തിരുവനന്തപുരം: ജി.എസ്.ടി നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളിലും 100 രൂപയ്ക്കു മുകളില്‍ ടിക്കറ്റ് നിരക്കുളള ഓരോ ടിക്കറ്റിനും 28 ശതമാനം നികുതിയും 100 രൂപയ്ക്കും അതിനുതാഴെയും നിരക്കുളള ടിക്കറ്റിന് 18 ശതമാനം നികുതിയും അടയ്ക്കണമെന്ന് കെ.എസ്.എഫ്.ഡി.സി അറിയിച്ചു. ഇതിനോടൊപ്പം ഓരോ ടിക്കറ്റിലും സര്‍വീസ് ചാര്‍ജ്ജായ രണ്ട് രൂപയ്ക്കും സാംസ്‌കാരിക ക്ഷേമനിധിയ്ക്കുളള സെസ് തുകയായ മൂന്ന് രൂപയ്ക്കും നികുതികള്‍ ബാധകമാണ്. തിയേറ്റര്‍ പ്രവേശന നിരക്കില്‍ മേല്‍സെസും സര്‍വീസ് ചാര്‍ജ്ജും ഉള്‍പ്പെടുത്തിയതിനുശേഷമേ നികുതി നിരക്ക് നിശ്ചയിക്കാനാവൂ. റിസര്‍വേഷന്‍ ചാര്‍ജ്ജ് തിയേറ്റര്‍ പ്രവേശന നിരക്കില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നുളള തീരുമാനത്തിനായി ജി.എസ്.റ്റി കൗണ്‍സിലിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇതിനു വിശദീകരണം വരുന്നതു വരെ സര്‍ക്കാര്‍ തിയേറ്ററുകളില്‍ റിസര്‍വേഷന്‍ ഉണ്ടാവില്ല.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഈ ടിക്കറ്റ് സമ്പ്രദായം നിലവില്‍ വരുന്ന മുറയ്ക്ക് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും ഇതിലേക്ക് മാറണം. ജി.എസ്.റ്റി നികുതി സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അതതു തിയേറ്ററുകള്‍ അടയ്ക്കണം. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിന് സെസ് തുകയായ ടിക്കറ്റിന് മൂന്ന് രൂപ എസ്.ബി.ഐ ജഗതി അക്കൗണ്ട് നം.67209773080, IFSC SBIN0070568 ല്‍ അടയ്ക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഇ ടിക്കറ്റിംഗ് സമ്പ്രദായം നടപ്പാക്കുന്നതുവരെ നികുതിയും സെസും തിയേറ്ററുകളില്‍ ശരിയായ രീതിയില്‍ പിരിച്ചെടുക്കുന്നതു പരിശോധിക്കുന്നതിനുളള ഉത്തരവാദിത്വം സംസ്ഥാന സാംസ്‌ക്കാരിക ക്ഷേമനിധി ബോര്‍ഡിനു നല്‍കിയിട്ടുണ്ട്.