യോഗ സീരിയസാക്കിയവരാണോ? എങ്കിൽ വേറിട്ട യോഗിയെ അടുത്തറിയണം
പൂഴിക്കുന്ന് സുദേവന്‍
യോഗി ശിവന്‍
ഭാരതത്തില്‍ ജന്മംകൊണ്ട യോഗയെ ലോകം മുഴുവന്‍ വ്യാപിപ്പിച്ചുകൊണ്ട് ജൂണ്‍ 21ന് ലോക യോഗ ദിനം ആചരിക്കുകയാണല്ലോ. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയെ മാറ്റിനിര്‍ത്തുവാന്‍ സാധ്യമല്ലെന്ന് അനുഭവസ്ഥര്‍ തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. എന്നാല്‍ ഇന്ന് അവയുടെ പ്രാധാന്യം തിരിച്ചറിയാത്ത സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ യോഗ ദിനാചരണം പ്രയോജനപ്പെടുമെന്ന് വിശ്വസിക്കാമെങ്കിലും, യോഗയുടെ നാട്ടില്‍ എത്രമാത്രം ഇവയുടെ ഗുണം തിരിച്ചറിഞ്ഞ് അവയെ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് പരിശോധിച്ചു നോക്കേണ്ടതാണ്.
ഭാരതസംസ്‌കൃതിയുടെ ഉപജ്ഞാതാക്കള്‍ ആത്മജ്ഞാനികളായ വ്യാസദേവന്‍, വാല്മീകി മഹര്‍ഷി, മാര്‍ക്കണ്ഡേയ മുനി തുടങ്ങിയ സന്യാസിവര്യന്‍മാരായിരുന്നു. നമ്മെപ്പോലെ സാധാരണ മനുഷ്യരായിരുന്ന ഇവരെല്ലാം അതീന്ദ്രിയ ധ്യാനസാധനയിലൂടെയാണ് സര്‍വ്വാദരണീയമായ ആചാര്യതലത്തിലേക്കുയര്‍ന്നത്. കരുണാമയരായ ആ ഗുരുക്കന്‍മാര്‍ അവരുടെ ഉന്നമനത്തിനുതകിയ 'ധ്യാനം' എന്ന ഗഹനമായ വിഷയത്തെ ഉള്ളില്‍ നിര്‍ത്തിയാണ് ഇന്നു കാണപ്പെടുന്ന എല്ലാത്തരം ശാസ്ത്രകലാ ശാഖകളും വികസിപ്പിച്ചത്. പില്‍ക്കാലത്ത് ഓരോരുത്തരേയും ധ്യാനമാര്‍ഗ്ഗത്തിലേക്ക് നയിച്ച് മോക്ഷപ്രാപ്തരാക്കുക്കുവാൻ സഹായിച്ച ആ സന്യാസി വര്യന്‍മാരുടെ ലക്ഷ്യത്തെ തിരിച്ചറിഞ്ഞ ഒരു മഹാഗുരുവാണ് യോഗി ശിവന്‍. അദ്ദേഹത്തെ ലോക യോഗ ദിനത്തിൽ വേറിട്ടൊരു യോഗി എന്ന നിലയില്‍ പരിചയപ്പെടുന്നത് നന്നായിരിക്കും.
ബെൽജിയം സന്ദർശനവേളയിൽ കുണ്ഡലിനി യോഗയെക്കുറിച്ച് യോഗി ശിവൻ ക്ളാസ്സെടുക്കുന്നു.
യോഗഗ്രന്ഥങ്ങളുടെ പഠനത്തില്‍ നിന്ന് അതിന്ദ്രീയ ധ്യാനം എന്ന ആത്മജ്ഞാന മാര്‍ഗ്ഗമാണ് ഋഷീശ്വരന്‍മാര്‍ അവലംബമാക്കിയിരുന്നതെന്നും അതില്‍ മഹായോഗവിദ്യയാണ് ഏറ്റവും ഉത്തമമെന്നും മനസ്സിലാക്കിയ യോഗി ശിവന്‍ മഹായോഗവിദ്യയുടെ സുരക്ഷിതമായ പരിശീലനം അനുഭവസമ്പന്നനായ ഒരു ഗുരുവിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ മാത്രമേ സാദ്ധ്യമാകൂ എന്നതിനാല്‍ പ്രാപ്തനായ ഗുരുവിനെ അന്വേഷിച്ച് വളരെയധികം സഞ്ചരിച്ചു. ആ യാത്രയുടെ അവസാനം എത്തിയത് ശ്രീകാന്തി മഠത്തില്‍ ശിവജ്യോതി ധര്‍മ്മാനന്ദസ്വാമികളുടെ സന്നിധിയിലായിരുന്നു.
ഗുരുവില്‍ നിന്നും ഉപദേശം സ്വീകരിച്ചതിനു ശേഷം യോഗി ശിവന്‍ സര്‍വ്വസംഗ പരിത്യാഗിയായി കഠിനസാധനയാരംഭിച്ചു. സ്വാമിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സാധന തുടര്‍ന്ന് തനിക്ക് ബാല്യം മുതല്‍ കണ്ടും കേട്ടും അനുഭവിച്ചും വന്ന കഥകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പൊരുളുകള്‍ ഒന്നൊന്നായി വെളിപ്പെട്ടുവെന്നും അദ്ദേഹം അയ്യോ ഡോട്ട് ഇന്‍-നനുവദിച്ച അഭിമുഖത്തിലൂടെ വ്യക്തമാക്കി.
