ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങള്‍ ഒഴിച്ചിട്ടു 83 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട്, കല്യാശേരി, പയ്യന്നൂര്‍ എന്നീ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ പിന്നീടു പ്രഖ്യാപിക്കും. ഒന്‍പത് വനിതകളും പട്ടികയില്‍ ഇടം നേടി.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കെ.സി. ജോസഫ് (ഇരിക്കൂര്‍), കെ. ബാബു (തൃപ്പൂണിത്തുറ), അടൂര്‍ പ്രകാശ് (കോന്നി) ഡൊമിനിക് പ്രസന്റേഷന് (കൊച്ചി) എന്നിവരെ മത്സരിപ്പിക്കാനും ഹൈക്കമാന്‍ഡ് അനുമതി നല്കി. എന്നാല്‍, ഇവര്‍ക്കൊപ്പം മത്സരിപ്പിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്ന ബെന്നി ബഹനാന് പകരം തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ പേരാണ് ദേശീയ നേതൃത്വം ഉള്‍പ്പെടുത്തിയത്.
ബെന്നി ബഹനാനു പകരം പി.ടി. തോമസിന്റെ പേര് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നു സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറുകയാണെന്നു ബെന്നി ബഹനാന് മാധ്യമങ്ങളെ അറിയിച്ചു.