പ്രണയത്തെക്കുറിച്ച് ഒരു പൂര്‍ണ്ണ നിര്‍വചനം അസാധ്യമാണ്. മാത്രമല്ല അതിന് ഇവിടെ പ്രസക്തിയുമില്ല. അതിന് തല്‍ക്കാലം മുതിരുന്നില്ല. പ്രണയം എന്നതിന് പ്രേമം, സ്‌നേഹം, ഇഷ്ടം എന്നൊക്കെയുള്ള അര്‍ത്ഥതലങ്ങള്‍ ഉണ്ടാകാം. ഇതൊക്കെ വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ചാണെന്ന് മാത്രം. സാധാരണ മനുഷ്യരുടെ ഇടയില്‍ പ്രണയം എന്നത് രണ്ടുപേര്‍ തമ്മിലാണല്ലോ. ആണും, പെണ്ണും തമ്മില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കണ്ടുമുട്ടുമ്പോള്‍ പൂവിടുന്ന ഒന്നാണ് പ്രണയം. രണ്ടുപേര്‍ക്കും ഒരേപോലെ ഇഷ്ടവും താല്പര്യവുമുണ്ടെങ്കില്‍ മാത്രം മുന്നോട്ടുപോകുന്ന ഒന്നാണ് പ്രണയം ഇത്. പിടിച്ചുവാങ്ങിയും യാചിച്ചും നേടേണ്ട ഒന്നല്ലെന്ന തിരിച്ചറിവ് ഉണ്ടാകണം. ഏകപക്ഷീയമായ പ്രണയം മനസ്സിനെ മുന്നോട്ടുനയിക്കുമ്പോള്‍ മറ്റേയാള്‍ക്ക് പ്രണയമില്ലാത്ത തിരിച്ചറിവ് തോന്നിയാല്‍ മനസ്സിനെ പിന്തിരിപ്പിക്കാന്‍ കഴിയണം. അല്ലെങ്കില്‍ ചെന്നുവീഴുന്നത് വന്‍ അപകടങ്ങളിലേക്കായിരിക്കും. ചിലപ്പോള്‍ പ്രണയനഷ്ടം സംഭവിച്ചാല്‍ നിരാശയും വിഷാദവും ഉണ്ടാകാം. ഇത് കൂടുതല്‍ വിഷാദത്തിലേക്കും പ്രശ്‌നങ്ങളിലേക്കും ചെന്നെത്തുമെന്ന വസ്തുത തിരിച്ചറിഞ്ഞില്ലെങ്കില്‍, അത് പകയിലേക്കും തുടര്‍ന്ന് പരസ്പരം ആക്രമിക്കുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും ഇടയാക്കാം. പലപ്പോഴും പ്രണയം ആത്മഹത്യയിലേക്കും കൊണ്ടെത്തിക്കാറുണ്ട്.
പ്രണയം കൂടുതലും കൗമാരക്കാരുടെ ഇടയിലാണ് നാമ്പിടുന്നത്. ആ പ്രായം എന്നത് ശാരീരികമായും ബുദ്ധിപരമായും സാമൂഹികമായും വളരെ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും അഭിപ്രായങ്ങള്‍ പറയാനും ചോദ്യംചെയ്യാനും തുടങ്ങുന്ന കാലമാണ് കൗമാരം എന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം ആകര്‍ഷണം തോന്നുക കൗമാരകാലത്താണ്. സ്ത്രീപുരുഷ ഹോര്‍മോണുകളുടെ ഉത്പാദനവും പ്രവര്‍ത്തനവും, ലൈംഗികവളര്‍ച്ചയും വേഗത്തിലാകുന്ന കൗമാരകാലത്ത് അവരുടെ വികാരങ്ങള്‍ അവര്‍ക്ക് യഥാര്‍ത്ഥവും പ്രധാനപ്പെട്ടതുമാണെന്ന കാര്യം മാതാപിതാക്കള്‍ തിരിച്ചറിയാതെ ഇടപെടുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനേ ഇടയാക്കൂ.
പണ്ടത്തെ പ്രണയരീതികളല്ല ഇന്നത്തേത്. പ്രണയിക്കാനും കൂട്ടുകൂടാനും സഹായിയായി പ്രണേതാക്കള്‍ മൊബൈല്‍ ഫോണും, വാട്‌സ് ആപ്പും, ഫേസ്ബുക്കുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഇതിനാല്‍ പ്രണയത്തിലൂടെ ഉണ്ടാകുന്ന അതിരുവിട്ട പെരുമാറ്റങ്ങളെയും അപകടസാധ്യതകളെയും കണ്ടെത്താന്‍ താമസിക്കുന്നു. ഇത് പ്രണയത്തിന്റെ പവിത്രതയേക്കാള്‍ ലൈംഗികതയുടെ വികൃതമുഖങ്ങളായിട്ടാണ് അറിയാന്‍ കഴിയുന്നത്. പെണ്‍കുട്ടികളോട് പ്രണയം നടിച്ച് അവരെ പീഡിപ്പിക്കുകയോ, വില്‍ക്കുകയോ ചെയ്യുന്ന കാമുകന്‍മാരുടെ എത്രയെത്ര കഥകളാണ് മാധ്യമങ്ങളിലൂടെ നാം കേട്ടുകൊണ്ടിരിക്കുന്നത്.
