കലാനിധി ജനറല്‍ സെക്രട്ടറി ഗീതാ രാജേന്ദ്രന്‍ ഭദ്രദീപം തെളിയിക്കുന്നു.
മലബാറിലെ പാട്ടുകഥയെ ആസ്പദമാക്കി സജീവ് കിളികുലം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പൂമാതൈ പൊന്നമ്മ. ജയേന്ദ്രനാഥ് ഫിലിംസിന്റെ ബാനറില്‍ ജയേന്ദ്രനാഥ് മുക്കാട്ടില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വടക്കന്‍ പാട്ടുകളില്‍ നിന്നും നാടന്‍ പാട്ടുകളില്‍ നിന്നും വ്യത്യസ്തമായാണ് പൂമാതൈ പൊന്നമ്മയുടെ കഥ ഏറനാടന്‍ മണ്ണിലും മനസ്സിലും പിറന്നുവിണത്. അജ്ഞാത കര്‍തൃത്വമായ ഒരു കാവ്യശില്പമാണിത്. തലമുറകള്‍ വാമൊഴിയായി പാടിപ്പതിഞ്ഞു കേരളത്തിലങ്ങോളമിങ്ങോളം അതിന്റെ നൊമ്പരചീളുകള്‍ കേള്‍വിക്കാരുടെ മനസ്സിനെ ഇന്നും നോവിച്ചുകൊണ്ടിരിക്കുന്നു.
ഒരു സുന്ദരി പെണ്ണിന്റെ ജീവിതഗന്ധിയായ കദനകഥയുടെ നേര്‍ സാക്ഷ്യമാണ് പൂമാതൈ പൊന്നമ്മ എന്ന് സംവിധായകന്‍ സജീവ് കിളികുലം പറഞ്ഞു. പുന്നെല്ലിന്റെ മണവും നിറവും ഉള്ള പെണ്ണാണ് പൂമാതൈ. അനാഥയാണെങ്കിലും മെയ്യഴകുള്ള തന്റേടിയായി അവള്‍ വളര്‍ന്നു. ആടാനും പാടാനും മാത്രമല്ല മേലനങ്ങി പണിയെടുക്കാനും മുമ്പിലായിരുന്നു പൂമാതൈ. കൊയ്ത്തിലും മെതിയിലും മുന്നിലായിരുന്നു അവള്‍. ഈ വര്‍ത്തമാന സാമൂഹിക ജീവിതത്തിലും അധഃസ്ഥിത ജനവിഭാഗങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെയും പീഡനങ്ങളുടെയും നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ വ്യക്തമാക്കി.
ജയേന്ദ്രനാഥ് മുക്കാട്ടില്‍ സജീവ് കിളികുലം
ചിത്രത്തിന്റെ പൂജാകര്‍മം തലശ്ശേരി തിരുവങ്ങാട്ട് നടന്നു. കലാനിധി ജനറല്‍ സെക്രട്ടറി ഗീതാ രാജേന്ദ്രന്‍ ഭദ്രദീപം തെളിയിച്ചു. നിര്‍മാതാവ് ജയേന്ദ്രനാഥ് മുക്കാട്ടില്‍, ടി.കെ.ഡി മുഴപ്പിലങ്ങാട്, പവിത്രന്‍ മൊകേരി, ഡോ.സി.കെ.അരവിന്ദ്, രാജന്‍ പാനൂര്‍, രാജേന്ദ്രന്‍ തായാട്ട്, സുധാകരന്‍ കതിരൂര്‍, ഡോ.ഗീതാ ഷാനവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കൗസ്തുഭം എന്ന ചിത്രത്തിനു ശേഷം സജീവ് കിളികുലം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. സംവിധായകന്‍ ജയരാജിന്റെ ശിഷ്യനാണ് ഇദ്ദേഹം. ജയരാജ് സംവിധാനം ചെയ്ത കണ്ണകി, അശ്വാരൂഢന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ രചന സജീവ് നിര്‍വഹിച്ചിട്ടുണ്ട്. കവി, ഗാനരചയിതാവ് , സംഗീത സംവിധായകന്‍, ഗായകന്‍, നടന്‍ തുടങ്ങിയ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. പൂമാതൈ പൊന്നമ്മയുടെ ഗാനരചന നിര്‍വഹിക്കുന്നതും സജീവ് കിളികുലമാണ്.
ഡോ. സി.കെ അരവിന്ദ്, സുധാകരന്‍ കതിരൂര്‍, ഡോ.ഷാനവാസ്, ആദര്‍ശ്, കയ്യൂര്‍ സത്യന്‍, സജീവന്‍, മുരളി, ഗോകുല്‍ ടി.എസ്, ജിജീഷ് കോടിയേരി, സന്തോഷ് മൊകേരി, തായാട്ട് രാജേന്ദ്രന്‍, ആര്‍ച്ച, അനാര്‍ക്കലി, ജിഷ, അഭിരാമി, രജനി, ബേബി ജുനൈദ അജീദ്, അഞ്ജന, ചന്ദന തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
പൂമാതൈ പൊന്നമ്മ ടീം
ഛായാഗ്രഹണം: രഘു. സംഗീത സംവിധാനം: പ്രവീണ്‍. കലാ സംവിധാനം: വിജേഷ് മേനോറ. പി.ആര്‍.ഒ: റഹിം പനവൂര്‍. വസ്ത്രാലങ്കാരം: ബാലന്‍ പുതുക്കുടി. പ്രൊഡക്ഷന്‍ മാനേജര്‍:ഷാജി പൂവത്തിന്‍കീഴ്. ക്രിയേറ്റീവ് ഹെഡ്: ടി.കെ. ഡി.മുഴപ്പിലങ്ങാട്. ഗവേഷണം: പവിത്രന്‍ മൊകേരി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: ജി.വി.ദിനേശ്, ജിജീഷ് കൊടിയേരി. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: ചന്ദ്രശേഖരന്‍ കെ.പി. സ്റ്റില്‍സ്: സുധീര്‍ ലിന്‍ഡാസ്.
-