കൊച്ചി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ കാന്‍സര്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ശ്രദ്ധ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കുമെന്നു ഇന്നസെന്റ് എംപി അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ എംപിയുടെ പ്രാദേശിക വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ അഞ്ചു താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടമായി മാമോഗ്രഫി യൂണിറ്റുകളായിരിക്കും സ്ഥാപിക്കുക. സമൂഹത്തില്‍ സാമ്പത്തിക ശേഷി കുറഞ്ഞ അനവധി ആളുകള്‍ കാന്‍സര്‍ ചികിത്‌സയ്ക്കായി വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. മൂന്നിലൊരു സ്ത്രീക്ക് സ്തനാര്‍ബുദം വരുന്ന സ്ഥിതിയാണിപ്പോള്‍. സാമ്പത്തികശേഷി ഉള്ളവര്‍ക്ക് ഇതു മുന്‍കൂട്ടി കണ്ടെത്തുന്നതിനായി പരിശോധനകള്‍ നടത്താന്‍ കഴിയും. എന്നാല്‍ പട്ടിണിപ്പാവങ്ങള്‍ക്ക് അതിനു കഴിയുന്നില്ല. ഈ സ്ഥിതിയ്ക്ക് ഒരു ചെറിയ പരിഹാരമെന്ന നിലയിലാണു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.
ഇനി നമ്മള്‍ ആരോഗ്യരംഗത്താണു കൂടുതല്‍ പണം ചെലവഴിക്കേണ്ടത്. കാരണം ആരോഗ്യമുണ്ടെങ്കിലേ നാടിനു വികസനം ആവിഷ്‌കരിക്കാനും അതു നടപ്പിലാക്കാനും കഴിയൂ. കാന്‍സറും വൃക്കരോഗവും അനുദിനം വര്‍ധിച്ചുവരുകയാണ്. ഈ രോഗങ്ങളുടെ ചികിത്‌സ വളരെ ചെലവേറിയതാണ്. ഇടത്തരക്കാര്‍ക്കു പോലും ചികിത്സാചെലവ് താങ്ങാനാവുന്നില്ല. അപ്പോള്‍ പിന്നെ പാവപ്പെട്ടവരുടെ കാര്യം പറയേണ്ടതിതില്ല. അവരെ പരമാവധി സഹായിക്കുക എംപിയെന്ന നിലയില്‍ തന്റെ വലിയ ഉത്തരവാദിത്വങ്ങളിലൊന്നാണ്.
പദ്ധതികള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഉദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. ആലുവ, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രികളില്‍ മാമോഗ്രഫി യൂണിറ്റുകള്‍ക്കായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. താമസിയാതെ അങ്കമാലി താലൂക്ക് ആശുപത്രിയിലും ഇതു നടപ്പിലാക്കും. മൊത്തം മൂന്നു കോടി രൂപയാണ് ശ്രദ്ധ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത് എന്നും ഇന്നസെന്റ് അറിയിച്ചു.
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറി സാലി ജോസഫ്, എംപിയുടെ പ്രസ് സെക്രട്ടറി ബി. സേതുരാജ് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.