ചെന്നൈ:പശുവിന്റെ ഹൃദയം 81 കാരിക്ക് പുതുജീവനേകി. ഹൃദയത്തിലെ ആര്‍ട്ടിക് വാല്‍വിലെ തകരാറ് മൂലം ചികിത്സയ്ക്ക് എത്തിയ ഹൈദരാബാദുകാരിക്കാണ് ഡോക്ടര്‍മാര്‍ പശുഹൃദയത്തിലെ കലകള്‍ കൊണ്ട് നിര്‍മിച്ച വാല്‍വ് വിജയകരമായി വെച്ചുപിടിപ്പിച്ചത്. ചെന്നൈ ഫ്രണ്ടിയര്‍ ലൈഫ്‌ലൈന്‍ ആസ്പത്രിയിലെ ഡോക്ടര്‍മാരാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നടത്തിയത്.
ഹൃദയ വാല്‍വിന് തകരാര്‍ സംഭവിച്ചാല്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ വഴി പുതിയത് വച്ചുപിടിപ്പിക്കുയാണ് ചെയ്യുക. രോഗിയുടെ പ്രായം പരിഗണിച്ച് ഡോക്ടര്‍മാര്‍ ശരീരം എളുപ്പത്തില്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള തരത്തില്‍ 'ബയോപ്രോസ്‌തെറ്റിക് വാല്‍വ്' നിര്‍മിക്കുകയായിരുന്നു. ശനിയാഴ്ച നാല് ഡോക്ടർമാർ മൂന്നു മണിക്കൂറിലേറെ സമയമെടുത്താണ് ഹൃദയശസ്ത്രക്രീയ
രംഗത്ത് പുതുവഴിതുറന്ന വാല്‍വ് ഹൃദയത്തില്‍ വച്ചുപിടിപ്പിച്ചത് .
പതിനൊന്ന് വര്‍ഷം മുമ്പ് ഇവരുടെ വാല്‍വ് മാറ്റിവെച്ചതായിരുന്നു. രണ്ടുവര്ഷം മുൻപ് ഇവർ ബ്രെസ്റ്റ് കാൻസറിന് ചികിത്സയും തേടിയിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ശസ്ത്രക്രീയസങ്കീർണമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വയോധിക സുഖം പ്രാപിച്ചു വരുന്നു.