കേവലം അഞ്ചുവര്‍ഷത്തെ സാധനാഫലമായി അതിന്ദ്രീയ ബോധാനുഭവം ഉണ്ടാവുകയും തന്നില്‍ നിലനിന്നിരുന്ന സംശയങ്ങള്‍ക്കുള്ള മറുപടി തന്റെ ഉള്ളില്‍ തന്നെ അവതീര്‍ണ്ണമാവുകയും, അതോടെ ജീവിതത്തിന് പ്രത്യേക സൗഖ്യവും ദിശാബോധവും കൈവന്നുവെന്നും, ആത്മസംതൃപ്തി സ്വയമാര്‍ജ്ജിക്കേണ്ടതാണെന്നും, ആചാരാനുഷ്ഠാനങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗരേഖകളാണെന്നുമുള്ള തിരിച്ചറിവ് ആത്മീയതയെയും ഭൗതികതയെയും ഫലപ്രദമായി സമന്വയിപ്പിക്കുവാന്‍ തന്നെ സഹായിക്കുകയും, സംതൃപ്തമായ ഭൗതിക ജീവിതം നയിക്കുവാന്‍ പ്രാപ്തനാക്കുകയും ചെയ്തുവെന്നും യോഗി ശിവന്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ വക്കത്ത് ആയുര്‍വേദ വൈദ്യനായിരുന്ന ശിശുപാലന്റേയും ശാരദയുടെയും ആറാമത്തെ പുത്രനായി ജനിച്ച യോഗി ശിവന്‍ കുട്ടിക്കാലത്തുതന്നെ കളരിപ്പയറ്റും യോഗയും അഭ്യസിച്ചു. കൂടാതെ ഭരതനാട്യം, കുച്ചുപ്പുടി എന്നീ നൃത്തരൂപങ്ങളും വശത്താക്കി. കരാട്ടെയും ബോക്‌സിംഗും പഠിച്ച യോഗി ശിവന് 1987-ന് ബോക്‌സിംഗ് മത്സരത്തില്‍ രണ്ടാംസ്ഥാനവും ലഭിക്കുകയുണ്ടായി. കരാട്ടെയിൽ ഫസ്റ്റ് ഡിഗ്രി ബ്ലാക്ക്‌ബെല്‍റ്റ് നേടിയ നല്ലൊരു യോഗ പരിശീലകനുമാണ് യോഗി ശിവന്‍. 1989-ല്‍ ഒമാനില്‍ യോഗ പരിശീലകനും കളരി മാസ്റ്ററുമായി പ്രവര്‍ത്തിച്ച അദ്ദേഹം വിദേശ രാജ്യങ്ങളിൽ യോഗയുടെ പ്രചാരകനുമായി. 1997-ല്‍ യോഗി ശിവന്‍ വിവാഹിതനാകുകയും രണ്ടുമക്കളുടെ പിതാവുമായി.
ലോകത്തെ എണ്ണമറ്റ വ്യക്തികളെ സിദ്ധമാർഗ്ഗത്തിലൂടെ ആനന്ദഭരിതമായ വ്യക്തിജീവിതം കണ്ടെത്തുവാന്‍ പ്രാപ്തനാക്കിയ യോഗി ശിവന്‍ നിരവധി രോഗികളെ മഹായോഗ വിദ്യയിലൂടെ സുഖജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചികില്‍സകനുമാണ്. ഇദ്ദേഹം കഴിഞ്ഞ മൂന്നു വര്‍ഷമായി തിരുവനന്തപുരം കുടപ്പനക്കുന്ന് കേന്ദ്രമാക്കി ഇൻഡിമസി എന്ന സ്ഥാപനം നടത്തിവരുന്നു. കൂടാതെ മസ്‌ക്കറ്റ്, ആഫ്രിക്ക, നെതര്‍ലാൻഡ്‌സ് എന്നിവിടങ്ങളിലും യോഗ-ചികിത്സാകേന്ദ്രങ്ങള്‍ നടത്തിവരുന്നുണ്ട്. യോഗി ശിവനോടൊപ്പം പാലക്കാട്ടുക്കാരനായ ബാബു ആഞ്ഞിലിമൂട് ചാക്കോ എന്ന വ്യക്തിയുമുണ്ട്. മസ്‌ക്കറ്റില്‍വച്ച് 2009-ല്‍ പരസ്പരം പരിചയപ്പെട്ട ചാക്കോ അവിടത്തെ റാഡിസന്‍ഗ്രൂപ്പ് ഹോട്ടലിന്റെ ഫിനാന്‍സ് കണ്‍ട്രോളറായിരുന്നു.
ബാബു ആഞ്ഞിലിമൂട് ചാക്കോ (സിഇഒ, ഇന്‍ഡിമസി)
ഇവരുടെ ഇന്‍ഡിമസി എന്ന സ്ഥാപനത്തിന്റെ ലക്ഷ്യമെന്നത് മനുഷ്യന്റെ ദുഃഖങ്ങളില്‍ നിന്നുമുള്ള മോചനമെന്നതാണ്. ഇന്ത്യയുടെ 'ഇന്ത്യയും' തത്വമസിയിലെ 'മസി'യും ചേര്‍ത്ത് രൂപം കൊടുത്ത ഇന്‍ഡിമസി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ പത്തോളം പേര്‍ ജീവനക്കാരായും പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പ് പറഞ്ഞ ചാക്കോയെന്ന കൃസ്ത്യനും, സരിന്‍ എന്ന മുസ്ലീമും, യോഗി ശിവനെന്ന ഹിന്ദുവും ചേര്‍ന്ന സുഹൃത്തുക്കളുടെ ഒത്തുചേരലാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത.