HEALTH25/03/2020

മാസ്‌ക് എല്ലാവരും ധരിക്കേണ്ടതില്ല; കൃത്യമായി ഡിസ്‌പോസ് ചെയ്യാത്തത് ഏറ്റവും വലിയ അപകടം

ഡോക്ടര്‍ ഓണ്‍ ഫേസ്ബുക്ക് ലൈവില്‍ സംശയങ്ങളുടെ പ്രവാഹം
ayyo news service
എറണാകുളം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാര്‍ നേരിട്ട് മറുപടി നല്‍കുന്ന ഡോക്ടര്‍ ഓണ്‍ ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ അടിയന്തിര ഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ നിന്നുമാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. പൊതുജനാരോഗ്യ വിദഗ്ധനും ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റുമായ ഡോ. പി. എസ്. രാകേഷാണ് ആദ്യ ദിവസം ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയത്. കണ്‍ട്രോള്‍ റൂമില്‍ ഏറ്റവുമധികം പേര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും ഫേസ് ബുക്കിലെ കമന്റ് ബോക്‌സില്‍ വന്ന സംശയങ്ങള്‍ക്കും ഡോക്ടര്‍ മറുപടി നല്‍കി. ജില്ലാ കളക്ടറുടെയും എറണാകും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ ഡോക്ടര്‍ ഓണ്‍ ലൈവ് കാണാം.

ഉയര്‍ന്ന ശരീര ഊഷ്മാവ് കണ്ടുപിടിക്കുന്ന തെര്‍മല്‍ സ്‌കാനറില്‍ നെഗറ്റീവ് ഫലമാണെങ്കില്‍ കൊറോണയില്ലെന്ന് അര്‍ഥമുണ്ടോ എന്ന് നിരവധി പേര്‍ സംശയമുന്നയിച്ചു. എന്നാല്‍ സ്‌കാനറില്‍ പനിയുണ്ടോയെന്ന് കണ്ടെത്താനാകുമെന്ന് ഡോക്ടര്‍ മറുപടി നല്‍കി. പക്ഷേ പനിയില്ലെങ്കില്‍ കൊറോണയില്ലെന്ന് അര്‍ഥമില്ല. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും രോഗലക്ഷണങ്ങള്‍ കാണാം. താപനില അറിയാനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ് തെര്‍മല്‍ സ്‌കാനര്‍.

പ്രായമായവര്‍ക്കല്ലേ രോഗ സാധ്യതയുള്ളു?

രോഗം വരാനുള്ള സാധ്യത എല്ലാ പ്രായക്കാര്‍ക്കുമുണ്ട്. രോഗം ഗുരുതരമാകാനുള്ള സാധ്യത പ്രായമേറിയവരിലാണ്. അതുപോലെ ഗുരുതരമായ കരള്‍, വൃക്ക രോഗങ്ങളുള്ളവര്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യതയും ഏറെയാണ്. എന്നാല്‍ അതു കൊണ്ട് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ക്കും പ്രായം കുറഞ്ഞവര്‍ക്കം രോഗം വരില്ലെന്ന് അര്‍ഥമില്ല.

മാസ്‌ക് എല്ലാവരും ധരിക്കണോ?

പൊതുജനങ്ങളെല്ലാം മാസ്‌ക് ധരിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ചുമയോ തുമ്മലോ മറ്റു ശ്വാസകോശ രോഗങ്ങളോ ഉണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം. നിങ്ങളില്‍ നിന്നുള്ള രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനാണിത്. ചുമയോ തുമ്മലോ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് വരുന്ന രോഗാണുക്കള്‍ മാസ്‌ക് ഉണ്ടെങ്കില്‍ മറ്റുള്ളവരിലേക്ക് പകരില്ല. മാസ്‌ക് കിട്ടിയില്ലെങ്കില്‍ തൂവാലയോ ഷാളോ ഉപയോഗിക്കാം. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ അടുത്തു പരിചരിക്കുന്നവരും മാസ്‌ക് ധരിക്കണം. ആരോഗ്യവാനായ വ്യക്തി മാസ്‌ക് ധരിക്കേണ്ടതില്ല. മാസ്‌ക് ശാസ്ത്രീയമായി ധരിക്കേണ്ടതാണ്. കൈകള്‍ വൃത്തിയായി കഴുകിയ ശേഷം മൂക്കും വായും മൂടത്തക്ക രീതിയിലാണ് മാസ്‌ക് ധരിക്കേണ്ടത്. ആവശ്യം വരുമ്പോള്‍ മാസ്‌ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് അപകടകരമാണ്. മാസ്‌കിന്റെ പുറം ഭാഗത്ത് തൊടരുത്. മാസ്‌ക് ധരിച്ചാല്‍ കുഴപ്പമുണ്ടാകില്ല എന്നത് തെറ്റിദ്ധാരണയാണ്. ഏറ്റവും വലിയ അപകടം മാസ്‌ക് കൃത്യമായി ഡിസ്‌പോസ് ചെയ്യുന്നില്ലെന്നതാണ് . പോകുന്ന വഴിയില്‍ കളയുകയാണ് പലരും. പൊതുജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍?

നോട്ടുകളില്‍ നിന്ന് വൈറസ് പകരാന്‍ നേരിയ സാധ്യത മാത്രമാണുള്ളത്. നോട്ടുകള്‍ വാങ്ങിയ ശേഷം കൈകള്‍ വൃത്തിയാക്കി വൈറസ് ബാധയുടെ കണ്ണി മുറിക്കാം. അനാവശ്യ ഭീതി ഒഴിവാക്കാം.

അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുക, അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക, രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെടുക  ഈ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് പരമാവധി ബോധവത്കരണം നല്‍കി ഭീതി ഒഴിവാക്കാനും കൃത്യമായ വിവരങ്ങള്‍ അവരിലെത്തിക്കാനുമാണ് ഇത്തരമൊരു പരിപാടി ആരംഭിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ഡോക്ടര്‍ ഓണ്‍ ലൈവ് പതിവായി കൃത്യ സമയത്ത് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേ ലി എന്നിവരും പങ്കെടുത്തു
Views: 1155
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024