തിരുവനന്തപുരം:കാന്‍സര്‍ രോഗിക്കൊപ്പം സമൂഹം നില്‍ക്കണം. ഇതാണ് ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. സമൂഹത്തില്‍ കാന്‍സര്‍ സംബന്ധിച്ച് ധാരണകളെക്കാള്‍
തെറ്റിദ്ധാരണകളാണുളളത് പ്രാരംഭദശയില്‍ കണ്ടെത്തി വേണ്ടവിധം
ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാകുന്ന രോഗമാണ് കാന്‍സര്‍.
ഇക്കാര്യത്തില്‍ ഇച്ഛാശക്തിയില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്‌നം. ഡോ.വി.പി.ഗംഗാധരന്‍ പറഞ്ഞു. കേരള
നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം സംഘടിപ്പിച്ച കാന്‍സര്‍
ബോധവത്കരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രശസ്ത കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍.
പുകവലി, പുകയിലയുടെ ഉപയോഗം, മദ്യപാനം, ആഹാരശീലം, രാസവസ്തുക്കള്‍, റേഡിയേഷന്‍, വൈറസ് ബാക്ടീരിയ ബാധ തുടങ്ങിയവയാണ് മിക്ക കാന്‍സറുകള്‍ക്കും അടിസ്ഥാനം. പുരുഷന്‍മാരില്‍ കാണപ്പെടുന്ന അറുപത് ശതമാനം കാന്‍സറുകളും ശ്വാസകോശം, തല, കഴുത്ത് എന്നീ അവയവങ്ങളെ ബാധിക്കുന്നവയാണ്. പുകയില ഉപയോഗവുമായി നേരിട്ട് ബന്ധപ്പെട്ട കാന്‍സറുകളാണിവ. മദ്യവും, പുകയിലയും ഉപേക്ഷിക്കാന്‍ തയ്യാറാകുമ്പോള്‍ ഇത്തരം കാന്‍സറുകള്‍ തടയാന്‍ സാധിക്കും. ശ്വാസകോശ കാന്‍സര്‍ ഭേദമാകാന്‍ അഞ്ച് ശതമാനം സാധ്യതയെ ഉളളു. എന്നാല്‍ തൊണ്ണൂറ് ശതമാനവും അത് തടയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളില്‍ കണ്ടുവരുന്ന കാന്‍സറുകളില്‍ മൂന്നിലൊന്നും സ്തനാര്‍ബുദമാണ്. ഇപ്പോള്‍ 20-25 വയസ് പ്രായപരിധിയിലുളള പെണ്‍കുട്ടികള്‍ക്കും സ്തനാര്‍ബുദം പിടിപെടുന്നുണ്ട്. പാശ്ചാത്യവത്കരിക്കപ്പെട്ട ജീവിതരീതിയും, ഭക്ഷണക്രമവുമാണ് ഇതിന് കാരണം. പ്രാരംഭദശയില്‍ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം നൂറ് ശതമാനവും ഭേദമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. തൊണ്ണൂറ്റി ഒന്‍പത് ശതമാനം കാന്‍സര്‍ രോഗികളും മരിക്കുന്നത് സെക്കണ്ടറി ഘട്ടത്തിലായതിനാല്‍ കാന്‍സര്‍ പ്രാരംഭദശയില്‍ തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ തയ്യാറാകണമെന്ന് ഡോ. ഗംഗാധരന്‍ ആവശ്യപ്പെട്ടു.
പ്രധാനമായും പ്രായമേറിയവരെ ബാധിക്കുന്ന രോഗമായതിനാല്‍ ആയൂര്‍ദൈര്‍ഘ്യം കൂടിയത് കാന്‍സര്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. എണ്ണം കൂടുന്നുണ്ടെങ്കിലും മെച്ചപ്പെട്ട ആധുനിക ചികിത്സ ലഭ്യമായതിനാല്‍ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും അതേപോലെ വര്‍ദ്ധനയുണ്ടെന്ന് ഡോ.ഗംഗാധരന്‍ പറഞ്ഞു.
അറിവില്ലായ്മയാണ് പല രോഗങ്ങളെയും ഗുരുതരമാക്കുന്നുതെന്നും, കാന്‍സറിന്റെ
കാര്യത്തിലും ഇതാണ് സംഭവിക്കുന്നതെന്നും സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു.
അനഭലഷണീയമായ ഭക്ഷണക്രമവും, വ്യായമമില്ലായ്മയുമാണ് പല രോഗങ്ങള്‍ക്കും കാരണം.
ഇക്കാര്യത്തില്‍ അറിവുണ്ടാകുന്നതിന് ബോധവത്കരണ പരിപാടികള്‍
വ്യാപകമാക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ സ്പീക്കര്‍ ആവശ്യപ്പെട്ടു.
കാന്‍സര്‍ കെയര്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നിയമസഭാ സെക്രട്ടറി പി.ഡി.ശാര്‍ങ്ങധരന്‍, പ്രൊഫ.പി.രാജഗോപാല പിളള തുടങ്ങിയവര്‍ പങ്കെടുത്തു