ന്യൂഡല്‍ഹി: വിരമിച്ച സൈനികരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് പദ്ധതിയും അതിലെ നിബന്ധനകളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2013 നെ അടിസ്ഥാനവര്‍ഷമായി കണക്കാക്കിയാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. ഈ ഒരു വര്‍ഷത്തെ കുടിശിക നാല് തവണകളായി നല്‍കും. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്ക് കുടിശിക ഒറ്റത്തവണയായി നല്‍കും. മറ്റുള്ളവരുടെ കുടിശിക വര്‍ഷത്തില്‍ രണ്ട് തവണ എന്ന നിലയില്‍ രണ്ട് വര്‍ഷം കൊണ്ട് കൊടുത്തു തീര്‍ക്കും.അഞ്ച് വര്‍ഷത്തില്‍ ഒരിക്കലായിരിക്കും പെന്‍ഷന്‍ പരിഷ്‌കരിക്കുക. പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ ഏകാംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു.
പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിന് പ്രതിവര്‍ഷം അധികചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. 30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
സ്വയം വിരമിച്ചവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം, പെന്‍ഷന്‍ പരിഷ്‌കരണം രണ്ട് വര്‍ഷത്തില്‍ ഒരിക്കലാക്കണം, അഞ്ച് അംഗ കമ്മീഷനെ വയ്ക്കണം എന്നീ സമരക്കാരുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ തള്ളിയത്.