റിയാസ് കുന്ദമംഗലം
ഇക്കഴിഞ്ഞ ഏപ്രില്‍ 11 നു മ്യുസിയം കെ സി എസ് പണിക്കര്‍ ഹാളില്‍ ഗോഡ്‌സ് ഓണ് കണ്ട്രി വേരുകളിലൂടെഎന്ന പേരില്‍ പ്രദര്ശനം നടത്തുമ്പോഴാണ് റിയാസ് കുന്ദമംഗലം എന്ന ശില്പിയെ നേരിട്ട് കാണാന്‍ ഇടയായത്. ഒരു ശില്പിയോടെന്ന സംവാദത്തിനിടയിലാണ് റിയാസിന്റെ വാളെടുത്ത കഥകള്‍ എനിക്ക് വീണു കിട്ടിയത്. തേക്കിന്‍ വേരുകളില്‍ എന്‌ടോസള്‍ഫാന്‍ ദുരന്തം, , ഇന്റര്‍നെറ്റില്‍ കുടുങ്ങുന്ന യൂവത്വം, സുരക്ഷിതരല്ലാത്ത പെണ്‍കുട്ടികള്‍ തുടങ്ങി 12 ശില്പങ്ങളില്‍ സമൂഹത്തിന്റെ ദുരവസ്ഥകള്‍ അതി മനോഹരമായി കൊത്തിയൊരുക്കിയതു പഴയ ഒരു ക്രിമിനലാണെന്ന് കേട്ടപ്പോള്‍ ഞാനൊരു വിസ്മയലോകത്തായിപ്പോയി. ഒരു കല വഴിതെറ്റിയ മനുഷ്യനെ കുറച്ചു വൈകിയാലും നേര്‍വഴിക്കു നയിക്കും എന്നതിന്റെ നേര്‍ സാക്ഷ്യം. സ്ഫടികത്തിലെ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തിനു സമാനമായ ജീവിതം. അതിങ്ങനെ .
ചതിക്കപ്പെട്ട ഒരുടൽ (എൻഡോസൾഫാൻ ദുരന്തം)
കൈവെള്ളയിൽ ഒരൊറ്റുകാരൻ(മൊബൈൽ ഫോണ്‍ ദുരുപയോഗം, ദുരന്തം)
മുഹമ്മദ് റിയാസ് കുന്ദമംഗലം ഇന്ന് കേരളക്കരയാകെ അറിയപ്പെടുന്ന ശില്പ്പിയാണ്.. അഞ്ചു വര്ഷത്തെ മുന്‍ ഒരുക്കത്തിലൂടെ 40-30 വര്ഷം മണ്ണിനടിയില്‍ പാര്ത്ത 12 തേക്കിന്‍ വേരുകളെ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയില്‍ നിന്നും കുഴിച്ചെടുത്ത് കൊണ്ടുവന്നു രാത്രികളെ പകലാക്കി വിശപ്പും ദാഹവും മറന്നു മൂന്ന് പെണ്മക്കളെയും ഭാര്യയെയും ശ്രദ്ധിക്കാതെ ഒന്നരവവര്ഷം കഠിനാധ്വാനം ചെയ്ത രൂപംനല്കിയ വേരുകള്‍ ആണിന്നു റിയാസിന്റെ മേല്‍വിലാസം. ഇപ്പോള്‍ പത്തു വര്ഷമായി ശില്പിയായി അറിയപ്പെടുന്ന റിയാസ് കുന്ദമംഗലത്തിനു മറ്റൊരു മേല്‍വിലാസം മുണ്ടായിരുന്നു ക്വട്ടേഷന്‍ സംഘ തലവന്‍ എന്ന വിലാസം.
