കൊനാക്രി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ വീണ്ടും മാരകമായ എബോള വൈറസ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തു. ഗിനിയയെ എബോള വിമുക്ത രാജ്യമായി കഴിഞ്ഞ ജനുവരിയില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് വീണ്ടും വൈറസ് ബാധിച്ചുള്ള മരണം. എബോള ബാധിച്ച രണ്ടുപേരാണു മരിച്ചത്. ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചു.
നസെരെകോരയിലെ തെക്കന്‍ മേഖലയിലുള്ള കോറോക്പാറ സ്വദേശികളാണു മരിച്ചത്. ഇവരുടെ ടെസ്റ്റ് സാമ്പിള്‍ പരിശോധിച്ചപ്പോള്‍ എബോള വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേ നാട്ടുകാരായ മൂന്നു പേര്‍ക്ക് എബോള ബാധയുള്ളതായി സംശയിക്കുന്നതായും ഗിനിയ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.