തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹൃദ്രോഗ ബോധവല്‍ക്കരണത്തിനായി കെയര്‍ യുവര്‍ ഹാര്‍ട്ട് എന്ന പേരില്‍ പ്രത്യേക കര്‍മ്മ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സ്‌കൂളുകളിലെ ജീവിതശൈലീരോഗ നിയന്ത്രണപരിപാടിയായ ലീപ്പിന് (ലൈഫ് കെയര്‍ എഡ്യൂക്കേഷന്‍ അവയര്‍നെസ് പ്രോഗ്രാം) അനുബന്ധമായി, ഈ പദ്ധതിയോടൊപ്പം, ഹാര്‍ട്ട് ക്ലബ്ബുകളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍, ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലാഭിരുചിയുള്ള വിദ്യാര്‍ത്ഥികളുടെ കഴിവുകളും സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തി ആര്‍ട്ട് ഫൊര്‍ ഹാര്‍ട്ട് എന്ന പ്രചാരണപരിപാടിയും സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കും. വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഒരു തുടക്കമെന്ന നിലയ്ക്ക് ശംഖുമുഖത്ത്, ഗുഡ്‌മോര്‍ണിംഗ് തിരുവനന്തപുരം എന്ന പേരില്‍ വോക്ക് വേ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. \
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ ചികിത്സാ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി, അഞ്ചുകോടി രൂപ ചെലവില്‍, അത്യാധുനിക കാത്തലാബ് സ്ഥാപിക്കും. ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകുന്ന, ആറ് നിലകളോടുകൂടിയ, മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ മൂന്നാംനില ഹൃദ്രോഗ ചികിത്സാവിഭാഗത്തിനും നാലാംനില ഹൃദ്രോഗശസ്ത്രക്രിയാ വിഭാഗത്തിനുമായി നല്‍കും. കരള്‍ മാറ്റിവയ്ക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഹൃദ്രോഗ ചികിത്സാവിഭാഗത്തെ റീജിയണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ, കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിനെ, സംസ്ഥാനസര്‍ക്കാരിനുവേണ്ടി മന്ത്രി വി.എസ്. ശിവകുമാര്‍ ചടങ്ങില്‍ ആദരിച്ചു. ഹൃദ്രോഗവിഭാഗത്തില്‍ ആധുനിക ഓപ്പറേഷന്‍ തീയറ്റര്‍ സ്ഥാപിക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും, ഈ സര്‍ക്കാര്‍ 12 കോടി രൂപ അനുവദിച്ചതുകൊണ്ടാണ് ഹൃദയശസ്ത്രക്രിയ നടത്താനായതെന്നും, താന്‍ ഈ സംഭവത്തിലെ ഒരു ഉപകരണം മാത്രമാണെന്നും ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. ഹൃദയം മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള, ചെലവേറിയ ചികിത്സയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍, സാധാരണക്കാരുടെ ആശ്രയമായ, സര്‍ക്കാര്‍ മേഖലയില്‍ കൂടുതലായി ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളാ ഹാര്‍ട്ട് ഫൗണ്ടേഷന്റെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി അധ്യക്ഷത വഹിച്ചു. കേരളാ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എ. ജോര്‍ജ് കോശി, പ്രോജക്ട് ഓഫീസര്‍ ഡോ. കെ. ശിവപ്രസാദ്, ആരോഗ്യവകുപ്പ് അഡിഷണല്‍ സെക്രട്ടറി കെ. സുദര്‍ശനന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, ഹൃദ്രോഗവിഭാഗം പ്രൊഫസര്‍ ഡോ. പ്രഭാ നിനി ഗുപ്ത, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍. ഹരീന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ എ.സി.ആര്‍. ലാബിന്റെ സഹകരണത്തോടെ, അനുബന്ധമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ അഞ്ഞൂറിലധികം പേര്‍ ലിപ്പിഡ് പ്രൊഫൈല്‍, ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് മുതലായ പരിശോധനകള്‍ക്ക് വിധേയരായി. ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ബി. പത്മാവതിയമ്മ നേതൃത്വം നല്‍കി