാനും അനുഗ്രഹം വാങ്ങിക്കാനും സാധിച്ചത് വലിയ ഭാഗ്യമായി നിരഞ്ജന കരുതുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കണമെന്ന ആഗ്രഹവും സാധിച്ചു. വിഷുദിനത്തില്‍ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന നൃത്തം അവതരിപ്പിച്ചത് മറക്കാനാവാത്ത അനുഭവമാണെന്ന് ഈ നര്‍ത്തകി പറയുന്നു. സ്വന്തമായി കോറിയോഗ്രാഫി ചെയ്താണ് കൃഷ്ണനെ വര്‍ണിച്ചു കൊണ്ട് നൃത്തം അവതരിപ്പിച്ചത്. കൃഷ്ണനും രാധയും തമ്മിലുള്ള സ്‌നേഹ പ്രകടനങ്ങളായിരുന്നു നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തിയത്. രാധയായത് ഒമ്പതു വയസുകാരി അനന്യ ആണ്. കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, ആലപ്പുഴ തുറവൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രം, ചെങ്കല്‍ മഹാദേവ ക്ഷേത്രം,ബാലരാമപുരം തലയ്ക്കല്‍ ശിവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, മോഹിനിയാട്ടം എന്നിവയാണ് നിരഞ്ജനയുടെ ഇഷ്ട നൃത്ത ഇനങ്ങള്‍. ആര്യ, ദീപ്തി, പ്രമോദ് പ്രേം, സിബി, ദേവേഷ്, സിദ്ധാര്‍ത്ഥ് എന്നിവരാണ് നൃത്ത അധ്യാപകര്‍.
ടെലിവിഷന്‍ പരിപാടികളിലും നിരഞ്ജനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. നൃത്തത്തോടൊപ്പം സ്‌പോര്‍ട്‌സിലും ചിത്രരചനയിലും ക്രാഫ്റ്റ്‌സ് വര്‍ക്കിലും മോണോആക്ടിലും നിരഞ്ജന മിടുക്കിയാണ്. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിരഞ്ജന. സ്‌പോര്‍ട്‌സില്‍ സംസ്ഥാനതലത്തില്‍ രണ്ടു തവണ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.കലാ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങലാണ് കരസ്ഥമാക്കിയത്. ബിന്ദു ലക്ഷ്മിയും ഭാരത് ഭവനും ഭരതകല ആര്‍ട്ട് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ഏറ്റവും ദൈര്‍ഘ്യമേറിയതും ഇടവേള ഇല്ലാതെയുമുള്ള ക്ലാസിക്കല്‍ ഡാന്‍സ് റിലേഷന്‍ മരത്തോണ്‍ എന്ന ഇവന്റില്‍ വേള്‍ഡ് റെക്കോര്‍ഡും നിരഞ്ജന സ്വന്തമാക്കി. കലാ, സാംസ്‌കാരിക സംഘടനകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കലാനിധി കലാ പ്രതിഭയുമാണ് നിരഞ്ജന.
തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡില്‍ 'നിരഞ്ജനത്തി'ല്‍ പ്രമോദിന്റെയും രമ്യയുടെയും മകളാണ് നിരഞ്ജന. അനുജന്‍ നിരഞ്ജന്‍ നാലാം ക്ലാസില്‍ പഠിക്കുന്നു.
മാതാപിതാക്കള്‍ സ്‌പോര്‍ട്‌സില്‍ പ്രാവിണ്യം നേടിയവരാണ്. അമ്മയോടൊപ്പം വേദികളില്‍ നൃത്തം ചെയ്യണമെന്നമെന്നതാണ് വലിയ മോഹമെന്ന് നിരഞ്ജന പറയുന്നു.അപ്പൂപ്പന്‍ പ്രഭാകരന്റെ വലിയ ആഗ്രഹമായിരുന്നു ചെറുമകള്‍ നിരഞ്ജനയെ എല്ലാവര്‍ക്കും പ്രിയങ്കരിയായ ഒരു നര്‍ത്തകിയാക്കണമെന്നത്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നിരഞ്ജന നല്ലൊരു നര്‍ത്തകിയായി വളരുന്നതില്‍ കുടുംബത്തിന് ഏറെ അഭിമാനമുണ്ട്. സ്‌കൂളിന്റെയും മാതാപിതാക്കളുടെയും പിന്തുണ ഏറെ വിലപ്പെട്ടതാണെന്ന് നിരഞ്ജന പറയുന്നു. അജയന്‍ ഉണ്ണിപറമ്പില്‍ ആണ് നിരഞ്ജനയെ മോണോആക്ട് പഠിപ്പിക്കുന്നത്.
സിനിമയിലേക്കും ടെലിഫിലിമിലേക്കും അഭിനയിക്കാനും ക്ഷണം കിട്ടുന്നുണ്ട്.
നാഗവല്ലി, കണ്ണന്‍, എന്നീ ചെല്ലപ്പേരുകളാണ് കൂട്ടുകാര്‍ വിളിക്കുന്നതെന്ന് നിരഞ്ജന പറയുന്നു.പഠനത്തോടൊപ്പം നല്ലൊരു നര്‍ത്തകിയാകാനും നിരന്തര പ്രയത്‌നം നടത്തുകയാണ് ഈ പതിമൂന്ന് വയസുകാരി.