തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്റെ ഒരുവാരം നീണ്ട നിറക്കാഴ്ചകൾക്ക് വർണവൈവിധ്യങ്ങളുടെ ഒഴുകുന്ന കൗതുകങ്ങളൊരുക്കിയ ഘോഷയാത്രയോടെ കൊട്ടിക്കലാശം. ഒരാഴ്ചയായി നിറഞ്ഞെത്തിയ ജനസഞ്ചയത്തിനാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. ആഘോഷരാവുകളുടെ അവസാനദിനത്തിൽ ഇന്നലെ പാതക്കിരുവശങ്ങളിലും കൊട്ടിക്കലാശത്തിനായി ക്ഷമയോടെ ജനങ്ങൾ കാത്തിരുന്നു. കുരുന്നുകൾ മുതൽ വൃദ്ധജനങ്ങൾ വരെ വർണ്ണാഭമായ ഘോഷയാത്രയുടെ വരവിനായി മണിക്കൂറുകളോളം റോഡരികിൽ...പെയ്യാനൊരുങ്ങിനിന്ന മഴമേഘങ്ങൾപോലും ആഘോഷരാവിനായി വഴിമാറി.
വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ മാനവീയം വീഥിയിൽ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്്തതോടെയാണ് വർണക്കാഴ്ചകൾക്ക് തുടക്കമായത്.
വിവിധ റോളർ സ്‌കേറ്റിംഗ് അക്കാദമികളിലെ കുട്ടികളുടെ പ്രകടനമായിരുന്നു ഘോഷയാത്രയിൽ ആദ്യം. തൊട്ടുപിന്നിലായി വനിതകളുടെ ശിങ്കാരിമേളം, അശ്വാരൂഢ സേന, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട, നാടൻ കലാരൂപങ്ങളായ തെയ്യം, കഥകളി, പടയണി, പുലികളി തുടങ്ങിയവയും അണിനിരന്നു. ടൂറിസം വകുപ്പിന്റെ ജഡായുപാറ നാഷണൽ പാർക്കിന്റെ ആവിഷ്‌കാരമാണ് ഫ്‌ളോട്ട് വിഭാഗത്തിൽ ആദ്യമെത്തിയത്. തുടർന്ന് വിവിധ സർക്കാർ- സർക്കാരേതര വകുപ്പുകളുടെ ഫ്‌ളോട്ടുകളും ഘോഷയാത്രയെ സമ്പന്നമാക്കി.
ഏഴ് ദിവസങ്ങളിലായി മുപ്പതോളം വേദികളിൽ നിരവധി നാടൻ കലാരൂപങ്ങൾ, ആയോധന കല, ശാസ്ത്രീയ നൃത്തങ്ങൾ, നാടകം, സാഹിത്യചർച്ചകൾ, കഥാപ്രസംഗം, ഗാനമേള, മെഗാഷോ തുടങ്ങിയവയും ഓണരാവുകളെ ധന്യമാക്കി.
പ്രധാന വേദിയായ നിശാഗന്ധിയിൽ ചലച്ചിത്രതാരം ശോഭനയുടെ നൃത്തവും പിന്നണിഗായിക മഞ്ജരിയുടെ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറി. സെൻട്രൽ സ്റ്റേഡിയത്തിൽ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ മെഗാഷോ നടന്നപ്പോൾ പൂജപ്പുര മൈതാനിയിൽ ജാസി ഗിഫറ്റും സംഘവും അവതരിപ്പിച്ച ഗാനമേള ജനങ്ങളെ ഉത്സവ ലഹരിയിലാഴ്ത്തി. കൂടാതെ, സൂര്യകാന്തി, പബ്‌ളിക് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലും ഗാനമേള അരങ്ങേറി. ഗാന്ധിപാർക്ക്, പേരൂർക്കട ബാപ്പുജി ലൈബ്രറി, നെയ്യാറ്റിൻകര മുനിസിപ്പൽ ഗ്രൗണ്ട്, ശ്രീചിത്തിര തിരുനാൾ പാർക്ക് എന്നിവിടങ്ങളിലും കഥാപ്രസംഗം നടന്നു.