രാഷ്ടീയ നേതാക്കള്‍ക്ക് തോഴനും പോലീസുകാര്‍ക്ക് വെറുപ്പുള്ളവനും നാട്ടുകാര്‍ക്ക് പേടിസ്വപ്നവും ആയിരുന്ന റിയാസ് കല്യാണം കഴിക്കുമ്പോള്‍ 38 ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നൂ. ഇന്ന് അവശേഷിക്കുന്നത് ഒരു കേസ് മാത്രം. നാട്ടിലെ ഒരു എസ് ഐ യെ ചെകിട്ടത്തടിച്ചതിനു. കലഭിരുചിയെ തല്ലിത്തകര്‍ത്ത ബാപ്പയോടുള്ള വിധ്വേഷമാണ് ഛായം ചാലിച്ച കൈകളില്‍ റിയാസിനെ വാളെടുക്കാന്‍ പ്രേരിപ്പിച്ചത്. കുടുംബത്ത്ിലെ ആര്‍ക്കും ചിത്രരചനയോടു താല്പര്യം ഇല്ലാതിരുന്നിട്ടും കുട്ടിക്കാലത്ത് നന്നായി ചിത്രം വരച്ചിരുന്നു റിയാസിന് എന്തും കണ്ടാല്‍ അതേപടി ചിത്രമാക്കുന്ന ഒരു ജന്മസിദ്ധമായ കഴിവ് ഉണ്ടായിരുന്നു. ആരും പഠിപ്പിക്കതെയും പ്രോത്സഹിപ്പിക്കതെയും മനോഹരമായ ചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു. റിയാസ് ഒന്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗള്‍ഫിലുള്ള ബാപ്പ മുഹമ്മദ്‌കോയയോട് ആരോ പറഞ്ഞു കലാകാരന്മാര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു നശിച്ചുപോയ ചരിത്രമാണുള്ളതെന്നും ചിത്രകലയെ അതിരിട്ടു സ്‌നേഹിക്കുന്ന മകനെ പിന്തിരിപ്പിച്ചി ല്ലെങ്കില്‍ നശിച്ചുപോകുമെന്നും. ഇതുകേട്ട് മകനെ നേരെയാക്കാന്‍ ബാപ്പ നാട്ടിലെത്തി.
വീട്ടില്‍ ചുമരില്‍കണ്ട റിയാസിന്റെ ചിത്രങ്ങളെല്ലാം വലിച്ചുക്കിറിക്കളഞ്ഞു . മകനെ ചിത്രരചനയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കടുത്ത ശ്രമം തുടങ്ങി. തന്റെ കഴിവുകളെ പ്രോത്സഹോപ്പിക്കത്ത ബാപ്പയുടെ പ്രവര്‍ത്തനങ്ങളില്‍ അരിശം തോന്നിയ റിയാസ് നാടുവിട്ടു. രണ്ടു മാസം കഴിഞ്ഞു തിരിച്ചെത്തി. ബാപ്പ തിരിച്ചു ഗള്‍ഫില്‍ പോയിക്കാണുമെന്നുകരുതിയ റിയാസിനു തെറ്റി. ബാപ്പ മകനെ ചിത്രരചനയില്‍ നിന്നകറ്റാന്‍ അഞ്ചുവര്‍ഷമാണ് ലീവെടുത്ത് വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കിയ ആ ബാലന്‍ തകര്ന്നു പോയി. പിന്നെ മകനെ മനസ്സിലാക്കാത്ത ബാപ്പയും മകനും ഒരുവീട്ടിലെ ശത്രുക്കളെ പോലെ ആയി. കൂടുതല്‍ കാര്‍ക്കശ്യ ബുദ്ധി കാട്ടിയ ബാപ്പ മകനെ മറ്റൊരു മനുഷ്യന്‍ ആക്കുകയായിരുന്നു. ബാപ്പയില്‍നിന്നകന്നു കഴിയാന്‍ തീരുമാനിച്ച റിയാസ് ചെന്നൈലേക്ക് നാടുവിട്ടു. അന്ന് പത്തില്‍ പഠിക്കുകയായിരുന്നു. 16 ആയിരുന്നു പ്രായം. ഒന്‍പതില്‍ പഠിക്കുമ്പോള്‍ അധ്യാപകനെ അടിച്ചു. ആ കാരണം കൊണ്ട് ഒന്‍പതില്‍ മൂന്നു കൊല്ലം പഠിക്കേണ്ടിവന്നു.
