തിരുവനന്തപുരം:ബിംബങ്ങളും പ്രതീകവല്‍ക്കരണവും സിനിമയ്ക്ക് അനിവാര്യ ഘടകമല്ലയെന്ന് 'കപില'യുടെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച് കൈരളിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
കൂടിയാട്ടം എന്ന സങ്കീര്‍ണ്ണ കലയെ ഡോക്യുമെന്ററിയിലൂടെ സ്വതന്ത്രമായി ആവിഷ്‌കരിക്കുകയായിരുന്നു. സമയോജിതമായ കലയ്ക്കു വന്ന മാറ്റം കപിലയുടെ ജീവിതത്തിലൂടെ നോക്കിക്കാണാനാണ് ശ്രമിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഗൗരവമേറിയ സാമൂഹിക പ്രശ്‌നങ്ങള്‍ ഡോക്യുമെന്ററികള്‍ കൈകാര്യം ചെയ്യുമ്പോഴും അവയെ കേവലം വീഡിയോകളായി മാത്രം മുദ്രകുത്തപ്പെടുന്നുവെന്ന് 'സ്‌ട്രോക്ക് ഇന്‍ ലൈഫ്' സംവിധാനം ചെയ്ത ജ്യോതിഷ്‌കുമാര്‍ നാഥ് അഭിപ്രായപ്പെട്ടു. ആത്മനിരൂപണത്തിനും പര്യവേഷണത്തിനും ഡോക്യുമെന്ററികള്‍ സഹായകമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദീര്‍ഘവും ഗഹനവുമായ വിഷയങ്ങളെ ഡോക്യുമെന്ററിയുടെ ചട്ടക്കൂടിലൊതുക്കുന്നത് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണെന്ന് 'കണ്‍സെന്‍സ്' ന്റെ സംവിധായകന്‍ മുസ്തഖീം ഖാന്‍ പറഞ്ഞു. വിപുലമായ ദൃശ്യങ്ങളില്‍ നിന്ന് ആവശ്യമായവയെ സ്വാംശീകരിക്കുന്നതിലൂടെയാണ് ഡോക്യുമെന്ററികള്‍ പിറവികൊള്ളുന്നതെന്ന് 'കകുമ'യുടെ സംവിധായകന്‍ ജിജി കലവാണി പറഞ്ഞു.
ഡോക്യുമെന്ററി രംഗത്തെ സ്വതന്ത്ര സംവിധായകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രോല്‍സാഹനമാണ് ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങള്‍ അവയെ സംപ്രേഷണം ചെയ്യാന്‍ തയ്യാറാകുന്നതെന്ന് അമിത് കുമാര്‍ പറഞ്ഞു. വികസനത്തില്‍ പങ്കാളിയാകുന്ന സാധാരണക്കാര്‍ വികസനാനന്തരം അതിന്റെ ഇരകളായി മാറുന്ന യാഥാര്‍ത്ഥ്യമാണ് 'മെട്രോ'യില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളിന്റെ വിശാലമായ കലാപാരമ്പര്യം തന്റെ സിനിമാ ജീവിതത്തെ സ്വാധീനിച്ചുവെന്ന് 'ഡെത്ത്' ന്റെ സംവിധായകന്‍ സന്ദീപ് ബാനര്‍ജി പറഞ്ഞു. മാനവികതയുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനമായ ജൈവവൈവിധ്യങ്ങള്‍ തുടച്ചുമാറ്റപ്പെടുന്നതിനോടുള്ള മറുപടിയായിരുന്നു 'വിസര്‍ജ്ജന്‍' എന്ന് സംവിധായകന്‍ മുജീബ് ഖുറേശി അഭിപ്രായപ്പെട്ടു. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സംവിധാന വിഭാഗം മേധാവി കമല്‍ കെ.എം. സന്നിഹിതനായിരുന്നു.