കാസര്‍കോട്:വ്യത്യസ്ത സംഭവങ്ങളില്‍ സംസ്ഥാനത്ത് രണ്ടുപേര്‍ വേട്ടേറ്റു മരിച്ചു. കാസര്‍കോട് കോടോംബേളൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.നാരായണനും തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനായ വാസുപുരം സ്വദേശി അഭിലാഷുമാണ് മരിച്ചത്. രണ്ടു സംഭവങ്ങളും ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു
കാസര്‍കോട് ജില്ലയില്‍ നടന്ന അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്നാരോപിച്ച് ജില്ലയില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതേസമയം, അഭിലാഷിന്റെ മരണത്തിന് പിന്നില്‍ സിപിഎം ആണെന്നാരോപിച്ച് പുതുക്കാട് മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നാരായണനോടൊപ്പമുണ്ടായിരുന്ന സഹോദരന്‍ സി. അരവിന്ദനെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ കോടോംബേളൂരില്‍വച്ചാണ് ഇരുവര്‍ക്കും കുത്തേറ്റത്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍വച്ചാണ് ബിജെപി പ്രവര്‍ത്തകനായ അഭിലാഷിന് വെട്ടേറ്റത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സതീശ് പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രദേശത്ത് പഞ്ചായത്ത് കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് രണ്ടാഴ്ചയായി തര്‍ക്കവും സംഘര്‍ഷവും നിലനിന്നിരുന്നു.