തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ലേണേഴ്‌സ് ലൈസന്‍സ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇനി ഫീസ് കണ്‍വേര്‍ഷന്‍ എന്ന നടപടിക്രമത്തിനായി ഇനിമുതല്‍ ഇടനിലക്കാരുടെ സഹായം തേടുകയോ ഓഫീസുകളില്‍ നേരിട്ടു പോകുകയോ വേണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആയ ഇട്രാന്‍സ്‌പോര്‍ട്ടും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ ഉപയോഗിക്കുന്ന ക്ലയന്റ് സര്‍വര്‍ മോഡല്‍ ആയ സ്മാര്‍ട്ട് മൂവും തമ്മില്‍ ബന്ധിപ്പിച്ചാണ് സംവിധാനം ഒരുക്കിയിട്ടുളളത്. ഓണ്‍ലൈനായി അടയ്ക്കുന്ന ഫീസുകള്‍ സ്വയമേ സ്മാര്‍ട്ട് മൂവിലെ ഇന്‍വേഡ് നമ്പര്‍ ആയി കണ്‍വെര്‍ട്ട് ചെയ്യുന്ന രീതിയാണ് നിലവില്‍ വന്നത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ എല്ലാ ഓഫീസുകളിലും വകുപ്പ് നല്‍കിയിട്ടുണ്ട്. നികുതി അടച്ചതിന്റെ രസീത് (ടാക്‌സ് ടോക്കണ്‍) ആര്‍.സി. യോടൊപ്പം രജിസ്റ്റേര്‍ഡ് ഉടമയ്ക്ക് അയച്ചു നല്‍കുമെന്നും കമ്മീഷണര്‍ അറിയിച്ചു.