ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിന് പാക്കിസ്ഥാനില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്ന് പാക് സെന്‍സര്‍ ബോര്‍ഡ്. ചിത്രം പാക്കിസ്ഥാനിലേക്ക് സര്‍ട്ടിഫിക്കേഷനായി എത്തിയിട്ടില്ലെന്നും സിനിമയ്ക്ക് എന്‍ഒസി ലഭിക്കുന്നതിനു വേണ്ടി വിതരണക്കാര്‍ സമീപിച്ചിട്ടുപോലുമില്ലെന്നും സെന്‍സര്‍ ബോര്‍ഡ് വക്താവ് അറിയിച്ചു.
നേരത്തെ, ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക് താരങ്ങള്‍ ഇന്ത്യ വിടണം എന്ന് മഹാരാഷ്ര്ട നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഈ തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. സുശാന്ത് സിംഗ് രജ്പുത് ധോണിയായി വേഷമിട്ട 'ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി' ഈ മാസം 30നാണ് റിലീസ് ചെയ്യുന്നത്. 60 രാജ്യങ്ങളിലായി 4500 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.