തിരുവനന്തപുരം:ചലച്ചിത്രമേളയുടെ ഉദ്ഘാടനദിനം ഉസ്താദ് സക്കീര് ഹുസൈൻ കാഴ്ചവച്ച തബലയിലെ മാന്ത്രികതയും ത്രീഡി ചിത്രം വുൽഫ് റ്റോറ്റം പകര്ന്ന ദൃശ്യ വിസ്മയവും ആവാഹിച്ചെടുത്ത പ്രധിനിധികൾ ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 14 പ്രദര്ശന വേദികളെ ഇളക്കിമറിച്ചു. സിനിമ വിരുന്നുണ്ണാൻ വരുന്ന പ്രേക്ഷകർക്ക് തൊട്ടു കറിയായി ടാഗോറിൽ വിളമ്പിയ പ്രസ് മീറ്റും മീറ്റ് ദി ഡയറകടറും രുചിയ്ക്കാത്തതായി.
ഫെസ്റ്റിവൽ ബുക്കിലും ഡെയിലിബുള്ളറ്റിലും അച്ചടിച്ച 12 മണി പ്രസ് മീറ്റിന്റെ വേദി അന്വേഷിച്ചു നടന്നവർ ആദ്യം ഒന്ന് വട്ടംച്ചുറ്റി. പ്രത്യേകിച്ചും മാധ്യമ പ്രതിനിധികൾ. പിന്നെ മീഡിയസെല്ലിൽ ചോദിച്ചപ്പോൾ അവര്ക്കും കൃത്യമായി അറിയില്ല. കുറച്ചുനേരം കാത്തുനിന്നു. 12.30 ആയപ്പോൾ ഒരു വേദിക്കുള്ളിൽ കസേരകൾ പറക്കിനിരത്തി ഫ്ലെക്സ് ബോർഡ് വച്ചപ്പോഴാണ് വേദി മനസ്സിലായത്. അപ്പോഴാണ് അടുത്ത പ്രശ്നം മൈക്കില്ല.
പിന്നീട് മൈക്കുകാരനെ വിളിച്ചുവരുത്തി മൈക്ക് വന്നു മീറ്റ് തുടങ്ങിയപ്പോൾ പിന്നെയും വൈകി. വൈകിയത് നല്ലതിന് വേണ്ടിയാണെന്ന് കരുതി കാത്തിരുന്നവരെ ഞെട്ടിച്ച പ്രസ് മീറ്റ് നീണ്ടത് വെറും പത്തുമിനുട്ട്. എഴുതുവാൻ എന്തെങ്കിലും വീണുകിട്ടുമെന്ന് പ്രതീക്ഷിച്ചവര്ക്ക് മാലതി സാഹയി,രാജീവ്‌നാഥ്,ബി ഉണ്ണികൃഷ്ണൻ എന്നിവര് പങ്കെടുത്ത പ്രസ് മീറ്റ് ഉദ്ഘാടന 'ചടങ്ങാക്കി'.
വൈകുന്നേരം അഞ്ചു മണിക്ക് മറ്റൊരു വേദിയിൽ നടന്ന മീറ്റ് ദി ഡയറക്ടർ ഒരു കഥാ പാരായണം പോലെ ആയി. വരുന്ന സംവിധായർ ആരാണന്നോ അവരുടെ സിനിമയെക്കുറിച്ചോ ഒന്നും അറിയാത്ത മോഡറേറ്റർ അവരുടെ പേര്,സിനിമ തുടങ്ങിയവ അവരോടുതന്നെ ചോദിച്ച് ഫെസ്റ്റിവൽ ബുക്ക് നോക്കി ഒരുരുത്തരുടെയും സിനിമാക്കഥ ഉള്പ്പെടയുള്ള കാര്യങ്ങൾ ഒരു വരി പോലും തെറ്റാതെ (മലയാളവും ഇംഗ്ലീഷിലും) ഉറക്കെ വായിച്ചതിനുശേഷം പ്രേക്ഷകരോട് ചോദ്യം ചോദിക്കാൻ ആവിശ്യപ്പെടുകയാണ് ഉണ്ടായത്.
പുതുമയുള്ള ഈ അഭ്യാസത്തിൽ മനംമടുത്ത പ്രേക്ഷകരിൽ നിന്ന് ചോദ്യം ഉയരതെവന്നാപ്പോൾ അവരിൽ ആരുടേയും സിനിമ കാണാത്ത മോഡറേറ്റർക്ക് ഈ വായനയും പേര് ചോദിക്കലും അല്ലാതെ അവരുമായി ഒന്ന് സംവദിക്കാൻ മോഡറേറ്റർക്കായില്ല. എന്താണ് ഇങ്ങനെ എന്ന് ചോദിച്ചാൽ ഉടൻ മറുപടി കിട്ടും. ആദ്യ ദിനം അല്ലെ എല്ലാം ഒന്ന് സെറ്റായിവരാനുള്ള താമസം. നാളെമുതൽ കുഴപ്പം കാണില്ല എന്ന് .