തിരുവനന്തപുരം:ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് കേരളചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ഫിലിം മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. സി പി ഷമീര്‍ ബാബുവിന്റെ ആശയമാണ് ഇത്തവണത്തെ സിഗ്നേച്ചര്‍ഫിലിം ആകുക.
സിഗ്‌നേച്ചര്‍ ഫിലിം നിര്‍മ്മിക്കുന്നതിന് അക്കാദമിനടത്തിയ മത്സരത്തിലേക്കു
ലഭിച്ച 25 എന്‍ട്രികളില്‍ നിന്നാണ് ബാബുവിന്റെ ആശയം തെരെഞ്ഞെടുത്തത്. അഞ്ചു ഘടകങ്ങളിലൂടെയുള്ള നിഴലിന്റെയും വെളിച്ചത്തിന്റെയും ചിത്രീകരണമാണ്
മൂവിംഗ് ക്രാഫ്റ്റ് അനിമേഷന്‍ സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന
സിഗ്‌നേച്ചര്‍ഫിലിമിന്റെ ആശയം.
കണ്ണൂര്‍ ചാല സ്വദേശിയായ ഷമീര്‍ ബാബു ടി വി, ചലച്ചിത്ര മേഖലയില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനിമേഷന്‍ ചലച്ചിത്രകാരനാണ്. സി ഡിറ്റില്‍ നിന്ന് ലളിതകലയിലും അനിമേഷനിലും ബിരുദം നേടിയ ഷമീര്‍ ബാബു ദൂരദര്‍ശന്‍, കാര്‍ട്ടൂണ് നെറ്റ്‌വര്‍ക്ക്, പോഗോ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ അടൂര്‍ ഭാസി അവാര്‍ഡ്, 2014 ല്‍ ടിവി പ്രോഗ്രാം പ്രൊമോഷന്‍ കൗണ്‌സില്‍ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, സംവിധായകന്‍ ജി എസ് വിജയന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തെരെഞ്ഞെടുത്തത്. ഡിസംബര്‍ 4 ന് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങില്‍ 25,000 രൂപ സമ്മാനത്തുക ശ്രീ ബാബുവിന് സമ്മാനിക്കും.