രാജ്യാന്തര ചലച്ചിത്രമേളയിലെ കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും സി.ഷെരീഫ് സംവിധാനം ചെയ്ത കാന്തന്‍ - ദി ലവര്‍ ഓഫ് കളറും പ്രദര്‍ശിപ്പിക്കും. ഈ മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ അഞ്ചുസിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രീതി നേടിയ മൂത്തോന്‍ ഈ വര്‍ഷത്തെ മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനചിത്രമായും പ്രദര്‍ശിപ്പിച്ചിരുന്നു.
2018 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍, തിരുനെല്ലി കോളനിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. കാടും പുഴയും മരിക്കുമ്പോള്‍ ഉള്ളുരുകിത്തീരുന്ന ഒരു പറ്റം മനുഷ്യരുടെ ചമയങ്ങളില്ലാത്ത ജീവിതാവിഷ്‌കാരത്തില്‍ ആദിവാസി സംരക്ഷണത്തിന് ജീവിതം സമര്‍പ്പിച്ച ദയാബായി മുത്തശ്ശിയായി അഭിനയിച്ചിട്ടുണ്ട്.
ടൊറന്റോ, ചിക്കാഗോ തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിച്ച അപര്‍ണാസെന്നിന്റെ ദ ഹോം ആന്‍ഡ് ദി വേള്‍ഡ് ടുഡേ, ഹിന്ദി ചിത്രങ്ങളായ ഗീതാജ്ഞലി റാവുവിന്റെ ബോംബൈ റോസ്, ഗൗതം ഘോഷിന്റെ ദി വേഫേറേഴ്‌സ്, കിസ്ലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ജസ്റ്റ് ലൈക് ദാറ്റ് എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.