കൗമാരത്തിന്റെ അപക്വമായ രീതികൊണ്ട് സൗഹൃദങ്ങള്‍വരെ ചിലപ്പോള്‍ കടുത്ത പ്രണയത്തിന്റെ വക്കില്‍ എത്തുകയാണ്. അത് ചിലപ്പോള്‍ 'വണ്‍വേ' ആയാലോ! അടുത്തകാലത്തെ സംഭവങ്ങള്‍ ഓര്‍ത്താല്‍ മതിയാകും. കാമുകന്‍ കാമുകിയോട് കാട്ടുന്ന പ്രതികാരാഗ്നി ഒരാളുടെയോ, രണ്ടുപേരുടേയോ മരണത്തിലേക്കാണ് ചെന്നവസാനിക്കുന്നത്. രക്ഷാകര്‍ത്താക്കള്‍, അദ്ധ്യാപകര്‍ എന്നിവരുടെകൂടെയാണ് കൗമാരക്കാരുടെ വാസം കൂടുതലും. അതിനാല്‍ ഇവര്‍ക്കാണാദ്യം കുട്ടികളെ മനസ്സിലാക്കാന്‍ കഴിയുന്നത്.
പ്രണയം ഒരു മാനസിക പ്രതിഭാസമാണ്. പ്രത്യേകിച്ചും കൗമാരക്കാരുടെയിടയില്‍ പ്രണയിക്കാനുള്ള യഥാര്‍ത്ഥ കഴിവ് ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്കാണെങ്കിലും അവര്‍ക്ക് ലൈംഗികതയുടെ ബോധത്തെക്കുറിച്ച് അറിവ് കുറവായിരിക്കും. വിശ്വസിച്ചുപോയവനെ ഉപേക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കെത്തും. പെണ്‍കുട്ടിക്ക് പ്രണയം ഒരു വിശ്വാസവും മതവുമാണെന്നാണ് പറയുന്നത്. ആണ്‍കുട്ടിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള ഒരു ഉപാധിയെന്നതാകാം പ്രണയം. പ്രണയത്തില്‍പ്പെട്ട ഏത് സ്ത്രീയും ഒരുതരം ചിത്തഭ്രമം പിടിപെട്ടവളെപോലെയാണ്. പ്രണയം എന്നത് ശാരീരികമല്ലെന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് കാമവികാരത്തിനടിമപ്പെട്ട് ഭാവിയെ നശിപ്പിക്കാന്‍ ഇടയാക്കുന്നത്. ഇക്കാര്യത്തില്‍ കൗമാരക്കാരണധികവും എന്നത് മുതിര്‍ന്നവര്‍ പ്രത്യേകിച്ചും രക്ഷാകര്‍ത്താക്കള്‍ അവരുടെ മക്കളുടെ കാര്യത്തിലെങ്കിലും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയണം.
കൗമാരത്തെ വിമര്‍ശിക്കുകയോ വിധേയരാക്കുകയോ ചെയ്യുന്ന രീതി മാറണം. കൗമാരക്കാര്‍ അവരുടെ സമപ്രായക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. സ്വന്തം മക്കളായ കൗമാരക്കാര്‍ക്ക് അവരുടെ വ്യക്തിത്വം അനുവദിച്ചു കൊടുത്തുകൊണ്ടുള്ള ഇടപെടലുകളെ ആകാവൂ.
മക്കളുടെ പ്രണയത്തേയോ, നൈരാശ്യത്തെയോ കളിയാക്കുകയോ, തമാശയാക്കുകയോ ചെയ്യാന്‍ പാടില്ല. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ അമിതോപയോഗം കണ്ടെത്തി തുടക്കത്തില്‍തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. പഠന താല്പര്യം കുറയുകയോ, നിരാശ, അമിതദേഷ്യം എന്നിവ കാണിക്കുകയോ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മക്കള്‍ അറിയാതെ അവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുകയും പ്രണയിക്കുന്നവരെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക. വെറും സൗഹൃദങ്ങള്‍വരെ പ്രണയമാകും. ചിലപ്പോള്‍ ഇത് ഒരുഭാഗത്ത് മാത്രം ഉണ്ടാകുകയാണെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കഠിനമാകാം. ഇതൊക്കെ തിരിച്ചറിഞ്ഞ് പക്വമായി പ്രശ്‌നങ്ങളില്‍ ഇടപെടുക യാണെങ്കില്‍ തീര്‍ച്ചയായും പ്രണയം ഒരു പരിധിവരെയെങ്കിലും ദുരന്തമാകാതിരി ക്കാന്‍ ഇടയാകും.
ഒന്ന് ഓര്‍ക്കുക പ്രണയം ശരിക്കും ഒരുന്‍മാദംതന്നെയാണ്. അതിലൂടെ മനസ്സിനാണ് മുറിവേല്‍ക്കുക. ഇത് ചിലപ്പോള്‍ ജീവനുതന്നെ ഭീഷണിയാകാം. അടുത്തകാലത്ത് കൗമാരപ്രായക്കാരുടെ ഇടയില്‍ നിന്നും കേള്‍ക്കുന്നവാര്‍ത്തകള്‍ ഭയാനകംതന്നെയാണ്. നാടിനും രാജ്യത്തിനും യുവാക്കളുടെ സേവനം അത്യന്താപേക്ഷിതമാകയാല്‍ പ്രണയം ജീവന്റെ നഷ്ടത്തിന് ഇടയാക്കാതിരിക്കട്ടെ. പ്രണയം ശരിക്കും ഒരുരോഗമല്ല. ചിലപ്പോള്‍ മനസ്സിനുണ്ടാകാന്‍ സാധ്യതയുള്ള ഒരു രോഗലക്ഷണമാണ്. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ മനസ്സും ശരീരവും രോഗമില്ലാത്ത അവസ്ഥയില്‍ ജീവിക്കാന്‍ കഴിയും.