മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഫീച്ചര്‍ ചലച്ചിത്രമായ ട്രിപ്പ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. അന്‍വര്‍ അബ്ദുള്ള, എം.ആര്‍.ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. എം.ആര്‍. ഉണ്ണിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് അന്‍വര്‍ അബ്ദുള്ള ആണ്.
ദുരന്തനിവാരണ സമിതിയുടെ ചെയര്‍മാനും ഉന്നതനുമായ ജയദേവന്റെയും വീട്ടമ്മയായ ശ്രീലതയുടെയും ഏക മകനാണ് 23-കാരനായ ഉണ്ണി. അവന്‍ ലഹരിക്കടിമപ്പെട്ട് ഒരു റീഹാബിലിറ്റേഷന്‍ സാനിറ്റോറിയത്തില്‍ ആകുന്നു. അവിടെനിന്നും തടവുചാടുന്ന ഉണ്ണിയെ കാണാതാകുന്നു. അവനെ അന്വേഷിച്ചുപോകുന്ന കൂട്ടുകാരായ ഫിദയും സക്കറിയയും അവന്റെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്ന് പതിയെ മനസ്സിലാക്കിയെടുക്കുന്നതാണ് സിനിമയുടെ കഥ. ലഹരിയുടെ ദുരന്തമുഖമാണ് ഈ സിനിമ ചൂണ്ടിക്കാട്ടുന്നത്.
റെജിന്‍, ആര്യ രമേഷ്
ആര്യ രമേഷ്, റെജിന്‍, കല്ല്യാണ്‍ ഖന്ന, കെ.ടി.സി അബ്ദുള്ള, വിനിത ആര്‍.നാഥ്, രാജീവന്‍ വെള്ളൂര്‍, മാസ്റ്റര്‍ ഗൗതം സുരേഷ്, രാജീവ് മോഹന്‍, അനീഷ് ഗോപാല്‍, ഗിരീഷ്, പി.കെ.ഹരികുമാര്‍, ജി.ശ്രീകുമാര്‍, മധു, രഘുവരന്‍, ജ്യൂവല്‍, അനുപ്രിയ, പ്രദീപ്കുമാര്‍, ഉദയന്‍, പ്രതീഷ്, ബാലു, ഗായത്രി, മെര്‍ലിന്‍ എന്നിവരുള്‍പ്പെടെ മുപ്പതോളം പുതുമുഖങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കെ.ടി.സി അബ്ദുള്ള അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.
സര്‍ക്കാരിന്റെയും വിവിധ സര്‍വ്വകലാശാലകളുടെയും സഹകരണത്തോടെയാണ് ചിത്രം ഒരുക്കിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റി ജീവനക്കാരും ഈ സിനിമയില്‍ അഭിനേതാക്കളായും അണിയറക്കാരായും സഹകരിക്കുന്നുണ്ട്. കണ്ണൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള കേരളത്തിന്റെ തീരപ്രദേശത്തുകൂടിയുള്ള യാത്രയായാണ് ഈ ട്രാവല്‍ മൂവിയുടെ കഥ മുന്നോട്ട് പോകുന്നത്. കോട്ടയം, കണ്ണൂര്‍, മുഴുപ്പിലങ്ങാട്, കോഴിക്കോട്, ചമ്രവട്ടം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ഗാനരചന: കെ. ജയകുമാര്‍, ഒ.വി. ഉഷ, റഫീഖ് അഹമ്മദ്, അന്‍വര്‍ അബ്ദുള്ള. സംഗീതസംവിധാനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്. ഗായകര്‍: ജാസി ഗിഫ്റ്റ്, നജീം അര്‍ഷാദ്, വൈക്കം വിജയലക്ഷ്മി, പി.വി.പ്രീത. ഛായാഗ്രഹണം: മുഹമ്മദ് എ. ലൈന്‍ പ്രൊഡ്യൂസര്‍:ഡോ.സന്തോഷ് പി.തമ്പി. ചിത്രസംയോജനം: റിഞ്ചു ആര്‍.വി. അസോസിയേറ്റ് ഡയറക്ടര്‍: നവാസ് അലി. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ബാലു കുടമാളൂര്‍, ശ്രീകാന്ത്. ചമയം: മിറ്റാ ആന്റണി. വസ്ത്രാലങ്കാരം: ജയരാജ് വാടാനംകുറിശ്ശി. കലാസംവിധാനം: അനീഷ് ഗോപാല്‍. പി.ആര്‍.ഒ: റഹിം പനവൂര്‍, ജി. ശ്രീകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര. പ്രൊഡക്ഷന്‍ മാനേജര്‍: വി. സുരേഷ്‌കുമാര്‍. സ്റ്റുഡിയോ: ചിത്രാഞജ്‌ലി. ഓഫീസ് നിര്‍വ്വഹണം: സുനില്‍കുമാര്‍, അനീഷ്‌കുമാര്‍, ടെസ്സന്‍, സോണി എസ്.നായര്‍. പരസ്യകല: യെല്ലോ ടൂത്ത്. ശബ്ദവിന്യാസം: വിനോദ്.
ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളില്‍ ആദ്യമായി സിനിമ നിര്‍മ്മിച്ച യൂണിവേഴ്‌സിറ്റിയാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി. 2018-ല്‍ പ്രദര്‍ശിപ്പിച്ച സമക്ഷം ആണ് യൂണിവേഴ്‌സിറ്റി നിര്‍മ്മിച്ച ആദ്യ ചിത്രം. അജു കെ. നാരായണനും അന്‍വര്‍ അബ്ദുള്ളയും ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനും ബാലതാരത്തിനുമുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ അവാര്‍ഡ് നേടിയിരുന്നു.
സംസ്ഥാനത്തെ കോളേജുകളിലും എന്‍.എസ്.എസ്സിന്റെ സഹകരണത്തോടെ എല്ലാ സ്‌കൂളുകളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. ഗാന്ധിയന്‍ സാമൂഹികദര്‍ശനങ്ങളിലൂന്നിയ കഥകളുടെ ദൃശ്യാവിഷ്‌കാരങ്ങളിലൂടെ സമൂഹത്തിനു സന്ദേശം പകരുക എന്ന ലക്ഷ്യമാണ് സര്‍വ്വകലാശാലയുടെ സിനിമാശ്രമങ്ങള്‍ക്ക് പിന്നിലെന്നും ജൈവജീവിതത്തെ മുന്‍നിര്‍ത്തിയുള്ള ആദ്യചിത്രമായ സമക്ഷത്തിനു ശേഷമാണ് ലഹരിവിരുദ്ധ സന്ദേശവുമായി ട്രിപ്പ് എത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.