മുന്നില്‍ നില്‍ക്കാനും എന്തും ചെയ്യാനുള്ള മനക്കരുത്തും ഉണ്ടെങ്കില്‍ എളുപ്പം പണം ഉണ്ടാക്കാം എന്ന് മനസ്സിലാക്കിയ കൊച്ചു റിയാസ് ക്വട്ടേഷന്‍ സംഘത്തില്‍ ചേര്‍ന്ന് വാളെടുത്തു. ഇന്ത്യയില്‍ ആകമാനം പ്രവര്ത്തിച്ചു. എവിടെയും പെട്ടെന്ന് ഒന്നാമനാകുന്ന കഴിവ് പതിനെട്ടാം വസ്സില്‍ റിയാസിനെ ഗ്യാങ്ങ് ലീഡര്‍ ആക്കി. കേരളമാകെ ക്വട്ടേഷന്‍ സംഘ തലവനെന്നു പേരെടുത്ത റിയാസിനെ രാഷ്ടീയ പാര്‍ടികള്‍ നന്നായി ഉപയോഗിച്ചു. അറിയപ്പെടുന്ന ക്രിമിനലായി വിലസുമ്പോഴും ചിത്രകലയെ റിയാസ് സ്‌നേഹിച്ചിരുന്നു. സമയം കിട്ടുമ്പോള്‍ വരയ്ക്കുകയും ചിത്രപ്രദര്‍ശന്ങ്ങള്‍ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ പോയിക്കണ്ടിരുന്നു. കാശ്മീര്‍ വരെപ്പോയി പ്രദര്ശനം കണ്ടിട്ടുണ്ട്.
എന്തും ഒറ്റ നോട്ടത്തില്‍ കണ്ടുമനസ്സിലാക്കുന്ന റിയാസ് വ്യത്യസ്തതക്കുവേണ്ടി സിമെന്റ് ശില്പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. നിക്കാഹ് കഴിഞ്ഞതോടെ ഗ്യാങ് പ്രവര്ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച റിയാസ് വയനാട്ടിലേക്ക് താമസം മാറ്റി. ഈ സമയം മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ വീണ്ടും കലാകാരനായി. പിന്നീടൂള്ള 10 വര്‍ഷങ്ങള്‍ റിയാസിനെ ഗ്യാങ് പ്രവര്‍ത്തനത്തില്‍ നിന്ന് ഈ കല അകറ്റിനിര്‍ത്തി. തടിയില്‍ ശില്പങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഫോട്ടോയില്‍ നോക്കി ആരുടെ മുഖവും തടിയില്‍ കൊത്തും. പലരും തേടി വരാന്‍ തുടങ്ങി. റിയാസിന്റെ ഗുണ്ട എന്ന മേല്‍വിലാസം പതിയെ ശില്പിയിലേക്ക് മാറാന്‍ തുടങ്ങി. അതിങ്ങനെ തുടരവേ ഒരുവീടിന്റെ മുന്നില്‍ കണ്ണില്‍പ്പെട്ട ഒരു ഈട്ടിയുടെ വേരാണ് റിയാസിന്റെ ജാതകം തിരുത്തി എഴുതിയത്.
ഈട്ടിത്തടിയിൽ റിയാസ് കൊത്തിയെടുത്ത മോഹൻലാൽ
ആ വേര് കൂട്ടുകാരുടെ സഹാത്തോടെ വീട്ടില്‍ കൊണ്ടുവന്നു. പിന്നെ ദിവസങ്ങളുടെ ആത്മ സമര്പ്പണം കൊണ്ട് കൊത്തിയെടുത്ത ആദ്യരൂപം ദിനോസര്‍ ഉള്‍പ്പെട്ട നാല് ജീവികളുടെതായിരുന്നു. പിന്നെയും ഈട്ടിവേരില്‍ ശില്പങ്ങളുണ്ടാക്കി . വെയിലും മഴയും കാലപ്പഴക്കമെന്നും തന്റെ വേര് ശില്പങ്ങളില്‍ ഒരു പോറല്‍ പോലും ഏല്പ്പിക്കില്ല എന്ന തിരിച്ചറിവാണ് റിയാസിനെ തേക്കിന്‍ വേരുകളുടെ ശില്പ്പിയക്കിയത്. പിന്നെ അതിനുവേണ്ടിയുള്ള അലച്ചിലായിരുന്നു. കോഴിക്കോട് തുഷാരഗിരിയില്‍ അവ കണ്ടെത്തി. 30-40 വര്ഷം പഴക്കമുള്ള കൂട്ടുകാരുടെ സഹാത്തോടെ കുഴിച്ചെടുത്ത് ഭീമാകാരമായ വേരുകള്‍ വീടിന്റെ മുന്നിലെത്തിച്ചു. ഈ പ്രവര്ത്തിക്ക് ചെലവായത് നാലേ മുക്കാല്‍ ലക്ഷം.
പിന്നെ ദിവസവും രാവിലെ എണീറ്റ് രാത്രിവരെ ഈ വേരുകളെ നോക്കിയിരിക്കുന്നതായി കുറച്ചു ദിവസം ഇദ്ദേഹത്തിന്റെ പണി . ഇത് കണ്ട വീട്ടുകാരും നാട്ടുകാരും റിയാസിന് വട്ടാണെന്ന് വരെ പറഞ്ഞു. പക്ഷെ ഓരോവേരിലും കൊത്തേണ്ട രൂപങ്ങളുടെ ചിത്രം മനസ്സില്‍ വരയ്ക്കുകയായിരുന്ന റിയാസ് ചുറ്റുപാടുകളെ അറിഞ്ഞതേയില്ല. നീണ്ട ഒന്നര വര്ഷത്തെ കഠിന തപസ്സില്‍ പ്രത്യക്ഷമാക്കിയത് കേരളത്തിലെ സമൂഹ ദുരവസ്ഥകളുടെ ശില്പങ്ങള്‍. അപ്പോഴേക്കും റിയാസ് ഒരു പുതിയ മനുഷ്യന്‍ ആയികഴിഞ്ഞിരുന്നു. തന്റെ കുട്ടിക്കാലത്ത് ബാപ്പ നഷ്ടപ്പെടുത്തിയ കലകാരനിലേക്കുള്ള പറിച്ചു നടല്‍ ആയിരുന്നു അത്.
ഒരു പൂര്ണ ശില്പിയായി മാറിക്കഴിഞ്ഞ റിയാസ് തന്റെ ശില്പങ്ങള്‍ കേരള ജനതയുടെ കണ്ണ്തുറപ്പിക്കണമെന്നും താന്‍ മുഹമ്മദ് റിയാസ് കുന്ദമംഗലം എന്ന ശില്പിയായി മാത്രം അറിയപ്പെടണം എന്ന ആഗ്രഹത്തോടെ എറണാകുളത്തു നിന്നും ആരംഭിച്ച പത്താമത്തെ ജില്ലാ പ്രദര്‍ശനമാണ് തിരുവനന്തപുരത്ത് നടന്നത് ഇതുവരെ 12 വേര് ശില്പ നിര്‍മ്മാണത്തിനും പ്രദര്ശനത്തിനുമായി 35 ലക്ഷം രൂപയോളം ചെലവിട്ടു. കടുത്ത സാമ്പത്തികബാധ്യതയിലും ഈ യുവ ശില്പി സ്വന്തം മക്കളെ പോലെ സ്‌നേഹിക്കുന്ന ശില്‍പ്പങ്ങളില്‍ ഒരെണ്ണവും ഇതുവരെ വിറ്റിട്ടില്ല.
കുന്ദമംഗലത്തെ വീട്ടില്‍ റിയാസ് തീര്ക്കുന്ന ശില്പങ്ങള്‍ കണ്ടു പശ്ചാത്തപിക്കുന്ന ബാപ്പ മുഹമ്മദ് കോയ, ഉമ്മ, ഭാര്യ ഷെമീര മക്കളായ ഏഴാം ക്ലാസ്സുകാരി ആതിനു ഹെലെന്‍,നാലാം ക്ലാസ്സുകാരി നിഖ ഹെലെന്‍, എല് കെ ജി വിദ്യാര്‍ഥിനി നൂബ ഹെലെന്‍ എന്നിവരടങ്ങുതാണ് ശില്പിയുടെ കുടുംബം. സര്‍വ ശിക്ഷ അഭിയാനിലെ ഉദ്യോഗസ്ഥയായ ഷെമീരയുടെ ഏക വരുമാനമാണിന്ന് കുടുംബത്തിനാശ്രയം